തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ബില്ലിനെ പിന്തുണക്കമെന്ന ആവശ്യപ്പെട്ട കത്തോലിക്കാ സഭയുടെ മെത്രാന്‍ സമിതി(കെസിബിസി)യുടെ നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്സ്. തങ്ങളെ നേരിട്ട് ബാധിക്കാത്ത വഖഫ് ബില്‍ നടപ്പാക്കണം എന്ന് ആവശ്യപ്പെടുന്നവര്‍, എന്തുകൊണ്ടാണ് അത്തരം നിയമങ്ങള്‍ തങ്ങള്‍ക്കും ബാധകമാക്കണം എന്ന് ആവശ്യപ്പെടാത്തതെന്ന് താര ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ടോജോ കെസിബിസിക്കെതിരെ രംഗത്തുവന്നത്.

ഇത്ര കിടന്നു തിളക്കുന്നവര്‍, അടുത്ത പാര്‍ലമെന്റ് സെഷനില്‍ തന്നെ ക്രിസ്ത്യന്‍ മതസ്ഥാപനങ്ങളുടെ നിയന്ത്രണവും സംരക്ഷണവും ഉറപ്പുവരുത്തുന്ന 'ചര്‍ച്ച് ബില്‍' നടപ്പിലാക്കണം എന്ന് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും ഫെയ്സ്ബുക് കുറിപ്പില്‍ ചോദിച്ചു. യേശു ക്രിസ്തു ഇന്ന് നമുക്കിടയില്‍ ജീവിച്ചിരുന്നെങ്കില്‍, പണ്ട് ദേവാലയം കച്ചവട സ്ഥലം ആക്കിയവരെ ചാട്ടവാര്‍ എടുത്ത് അടിച്ചു ഓടിച്ചത് പോലെ നിശ്ചയമായും ഈ പുരോഹിത വര്‍ഗ്ഗത്തോട്.. (യേശുവിന്റെ വചനപ്രകാരം..ഈ വെള്ളയടിച്ച കുഴിമാടങ്ങളോട്..) 'നിന്റെ കണ്ണിലെ കോലെടുത്ത് മാറ്റിയതിനുശേഷം മതി അന്യന്റെ കണ്ണിലെ കരട് എടുത്ത് മാറ്റല്‍' എന്ന് തീര്‍ച്ചയായും പറഞ്ഞേനെ എന്നും താര അഭിപ്രായപ്പെട്ടു.

പിന്നെ, തങ്ങളെ നേരിട്ട് യാതൊരുവിധത്തിലും ബാധിക്കുകയില്ലാത്ത വഖഫ് ബില്‍ നടപ്പിലാക്കണം എന്ന് ആവശ്യപ്പെടുന്നവര്‍, എന്തുകൊണ്ടാണ് മറ്റു മതവിഭാഗങ്ങളുടെ മതസ്ഥാപനങ്ങളുടെ സ്വത്തുക്കളുടെ നിയന്ത്രണവും സംരക്ഷണവും സര്‍ക്കാരിനാല്‍ ഉറപ്പുവരുത്തുന്ന നിയമങ്ങള്‍ തങ്ങള്‍ക്കും ബാധകമാക്കണം എന്ന് ആവശ്യപ്പെടാത്തത്, താര ടോജോ കുറിച്ചു.

താര ടോജോ അലക്‌സിന്റെ കുറിപ്പ് ഇങ്ങനെ:

ക്രിസ്ത്യാനികള്‍ക്ക് ഇത് നോമ്പുകാലമാണ് ... പ്രാര്‍ത്ഥനയുടെയും അനുതാപത്തിന്റെയും കാലം... ഇക്കാലത്ത് തന്നെ കേരളത്തിലെ കത്തോലിക്കാ സഭയുടെ മെത്രാന്‍ സമിതി - കെസിബിസി, ബിജെപി/സംഘപരിവാര്‍ കൊണ്ടുവരുന്ന വഖഫ് അമെന്‍ഡ്‌മെന്റ് ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കണമെന്ന് കോണ്‍ഗ്രസ് എംപിമാരോട് തീട്ടൂരം ഇറക്കിയിരിക്കുകയാണ്.

