ലക്കിടി: താമരശ്ശേരി ചുരത്തില്‍ വീണ്ടും അപകടഭീഷണി ശക്തമായതോടെ ഗതാഗതം നിരോധിച്ചു. ചുരം വ്യൂ പോയിന്റിന് സമീപം കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്ത് വീണ്ടും ഇടിച്ചില്‍ നടക്കുന്നതിനാല്‍ ചുരം വഴി ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി താമരശ്ശേരി ഡി വൈ എസ് പി സുഷീര്‍ അറിയിച്ചു. അടിവാരത്തും, ലക്കിടിയിലും വാഹനങ്ങള്‍ തടയുമെന്നും ഡി വൈ എസ് പി അറിയിച്ചു. കോഴിക്കോട് ഭാഗത്തു നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്ത് നിന്നും പൊലീസ് കുറ്റ്യാടി വഴിതിരിച്ചുവിടുകയാണ്. മലപ്പുറം ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോകുന്നവര്‍ നാടുകാണി ചുരം വഴി തിരിച്ചുവിടും.

ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം ഇടിഞ്ഞു വീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും രാവിലെ വീണ്ടും ഇതേ സ്ഥലത്ത് പാറകഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീണു. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്നതിനിടെയാണ് ചെറിയ പാറകഷ്ണങ്ങള്‍ റോഡിലേക്ക് വീണത്. ഒരു വാഹനത്തിന്റെ തൊട്ടരികിലാണ് കല്ല് പതിച്ചത്. വലിയ അപകടം തലനാരിഴക്കാണ് വഴിമാറിയത്. ചുരത്തില്‍ നേരിയ മഴ പെയ്യുന്നത് സാഹചര്യം രൂക്ഷമാക്കുകയാണ്. ചെറിയ കല്ലുകള്‍ റോഡിലേക്ക് ഒലിച്ചുവരുന്നുണ്ട്. റോഡിന്റെ പകുതി വരെ കല്ലുകള്‍ വീണുകിടക്കുന്നുണ്ട്.

ചുരത്തില്‍ വ്യാഴാഴ്ചയും ഗതാഗതനിരോധനം തുടരുമെന്ന് നേരത്തേ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ നടക്കുന്ന പരിശോധനകള്‍ക്കുശേഷമേ നിരോധനത്തില്‍ അയവുവരുത്തൂ എന്നായിരുന്നു കളക്ടര്‍ അറിയിച്ചിരുന്നത്. എന്നാല്‍, വ്യാഴാഴ്ചയും മണ്ണിടിച്ചിലുണ്ടായതോടെ ചുരം ഗതാഗതത്തിന് തുറന്നുകൊടുക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ചുരത്തില്‍ വ്യൂപോയിന്റിന് സമീപം ചൊവ്വാഴ്ച രാത്രി കൂറ്റന്‍ പാറക്കെട്ടും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നിലച്ച ഗതാഗതം ബുധനാഴ്ച രാത്രി ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍, വീണ്ടും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി-മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്ത പരിശോധനനടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായരീതിയില്‍ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തില്‍നിന്നാണ് പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയത്.

വൈത്തിരിയിലും ലക്കിടിയിലും ചുരത്തിലുമടക്കം കുടുങ്ങിക്കിടന്ന എല്ലാ വാഹനങ്ങളും കടന്നുപോകാന്‍ അനുവദിച്ചു. ഈ വാഹനങ്ങളെല്ലാം കടത്തിവിട്ടശേഷം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഇന്നലെ ചുരം അടക്കുകയായിരുന്നു. ഇന്നലെ വീണ്ടും ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം പുനഃസ്ഥാപിക്കുന്നതില്‍ പ്രതിസന്ധി നേരിട്ടിരുന്നു. കനത്തമഴയും കോടയും മറ്റൊരു വെല്ലുവിളിയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സഹകരിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കളക്ടറും ജനപ്രതിനിധികളും ഇവിടെയെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നു.