- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യ വളര്‍ച്ച യൂറോപ്പ്യന്‍ രാജ്യങ്ങളേക്കാള്‍ പിന്നോട്ട്; വടക്കന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കുതിച്ചുയരുന്നു; ലോക്സഭാ മണ്ഡല പുനര്‍വിഭജനത്തില്‍ പണികിട്ടുമോ എന്ന ആശങ്ക ശക്തം; ആന്ധ്ര തുടങ്ങി വച്ച കൂടുതല്‍ മക്കളെന്ന പദ്ധതി മറ്റ് സംസ്ഥാനങ്ങളും ഏറ്റുപിടിക്കുമോ?
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യ വളര്‍ച്ച യൂറോപ്പ്യന്‍ രാജ്യങ്ങളേക്കാള്‍ പിന്നോട്ട്
ന്യൂഡല്‍ഹി: ലോകത്തെ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നിട്ട് കാലം കുറച്ചായി. യ.എന്‍ പോപ്പുലേഷന്‍ ഫണ്ട് എന്ന ഏജന്‍സി പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ മറികടന്നിരിക്കുന്നു. ചൈനയായിരുന്നു ഇതുവരെ ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്, ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. ഈ നില മറികടന്ന് 2024ല്‍ ഇന്ത്യയിലെ ജനസംഖ്യ 145 കോടിയും ചൈനയിലെ ജനസംഖ്യ 141 കോടിയുമാകുമാണെന്നാണ് യുഎന്‍ കണക്കുകള്‍.
2060 ആകുമ്പോള്‍ ഇന്ത്യന്‍ ജനസംഖ്യ 160 കോടിയില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, ഈ ജനസംഖ്യ വര്‍ധവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പങ്ക് കുറവായിരിക്കും എന്നാണ് ഡാറ്റകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ ജനസംഖ്യ മുന്നോട്ടു കുതിക്കുമ്പോഴും ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആശങ്കയിലാണ്. കാരണം ഇവിടങ്ങളില്‍ മറ്റ് ജനന നിരക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ കുറവാണ്.
കേരളവും തമിഴ്‌നാടും ആന്ധ്രയും കര്‍ണാടകവും തെലുങ്കാനയും അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ജനന നിരക്ക് യൂറോപ്യന്‍ രാജ്യങ്ങളുടേതിന് സമാനമായ അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ദക്ഷിണേന്ത്യക്കാര്ക്ക് ആശങ്കയും ശക്തമാണ്. ജനസംഖ്യയിലെ ഈ കുറവ് ലോക്‌സഭാ മണ്ഡല പുനര്‍വിഭജന വേളയില്‍ തങ്ങള്‍ക്ക് തന്നെ പണിയാകുമോ എന്നാണ് അവരുടെ ആശങ്ക. അതുകൊണ്ട് തന്നെ ഈ സംസ്ഥാനങ്ങള്‍ രണ്ട് കുട്ടി പോളിസി ഉപേക്ഷിച്ചു കൂടുതല്‍ കുട്ടികളെന്ന നയത്തിലേക്ക് കടക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ് ഈ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി രംഗത്തുവന്നത്. ജനന നിരക്ക് വര്‍ധിപ്പിക്കണമെന്ന അഭിപ്രായമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഇതേ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് രംഗത്തെത്തി. ഇതോടെ ജനസംഖ്യയുടെ പേരില്‍ തങ്ങള്‍ പിന്തള്ളപ്പെടരുത് എന്ന പൊതുവികാരം ശക്തമായിട്ടുണ്ട്. കേന്ദ്രമാനദണ്ഡങ്ങള്‍ അനുസരിച്ച് തങ്ങളെ അവഗണിക്കുന്നതിനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊതുവികാരം ശക്തമാകുകയാണ്.
2050-ഓടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനന നിരക്കില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇങ്ങനെ വന്നാല്‍ മണ്ഡല പുനനിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകും. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സമ്മര്‍ദ ശക്തി കുറയ്ക്കും. ജനനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആഹ്വാനവുമായി രണ്ട് മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയതിന്റെ കാരണവും ഇതാണ്. ജനസംഖ്യ വര്‍ധിപ്പിക്കണമെന്ന് പറഞ്ഞില്ലെങ്കിലും ലോക്‌സഭാ മണ്ഡല പുനര്‍വിഭജനത്തില്‍ ജനസംഖ്യയുടെ പേരില്‍ തഴയപ്പെടുരുത് എന്നാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെടുന്നത്.