വഖഫ് അമെന്‍ഡ്‌മെന്റ ബില്ലിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇന്നലെ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പോലും ലഭിച്ചത്. ബില്ലിലെ വ്യവസ്ഥകള്‍ എന്തെന്ന് തങ്ങള്‍ക്ക് ഇതുവരെ അറിയില്ല എന്നും അറിഞ്ഞു കഴിയുമ്പോള്‍ ഇന്‍ഡ്യ സഖ്യം പ്രതികരിക്കും എന്നുമായിരുന്നു രണ്ടുദിവസം മുന്‍പ് ഫ്രാന്‍സിസ് ജോര്‍ജ് എംപി പോലും പറഞ്ഞത്. അപ്പോള്‍ പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കുന്നതിനും നാളുകള്‍ക്കു മുമ്പ് കെ.സി.ബി.സിക്ക് ഇതിന്റെ ഒരു പകര്‍പ്പ് പഠിക്കാന്‍ കൊടുത്തിട്ടുണ്ടായിരുന്നോ? അല്ലെങ്കില്‍ എങ്ങനെയാണ് ഇവര്‍ എത്ര നേരത്തെ തന്നെ ഇങ്ങനെ ഒരു ബില്ലിനെ അനുകൂലിച്ചിരിക്കണം എന്ന് ഇത്ര ഷാര്‍പ്പായി പറയുന്നതിന് കാരണം?

അതോ സംഘപരിവാര്‍ ഒരു ബില്ല് കൊണ്ടുവരും.. അതിനെ ഞങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ തന്നെ അനുകൂലിക്കുന്നു എന്നുള്ളതാണോ കെ.സി.ബി.സിയുടെ നിലപാട്? സംഘപരിവാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുന്ന പ്രസ്തുത ബില്ല് നാളിതുവരെ പ്രതിപക്ഷത്തിന് ചര്‍ച്ചക്ക് മുന്‍പായി പഠിക്കുന്നതിന് നല്‍കുകയോ, എന്തിന് ബിജെപിയുടെ തന്നെ എംപിമാരോ മന്ത്രിമാരോ പോലും കണ്ടിട്ടുള്ളതല്ല. അപ്പോള്‍ പ്രസ്തുത ബില്ലിന്റെ ഉള്ളടക്കം കേരളത്തിലെ മെത്രാന്‍ സമിതിക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അതീവ ഗുരുതരമായ നടപടിക്രമങ്ങളുടെ ലംഘനം കൂടിയാണ്.

പിന്നെ, തങ്ങളെ നേരിട്ട് യാതൊരുവിധത്തിലും ബാധിക്കുകയില്ലാത്ത വഖഫ് ബില്ല് അമന്റ്‌റ്‌മെന്റ് നടപ്പിലാക്കണം എന്ന് ആവശ്യപ്പെടുന്നവര്‍, എന്തുകൊണ്ടാണ് മറ്റു മതവിഭാഗങ്ങളുടെ മതസ്ഥാപനങ്ങളുടെ സ്വത്തുക്കളുടെ നിയന്ത്രണവും സംരക്ഷണവും സര്‍ക്കാരിനാല്‍ ഉറപ്പുവരുത്തുന്ന നിയമങ്ങള്‍ തങ്ങള്‍ക്കും ബാധകമാക്കണം എന്ന് ആവശ്യപ്പെടാത്തത്?

ഇത്ര കിടന്നു തിളക്കുന്നവര്‍, അടുത്ത പാര്‍ലമെന്റ് സെഷനില്‍ തന്നെ ക്രിസ്ത്യന്‍ മതസ്ഥാപനങ്ങളുടെ നിയന്ത്രണവും സംരക്ഷണവും ഉറപ്പുവരുത്തുന്ന 'ചര്‍ച്ച് ബില്‍' നടപ്പിലാക്കണം എന്ന് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണ്?! ഇന്ത്യാ രാജ്യത്ത് ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ വഖഫ് നിയമങ്ങളും മറ്റ് മതവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള നിയമങ്ങളും നിലവിലുണ്ടായിരുന്നു.

രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം, വിവിധ മതവിഭാഗങ്ങള്‍ക്കായി ഇത്തരം നിയമനിര്‍മ്മാണങ്ങള്‍ നടപ്പിലാക്കുന്നതിന് ചില വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നു. നാട്ടുരാജ്യങ്ങളുടെ കൂട്ടമായിരുന്ന കാലത്ത്, ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണങ്ങള്‍ വിവിധ നാട്ടുരാജാക്കന്മാരാലും, മുസ്‌ലിം വിഭാഗങ്ങളുടേതും ഇതുപോലെയൊക്കെയുള്ള മേല്‍നോട്ടങ്ങളിലും ആയിരുന്നു. തുടര്‍ന്ന് സ്വാതന്ത്ര്യത്തിനു ശേഷം രാജ്യമൊട്ടാകെയുള്ള വിവിധ ആരാധനാലയങ്ങള്‍, അവയുടെ സ്വത്തുക്കള്‍ എന്നിവയൊക്കെ അന്യാധീനപ്പെട്ടു പോകാതിരിക്കുന്നതിന് വേണ്ടിയാണ് ഗവണ്‍മെന്റ് പ്രസ്തുത നിയമങ്ങള്‍ നടപ്പിലാക്കിയത്.

