ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ വിമര്‍ശനങ്ങള്‍ക്കും താക്കീതുകള്‍ക്കും പുല്ലുവില. വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് വീണ്ടും ശശി തരൂര്‍ എംപി. മോദി വ്യക്തിപ്രഭാവമുള്ള നേതാവാണെന്നും കോണ്‍ഗ്രസിന്റെ ഇടതുപക്ഷ നയങ്ങളില്‍ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപ്രഭാവമുള്ള നേതാവിന്റെ നേതൃത്വത്തിലും കേന്ദ്രീകൃത ഭരണത്തിലുമാണ് ഇത് സാധ്യമായതെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ലണ്ടനിലെ ജിന്റല്‍ ഗ്ലോബല്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് തരൂര്‍ ഈ പരാമര്‍ശം നടത്തിയത്. അതിനിടെ തരൂരിനെതിരെ നടപടി വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മില്ലകാര്‍ജ്ജുന ഖാര്‍ഗെ ഉടന്‍ തീരുമാനം എടുക്കും. തരൂരിന്‌ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇതിന് ശേഷം താക്കീതും. അച്ചടക്ക നടപടിയെന്നോണം പ്രവര്‍ത്തകസമിതിയില്‍ നിന്നും തരൂരിനെ പുറത്താക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്തിന് ചേര്‍ന്ന തരത്തില്‍ അല്ല തരൂരിന്റെ മോദി സ്തുതിയെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മോദി വ്യക്തിപ്രഭാവമുള്ള നേതാവാണെന്നും കോണ്‍ഗ്രസിന്റെ ഇടതുപക്ഷ നയങ്ങളില്‍ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറിയെന്നും തരൂര്‍ പറയുമ്പോള്‍ അത് എല്ലാ അര്‍ത്ഥത്തിലും അച്ചടക്ക ലംഘനമാണെന്ന് വലിയിരുത്തുകയാണ് കോണ്‍ഗ്രസ്.

അടിയന്തരാവസ്ഥയെ വിമര്‍ശിച്ചുള്ള ലേഖനത്തിന് പിന്നാലെയാണ് മോദി പരാമര്‍ശം. ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും എതിരെ കടുത്ത വിമര്‍ശനങ്ങളാണ് ലേഖനത്തില്‍ ഉള്ളത്. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്ത് നടന്ന ക്രൂരതകളാണ് ലേഖനത്തില്‍ വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്. പല വിവാദങ്ങളുണ്ടായിട്ടും തരൂരിനെതിരെ പാര്‍ട്ടി നടപടികളിലേക്ക് നീങ്ങിയിരുന്നില്ല. നാലാംവട്ടം തിരുവനന്തപുരത്തുനിന്നും ജയിച്ച തരൂര്‍ കോണ്‍ഗ്രസില്‍ നിര്‍ണ്ണായക പദവികള്‍ പ്രതീക്ഷിച്ചു. പാര്‍ലമെന്റില്‍ ഉപനേതാവായി പരിഗണിക്കപ്പെടുമെന്ന് തരൂര്‍ കരുതിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തരൂരിനെ വെട്ടി. എഐസിസി സംഘടാനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലായിരുന്നു ഇതിന് പിന്നില്‍ എന്ന് തരൂര്‍ ക്യാമ്പ് പറയുന്നു. കേരളത്തില്‍ സജീവമാകാനുള്ള ആഗ്രഹവും കെസി പൊളിച്ചു. ഇതോടെ പാര്‍ട്ടിയുമായി തരൂര്‍ കൂടുതല്‍ അകലത്തിലേക്ക് പോയി. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ചുമതല പോലും നല്‍കിയില്ല.

