കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍റെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന്റെ ഞെട്ടലിലാണ് കേരളം. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറും അസിസന്റ് സര്‍ജനുമായ ഡോ.പി.ടി. വിപിനാണ് (35) തലയ്ക്ക് മാരകമായി വെട്ടേറ്റത്. കോരങ്ങാട് ആനപ്പാറപൊയില്‍ സനൂപാണ് ഡോക്ടറെ വിട്ടയത്. അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച ഒന്‍പതു വയസുള്ള തന്റെ മകള്‍ മരിച്ചത് ഡോക്ടര്‍മാരുടെ വീഴ്ച കൊണ്ടാണെന്ന ധാരണയിലാണ് സനൂപ് ആക്രമണം നടത്തിയത്. എന്നാല്‍ സനൂപിന്റെ മകളെ ഡോ വിപിന്‍ പരിശോധിച്ചിരുന്നില്ല. സൂപ്രണ്ട് ആണെന്ന ധാരണയിലാണ് ഇദ്ദേഹത്തിന് നേരെ പ്രതി കൊടുവാള്‍ വീശിയത്. താമരശ്ശേരി ആശുപത്രിയിലെ ഏറ്റവും ജനകീയനായ ഡോക്ടറാണ് വിപിന്‍. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന നിരപരാധിയായ ഒരു ഡോക്റാണ് ഇവിടെ ആക്രമിക്കപ്പെട്ടത്.

തീര്‍ത്തും തെറ്റിദ്ധാരണയുടെ പുറത്താണ് ആക്രമണം ഉണ്ടായതെന്ന് കാര്യങ്ങങള്‍ പഠിക്കുമ്പോള്‍ വ്യക്തമാണ്. 'ചര്‍ദിയും പനിയുമായി ആശുപത്രിയില്‍ എത്തിച്ച എന്റെ മകളെ' അവര്‍ കൊന്നുവെന്നാണ് സനൂപ് നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. മകള്‍ക്ക് ചികിത്സ ഫലിക്കാത്ത അമീബിക്ക് മസ്തിഷ്‌ക്ക ജ്വരമായിരുന്നുവെന്ന് ആ പിതാവിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. കുട്ടിക്ക് പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ ചികിത്സതയും നല്‍കിയിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറുന്നത്.

പ്രശ്നം രോഗികളുടെ ബാഹുല്യം

ദിവസം നൂറുകണക്കിന് രോഗികള്‍ ചികിത്സയ്ക്കെത്തുന്ന സ്ഥലമാണ്

ഗവ. താലൂക്ക് ആശുപത്രി. ഇവിടുത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് നാട്ടുകാര്‍ക്ക് നല്ല മതിപ്പാണ്. പനിയും ഛര്‍ദിയും കലശലായതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 14-നാണ് സനൂപിന്റെ മകള്‍ 9 വയസ്സുള്ള അനയയെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെ ഒപി വിഭാഗത്തില്‍ കൊണ്ടുവന്നത്. ആശുപത്രിയില്‍നിന്ന് ഛര്‍ദിക്കുള്ള മരുന്ന് നല്‍കുകയും രക്തപരിശോധന നടത്തി നിരീക്ഷണത്തില്‍ വെക്കുകയും ചെയ്തു. ഉച്ചയ്ക്ക് 2.10-ഓടെ കുട്ടി ഛര്‍ദിച്ച് അവശനിലയിലായതോടെ ഗ്ലൂക്കോസ് കയറ്റി. പിന്നീട് ആരോഗ്യനില വഷളായതിനാല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ചെയ്തു.

എന്നാല്‍, മെഡിക്കല്‍ കോളേജിലെത്തുന്നതിന് മുന്‍പുതന്നെ അനയ മരിച്ചു. പിറ്റേന്നാണ് കുട്ടി അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചാണ് മരിച്ചതെന്നകാര്യം ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്. അനയയുടെ രണ്ട് സഹോദരങ്ങളെയും സമാന അസുഖലക്ഷണങ്ങളോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ രോഗം ഭേദമായി മടങ്ങി.

താലൂക്ക് ആശുപത്രി അധികൃതര്‍ യഥാസമയം ചികിത്സ ലഭ്യമാക്കാത്തതുകൊണ്ടാണ് മകള്‍ മരിച്ചതെന്ന് സനൂപും ഭാര്യയും ആരോപിച്ചിരുന്നു. അനയയുടെ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമാവാത്തതിനാല്‍ മാനസികസമ്മര്‍ദത്തിലായിരുന്നതായി നാട്ടുകാര്‍ പറയുന്നു. മരണ സര്‍ട്ടിഫിക്കേറ്റിനായി ഏതാനും ദിവസങ്ങള്‍ നടക്കേണ്ടി വന്നതും സനൂപിനെ സമ്മര്‍ദത്തിലാക്കി.