ഹിന്ദുക്കള്‍, മുസ്‌ലിംകള്‍, സിക്കുകാര്‍, ജൈനമതക്കാര്‍ എന്നിവര്‍ക്കെല്ലാം തന്നെ വേണ്ടി വ്യത്യസ്ത നിയമനിര്‍മാണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍, അക്കാലം മുതല്‍ക്ക് തന്നെ റോമിന്റെ കീഴിലായിരുന്നതിനാല്‍ ഇന്ത്യയിലെ തങ്ങളുടെ ആരാധനാലയങ്ങളുടെയും സ്വത്തുക്കളുടെയും നിയന്ത്രണവും സംരക്ഷണവും തങ്ങള്‍ തന്നെ നോക്കി നടത്തി കൊള്ളാം എന്ന് അന്നത്തെ ഇന്ത്യ സര്‍ക്കാരിനോട് മെത്രാന്മാരുടെ സമിതി അപേക്ഷിച്ചതിന്റെ ഫലമായിട്ടാണ് ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രത്യേകമായ ഒരു ബോര്‍ഡ് രൂപവത്കരിക്കാത്തതിരുന്നതും, തൊഴില്‍ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കുള്ള സംവരണം വേണ്ട എന്ന് വെച്ചതും.

യഥാര്‍ത്ഥത്തില്‍ ഇന്ന് ഇന്ത്യാ രാജ്യത്തെ ക്രൈസ്തവ വിഭാഗത്തിന്റെ മാത്രം മതസ്ഥാപനങ്ങളിലും സ്വത്തുക്കള്‍ക്കും മേല്‍, ഇന്ത്യ ഗവണ്‍മെന്റിനോ വിവിധ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കോ നേരിട്ടുള്ള യാതൊരു നിയന്ത്രണങ്ങളും ഇല്ല. നേരെമറിച്ച് വഖഫ് ബോര്‍ഡുകള്‍, ദേവസ്വം ബോര്‍ഡ് / ട്രസ്റ്റുകള്‍ എന്നിവ വഴി, ആരാധനാലയങ്ങളുടെയും മതസ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും മേല്‍ അതത് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കാണ് പരിപൂര്‍ണ്ണ നിയന്ത്രണം.

ഓരോ നിയമസഭകളിലും ഉള്ള ഹിന്ദു എം.എല്‍.എമാരുടെ ഭൂരിപക്ഷമാണ് ദേവസ്വം ബോര്‍ഡിലെ ഭരണ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. അതുപോലെതന്നെ വഖഫ് ബോര്‍ഡില്‍ മുസ്‌ലിം മത വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ക്ക് ആണ് തീരുമാനമെടുക്കാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്. അമന്‍ഡ്‌മെന്റ് ബില്ലില്‍ മുസ്‌ലിം നിയമസഭാംഗങ്ങള്‍ക്കുള്ള പ്രത്യേക അവകാശം എടുത്തു കളയും എന്നുള്ള ആശങ്കയാണ് ആ വിഭാഗത്തിനുള്ളത്. അത് പ്രകടിപ്പിക്കുന്നതിനുള്ള അവകാശം അവര്‍ക്കുണ്ട് താനും. ഇതില്‍ കേരള മെത്രാന്‍ സമിതിക്ക്, കെ.സി.ബി.സിക്ക് എന്ത് കാര്യം എന്നുള്ളതാണ് മനസ്സിലാകാത്തത് ...

ഭൂമിയില്‍ ഇന്നും നരകം തീര്‍ത്തു കൊണ്ടിരിക്കുന്ന യഹൂദന്മാരുടെ മുന്‍ തലമുറ, ക്രൂരമായി പീഡിപ്പിച്ച് കുരിശില്‍ തറച്ച് കൊലപ്പെടുത്തിയ യേശു ക്രിസ്തു ഇന്ന് നമുക്കിടയില്‍ ജീവിച്ചിരുന്നെങ്കില്‍, പണ്ട് ദേവാലയം കച്ചവട സ്ഥലം ആക്കിയവരെ ചാട്ടവാര്‍ എടുത്ത് അടിച്ചു ഓടിച്ചത് പോലെ നിശ്ചയമായും ഈ പുരോഹിത വര്‍ഗ്ഗത്തോട്.. (യേശുവിന്റെ വചനപ്രകാരം..ഈ വെള്ളയടിച്ച കുഴിമാടങ്ങളോട്..) 'നിന്റെ കണ്ണിലെ കോലെടുത്ത് മാറ്റിയതിനുശേഷം മതി അന്യന്റെ കണ്ണിലെ കരട് എടുത്ത് മാറ്റല്‍ മതി' എന്ന് തീര്‍ച്ചയായും പറഞ്ഞേനെ ...