രാജ്യത്തെ ജനന തിരക്ക് 1950ല്‍ ശരാശരി 5.7 ആയിരുന്നുവെങ്കില്‍ ഇപ്പോഴത് രണ്ടിലേക്ക് എത്തിയിട്ടുണ്ട്. 29 സംസ്ഥാനങ്ങളില്‍ 17 സംസ്ഥാനങ്ങളില്‍ ഒരു സ്ത്രീക്ക് രണ്ട് കു്ടികള്‍ എന്നതാണ് ശരാശരി ജനന നിരക്ക്. എന്നാല്‍, ഇത് കേരളത്തിലേക്കും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വന്നാല്‍ കുറയുന്നു. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് 1.6 ശതമാനമാണ് ജനന നിരക്ക്. കര്‍ണാടകയില്‍ 1.6 ഉം തമിഴ്‌നാട്ടില്‍ അത് 1.4ലുമാണ്. ഇത് യറോപ്യന്‍ രാജ്യങ്ങളേക്കാള്‍ പിന്നിലാണെന്നാണ് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നത്.
ജനന നിരക്കിലെ കുറവും പ്രായമായ ജനസംഖ്യയും, പ്രശ്നം കൂടുതല്‍ കേരളത്തില്‍
ജനനനിരക്ക് കുറയുന്നതിനാല്‍ ഒരു രാജ്യമെന്ന് നിലയ്ക്ക് ഇന്ത്യയ്ക്ക് പ്രായമാവുകയാണ്. 2050-ഓടെ അഞ്ചില്‍ ഒരാള്‍ക്ക് 60 വയസ്സിന് മുകളില്‍ പ്രായമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടും (യുഎന്‍എഫ്പിഎ) ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസും (ഐഐപിഎസ്) തയ്യാറാക്കിയ ഇന്ത്യ ഏജിംഗ് റിപ്പോര്‍ട്ട് 2023 അനുസരിച്ച്, ആന്ധ്ര, കര്‍ണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലെ പ്രായമായ ജനസംഖ്യ ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെക്കൂടുതലാണ്.
കേരളത്തിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. കേരളത്തില്‍, ജനസംഖ്യയിലെ പ്രായമായവരുടെ എണ്ണം 2021-ല്‍ 16.5 ശതമാനം ആയിരുന്നത് 2036-ല്‍ 22.8 ശതമാനമാകും. തമിഴ്‌നാട്ടില്‍ 13.7 ശതമാനത്തില്‍ നിന്ന് 20.8 ശതമാനം വരെയും ആന്ധ്രയില്‍ 12.3ശതമാനത്തില്‍ നിന്ന് 19 ശതമാനം വരെയും വര്‍ധിക്കും. കര്‍ണാടകയിലെ പ്രായമായവരുടെ ജനസംഖ 11.5 ശതമാനത്തില്‍ നിന്ന് 17.2 ശതമാനമായും തെലങ്കാനയില്‍ 11 ശതമാനത്തില്‍ നിന്ന് 17.1 ശതമാനമായും വര്‍ധിക്കും.
ഉത്തരേന്ത്യയില്‍ സ്ഥിതി മെച്ചം
റിപ്പോര്‍ട്ടനനുസരിച്ച് ഉത്തര, മധ്യ, വടക്ക്-കിഴക്ക് സംസ്ഥാനങ്ങളില്‍ ജനനനിരക്ക് വര്‍ധിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നു. 2036 ഓടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 100 കുട്ടികള്‍ക്ക് 62 പ്രായമവായവര്‍ എന്ന അനുപാതത്തിലായിരിക്കും കണക്കുകള്‍. എന്നാലിത് ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ 100 കുട്ടികള്‍ക്ക് 38.9 വൃദ്ധര്‍ എന്നതായിരിക്കും.ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഈ കണക്ക് ഇതിലും കുറവായിരിക്കും. 100 കുട്ടികള്‍ക്ക് 27.8 വൃദ്ധര്‍ എന്നതായിരിക്കും അനുപാതം.
'ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനനനിരക്ക് വികസിത രാജ്യങ്ങളുടെ ഫെര്‍ട്ടിലിറ്റി ലെവലില്‍ എത്തിയിരിക്കുന്നു. ഇന്ത്യയില്‍ ജനസംഖ്യ നിയന്ത്രണം വളരെ വേഗത്തിലാക്കിയതാണ് പ്രശ്നത്തിന് കാരണം. ഫ്രാന്‍സ് 285 വര്‍ഷമെടുത്തും ഇംഗ്ലണ്ട് 225 വര്‍ഷമെടുത്തും നടപ്പാക്കിയ ജനസംഖ്യാ നിയന്ത്രണം ഇന്ത്യ 45 വര്‍ഷംകൊണ്ട് നടപ്പാക്കി. ഇതാണ് നിലവിലെ പ്രശ്നത്തിന് കാരണം'-ശ്രീനിവാസ് ഗോലി പറഞ്ഞു
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആശ്രിത അനുപാതം കൂടുതലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു രാജ്യത്തിന് പുരോഗതി ഉണ്ടാകണമെങ്കില്‍ ആശ്രിത ജനസംഖ്യ കുറവും തൊഴില്‍ പ്രായത്തിലുള്ളവരുടെ ജനസംഖ്യ കുടുതലും ആയിരിക്കണം. ആശ്രിത അനുപാതം 15-ല്‍ താഴെയാണെങ്കില്‍ മാത്രം ആ രാജ്യത്ത് കൃത്യമായ പുരോഗതി ഉണ്ടാകു. 2021-ലെ കണക്കുകള്‍ പ്രകാരം ആന്ധ്രപ്രദേശില്‍ മാത്രം, ആശ്രിത അനുപാതം 18 ആണ്.
ദക്ഷിണേന്ത്യയില്‍ മണ്ഡലങ്ങല്‍ കുറയും, പ്രാതിനിധ്യത്തില്‍ ആശങ്ക
ജനനനിരക്ക് കുറയുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലോക്സഭാ, നിയമസഭ സീറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകും. നിലവില്‍ ജനസംഖ്യാനുപാതികമായാണ് നിയോജക മണ്ഡലങ്ങളുടെ അതിരുകളും എണ്ണവും തീരുമാനിക്കുന്നത്. ജനനനിരക്ക് കുറയുകയാണെങ്കില്‍ ആന്ധ്രാപ്രദേശിലെ പാര്‍ലമെന്റ് സീറ്റുകളുടെ എണ്ണം 25-ല്‍ നിന്ന് 20 ആയും കര്‍ണാടകയില്‍ 28-ല്‍ നിന്ന് 26 ആയും കേരളത്തില്‍ 20-ല്‍ നിന്ന് 14 സീറ്റുകളായും തമിഴ്നാട്ടില്‍ 39-ല്‍ നിന്ന് 30 ആയും തെലങ്കാനയില്‍ 39-ല്‍ നിന്ന് 30 ആയും കുറയും.
എന്നാല്‍ ഉയര്‍ന്ന ജനസംഖ്യയുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ വര്‍ധിക്കുന്നതിനും കാരണമാകും. ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ശക്തി ഗണ്യമായി കുറയും. ഇതാണ് ദക്ഷിണേന്ത്യയിലെ രാഷ്ട്രയക്കാരെയും അശങ്കപ്പെടുത്തുന്നത്. ചുരുക്കത്തില്‍ ജനസംഖ്യാടിസ്ഥാനത്തിലുള്ള ലോകസഭാ മണ്ഡല പുനര്‍നിര്‍ണയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകും. കുടുംബാസൂത്രണം വിജയകരമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ് ഈ നടപടി.
ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തി സീറ്റുകളുടെ എണ്ണം നിശ്ചയിക്കുകയാണെങ്കില്‍ ഉത്തര്‍പ്രദേശില്‍ 80 ശതമാനത്തോളവും സീറ്റുവര്‍ദ്ധനയുണ്ടാകും. മദ്ധ്യപ്രദേശിലും ഇതേ അളവില്‍ വര്‍ദ്ധിച്ചേക്കും. ഗുജറാത്തില്‍ 65 ശതമാനത്തോളം സീറ്റുവര്‍ദ്ധനയ്ക്ക് സാധ്യതയുണ്ട്. മഹാരാഷ്ട്രയില്‍ 58 ശതമാനം സീറ്റുവര്‍ദ്ധന ഉണ്ടായേക്കും. ഹരിയാനയില്‍ 80 ശതമാനം സീറ്റുവര്‍ദ്ധനാ സാദ്ധ്യതയുണ്ട്.
