അന്റാലിയ: തുര്‍ക്കിയിലെ അന്റാലിയ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം വിമാനത്തിന് തീപിടിച്ച സംഭവത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. അസിമുത്ത് എയര്‍ലൈന്‍സിന്റെ സുഖോയ് സൂപ്പര്‍ ജെറ്റ് ഇനത്തില്‍ പെട്ട വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം തീപിടിച്ചതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തീപിടിച്ച വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ ഭയന്ന് നിലവിളിച്ച് കൊണ്ട് പുറത്തേക്ക് വരുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. യാത്രക്കാരില്‍ നിരവധി കുട്ടികളും ഉണ്ട്.

തീപിടിച്ച വിമാനത്തില്‍ നിന്ന് ശക്തിയായി പുക ഉയരുന്നതും ഫയര്‍ എന്‍ജിനുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതും കാണാം. തങ്ങളുടെ ബാഗേജുകളും കൈയിലെടുത്തു കൊണ്ടാണ് യാത്രക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. വിമാനത്താവളത്തില്‍ ഇറങ്ങിയതിന് തൊട്ട് മുമ്പാണ് വിമാനത്തിന് തീപിടിച്ചത്. 89 യാത്രക്കാരും ആറ് ജീവനക്കാരുമായി റഷ്യയിലെ സോച്ചിയില്‍ നിന്ന് വരികയായിരുന്നു വിമാനം. പൈലറ്റിന്റെ അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ എല്ലാ വിധ സംവിധാനങ്ങളും ഒരുക്കിയിരുന്നു.

വിമാനത്തില്‍ ഉണ്ടായിരുന്ന 95 പേരെയും സുരക്ഷിതരായി പുറത്ത് എത്തിക്കാന്‍ കഴിഞ്ഞതായി വിമാന കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടത്തില്‍ പെട്ട വിമാനത്തെ റണ്‍വേയില്‍ നിന്ന് നീക്കം ചെയ്യുന്ന നടപടികളും പുരോഗമിക്കുകയാണ്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം അപകടത്തില്‍ പെട്ടതെന്നാണ് അസിമുത്ത് വിമാനക്കമ്പനി അറിയിക്കുന്നത്.


വിമാനത്തിന്റെ ഇടതുവശത്തുള്ള എന്‍ജിനാണ് ആദ്യം തീപിടിച്ചത്. സംഭവം നടക്കുന്നതിന് മുമ്പാണ് കാലാവസ്ഥ അധികൃതര്‍ മോശം കാലാവസ്ഥ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയത്. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി റഷ്യന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഏഴ് വര്‍ഷം പഴക്കമുള്ളതാണ് അപകടത്തില്‍ പെട്ട വിമാനം. 2022 ല്‍ യുക്രൈനുമായി യുദ്ധം ആരംഭിച്ചതിന് തൊട്ടു പിന്നാലെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത് കാരണം റഷ്യക്ക് പുതിയതായി യാത്രാ വിമാനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്.