വിവരങ്ങള്‍ കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യുന്നതിനും ആശുപത്രി അധികൃതരുടെ ഭാഗത്തുന്നിനിന്ന് വീഴ്ചയുണ്ടായി എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. മകള്‍ക്ക് അസുഖം കൂടുമ്പോള്‍ സനൂപ് പരിഭ്രാന്തനായി ഓടി നടക്കുമ്പോഴും, അത് ആശുപത്രി സ്റ്റാഫ് കാര്യമായി പ്രതികരിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. രോഗികളുടെ ബാഹുല്യംമൂലം എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയുന്നവിധം, ഇടപെടാന്‍ ആശുപത്രി ജീവനക്കാര്‍ക്ക് ഇടപെടാന്‍ കഴിയുന്നില്ല. തക്ക സമയത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കില്‍ മകള്‍ രക്ഷപ്പെടുമെന്നായിരുന്നു സനൂപ് ആവര്‍ത്തിക്കുന്നത്.

വന്നത് കൊല്ലാന്‍ ഉറച്ച്

ആശുപത്രി സുപ്രണ്ടിനെ കൊല്ലണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് സനൂപ് എത്തിയത് എന്നാണ്, പൊലീസ് റിപ്പോര്‍ട്ട് പറയുന്നത്. താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒരു ഹോട്ടലില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കുമ്പോള്‍, കൈവശമുണ്ടായിരുന്ന നീല ബാഗില്‍നിന്ന് പുറത്തേക്ക് തള്ളിനിന്ന കൊടുവാളിന്റെ പിടി കണ്ട് ചോദിച്ചവരോട് ടാപ്പിങ്ങിനുള്ള കത്തിയാണെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്.

തലയ്ക്ക് കൊടുവാള്‍കൊണ്ട് വെട്ടേറ്റ് ആഴത്തില്‍ മുറിവേല്‍ക്കുന്നതുവരെയും എന്താണ് സംഭവിക്കുന്നതെന്ന് ഡോ. പി.ടി. വിപിനിനോ സഹപ്രവര്‍ത്തകര്‍ക്കോ വ്യക്തമായില്ല. ആദ്യത്തെ വെട്ടോടെതന്നെ കൊടുവാള്‍ തെറിച്ചതും തുടര്‍ശ്രമത്തിന് അനുവദിക്കാതെ രണ്ട് ലാബ് ടെക്‌നീഷ്യന്മാര്‍ ചേര്‍ന്ന് സനൂപിനെ കീഴ്‌പ്പെടുത്തിയതുമാണ് ജീവഹാനിയിലേക്ക് കാര്യങ്ങളെത്താതിരുന്നത്. അക്രമിയെ കീഴ്‌പ്പെടുത്തി പിന്നീട് സ്ഥലത്തെത്തിയ പോലീസിനെ ഏല്‍പ്പിച്ചിട്ടും കുറെനേരം കഴിഞ്ഞാണ് ആശുപത്രിയിലെ ജീവനക്കാര്‍ക്കെല്ലാം സംഭവത്തിന്റെ ഏകദേശരൂപം പിടികിട്ടിയത്. ആശുപത്രി ജീവനക്കാര്‍ സമയോചിതമായ ഇടപെടത്തുകൊണ്ടാണ് മരണം ഒഴിവായത്. ഡോ. വിപിന് തലയില്‍ ആഴത്തിലുള്ള മുറിവും തലയോട്ടിയുടെ പുറകിലായി ചെറിയ പൊട്ടലുമുണ്ട്. തലയിലേറ്റ മുറിവ് ആഴത്തിലുള്ളതാണെന്നും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

സത്യത്തില്‍ നാം നമ്പര്‍ വണ്‍ എന്നും കേരളാ മോഡല്‍ എന്നും വിളിക്കുന്ന ആരോഗ്യ സംവിധാനത്തിന്റെ പൊള്ളത്തരമാണ് ഈ സംഭവത്തിലൂടെ മറ നീക്കുന്നത്. അസുഖവിവരം കൃത്യമായി രോഗിയുടെ കൂട്ടിരിപ്പുകാരെ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയുന്നില്ല. തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. പോസ്മോര്‍ട്ടം റിപ്പോര്‍ട്ടിനും, എന്തിന് ഡെത്ത് സര്‍ട്ടിഫിക്കേറ്റിനും പോലും പലതവണ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്നു. ഇതെല്ലാം ചേര്‍ന്നതുകൊണ്ടുള്ള രോഷമാണ്, ഡോക്ടറെ വെട്ടിയതിനുശേഷം ഇത് വീണാജോര്‍ജിനും, ആരോഗ്യവകുപ്പിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് സനൂപ് പറയാനുള്ള കാരണമെന്നാണ്, അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.