കേരളത്തിലേക്ക് വരുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാണെന്ന് മനസ്സിലാക്കാനാകുക. ജനസംഖ്യയെ പരിഗണിക്കുകയാണെങ്കില്‍ ഒരു സീറ്റുപോലും കൂടുതല്‍ കിട്ടാന്‍ നമുക്ക് അര്‍ഹതയില്ല. ജനസംഖ്യാ നിയന്ത്രണം ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സിക്കിം, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, ത്രിപുര, മേഘാലയ, മിസോറം എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സീറ്റുകളൊന്നും കൂടില്ല. അതെസമയം, വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ 50 ശതമാനത്തോളം സീറ്റുവര്‍ദ്ധനയ്ക്ക് സാധ്യതയുണ്ട്. ജമ്മുകാശ്മീരില്‍ 60 ശതമാനം സീറ്റുവര്‍ദ്ധനയ്ക്ക് സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ലഡാക്കില്‍ സീറ്റുകളൊന്നും വര്‍ദ്ധിക്കുകയില്ല.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യ പ്രായമായവരുടെ വിഭാഗത്തിലേക്ക് മാറുമ്പോള്‍ ബദല്‍ തന്ത്രവുമായെത്തിയിരിക്കുകയാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ജനസംഖ്യാ മാനേജ്‌മെന്റിനുള്ള നടപടികളിലേക്ക് കടക്കുകയാണെന്നാണ് ആന്ധ്ര മുഖ്യമന്ത്രി പറഞ്ഞത്. കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ മുതല്‍ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് മാത്രം മത്സരിക്കാനാകുന്നത് വരെയുള്ള നിയമനിര്‍മാണത്തിലേക്കാണ് പോകുന്നതെന്ന് ചന്ദ്രബാബുനായിഡു പറഞ്ഞു.
ജപ്പാനും ചൈനയും ചില യൂറോപ്യന്‍ രാജ്യങ്ങളും അഭിമുഖീകരിച്ചത് പോലെയുള്ള പ്രശ്‌നങ്ങളിലേക്കാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും പോകുന്നതെന്നാണ് ജനസംഖ്യാ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2047 ഓടെ പ്രായമായ ജനസംഖ്യ ക്രമാതീതമായി ഉയരും. ഇത്തരം വെല്ലുവിളികളെ നേരിടാന്‍ നേരത്തെ തയ്യാറെടുക്കാനാണ് ആന്ധ്ര മുഖ്യമന്ത്രിയുടെ നീക്കം. ഈ വഴിയില്‍ മറ്റ് സംസ്ഥാനങ്ങളും നീങ്ങിയേക്കും.
ജനന നിരക്ക് ഉയര്‍ത്തണമെന്ന് ആര്‍എസ്എസും
ജനസംഖ്യ നിരക്ക് 2.1 ശതമാനത്തില്‍ താഴെ ആയാല്‍ സമൂഹം വംശ നാശത്തിലേക്ക് പോകുമെന്ന് അടുത്തിടെ പറഞ്ഞത് ആര്‍എസ്എസ് മേഝധാവി മോഹന്‍ ഭാഗവതാണ്. ഇത് രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് വരെ കാരണമാകും. ജനസംഖ്യ നിരക്ക് വര്‍ധിപ്പിക്കുന്നതോടൊപ്പം സമുദായങ്ങള്‍ക്കിടയിലെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിശോധിക്കേണ്ടതുണ്ടെന്നും ഭാഗവത് വ്യക്തമാക്കിയരുന്നു. 'രാജ്യത്ത് ജനസംഖ്യ കുറയുന്നത് പരിഗണിക്കപ്പെടേണ്ട വിഷയമാണ്. ജനസംഖ്യ നിരക്ക് 2.1 ശതമാനത്തില്‍ കുറവായാല്‍ ആ സമൂഹം തകര്‍ച്ചയിലേക്കെത്തും. രണ്ടിലധികം കുട്ടികളാണ് ഒരു കുടുംബത്തില്‍ വേണ്ടതെന്നാണ് ജനസംഖ്യാ ശാസ്ത്രം പറയുന്നതെന്ന് ഭാഗവത് പറഞ്ഞു.
അതേസമയം പശ്ചിമ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കുറഞ്ഞ ജനനനിരക്ക് ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനര്‍വിഭജനംവരുമ്പോള്‍ അവര്‍ക്ക് തിരിച്ചടിയായി മാറരുതെന്നാണ് ആര്‍എസ്എസിന്റെയും നിലപാട്. ജനസംഖ്യാനിയന്ത്രണത്തിലെ ഉയര്‍ന്ന തോത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മണ്ഡലപുനര്‍വിഭജനം വരുമ്പോള്‍ സീറ്റുകളുടെ എണ്ണം കുറയാനിടയാക്കുമെന്ന് പ്രതിപക്ഷകക്ഷികള്‍ ഉയര്‍ത്തുന്ന ആശങ്കയാണ്. ഇതിനൊപ്പം നില്‍ക്കുന്ന വാദമാണ് ആര്‍.എസ്.എസ്. മുഖവാരിക ഓര്‍ഗനൈസറില്‍ പങ്കുവെച്ചതും.