വര്‍ക്കിംഗ് കമ്മിറ്റി അംഗമാണെങ്കിലും ദേശീയതലത്തില്‍ തരൂരിന് ചുമതലകള്‍ ഒന്നും നല്‍കിയിരുന്നില്ല. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും തരൂരിനെ മാറ്റിയതും, യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലവേണമെന്ന തരൂരിന്റെ ആവശ്യം തള്ളിയതും അഭിപ്രായ ഭിന്നതയ്ക്ക് കാരണമായി. ദേശീയ നേതൃത്വം നിരന്തരമായി അവഗണിക്കുന്നുവെന്നായിരുന്നു തരൂരിന്റെ പരാതി. നേരത്തെ പാര്‍ലമെന്റില്‍ മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്ന കോണ്‍ഗ്രസ് എംപിയായിരുന്നു ശശി തരൂര്‍. ഇപ്പോള്‍ മോദി സര്‍ക്കാരിനെതിരെ മൃദുസമീപനമാണ് തരൂര്‍ കൈക്കൊണ്ടിരുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനെ എല്ലാ അര്‍ത്ഥത്തിലും പിന്തുണച്ചു. ഇതിന് ശേഷം അടിയന്തരാവസ്ഥയില്‍ ഇന്ദിരാ ഗാന്ധിയെ തള്ളി പറയുകയും ചെയ്തു. അടിയന്തരാവസ്ഥാ കാലത്തെ ക്രൂരതയില്‍ നിന്നും ഇപ്പോള്‍ ഇന്ത്യ ജനാധിപത്യത്തിലേക്ക് എത്തിയെന്നാണ് തരൂര്‍ കഴിഞ്ഞ ദിവസം ലേഖനത്തില്‍ വിശദീകരിച്ചത്.

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് അര നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ ബിജെപി ഇതിനെ പ്രധാന പ്രചാരണ ആയുധമാക്കി ഉപയോഗിക്കുന്നതിനിടെയാണ് ശശി തരൂരിന്റെ ഇത്തരത്തിലുള്ള ലേഖനം. മലയാളം ഇഗ്ലീഷ് ദിന പത്രങ്ങളിലാണ് തരൂര്‍ ഇന്ദിരാ ഗാന്ധിയുടെയും മകന്‍ സഞ്ജയ് ഗാന്ധിയുടെ ക്രൂരതകള്‍ വിവരിച്ച് ലേഖനമെഴുതിയിരിക്കുന്നത്. അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാത്രം ഓര്‍ക്കാതെ അതിന്റെ പാഠം നമ്മള്‍ ഉള്‍ക്കൊള്ളണമെന്നും തരൂര്‍ ഓര്‍മ്മപ്പെടുത്തുന്നു. '21 മാസത്തോളം മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ് മൂടിക്കെട്ടി. രാഷ്ട്രീയ വിയോജിപ്പുകള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ശ്വാസമടക്കിപ്പിടിച്ചുനിന്നു. അമ്പതു വര്‍ഷങ്ങള്‍ക്കിപ്പുറവും, ആ കാലഘട്ടം 'അടിയന്തരാവസ്ഥ'യായി ഇന്ത്യക്കാരുടെ ഓര്‍മകളില്‍ മായാതെ കിടക്കുന്നു' തരൂര്‍ ലേഖനത്തില്‍ കുറിച്ചു.

അച്ചടക്കത്തിനും ക്രമത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ പലപ്പോഴും പറഞ്ഞറിയിക്കാന്‍ വയ്യാത്ത ക്രൂരതകളായി മാറി. ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് നയിച്ച നിര്‍ബന്ധിത വന്ധ്യംകരണ പരിപാടികള്‍ അതിന് ഉദാഹരണമാണ്. ദരിദ്ര ഗ്രാമീണ പ്രദേശങ്ങളില്‍ സ്വേച്ഛാപരമായ ലക്ഷ്യങ്ങള്‍ നേടുന്നതിനു ബലപ്രയോഗവും അക്രമവും ഉപയോഗിച്ചു. ന്യൂഡല്‍ഹി പോലുള്ള നഗരകേന്ദ്രങ്ങളില്‍ ചേരികള്‍ നിഷ്‌കരുണം ഇടിച്ചുനിരത്തി ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. അവരുടെ ക്ഷേമത്തെക്കുറിച്ച് പരിഗണനയേ ഉണ്ടായിരുന്നില്ല. ഈ പ്രവൃത്തികളെ പിന്നീട് നിര്‍ഭാഗ്യകരമായ അതിക്രമങ്ങളായി ഗൗരവംകുറച്ച് ചിത്രീകരിച്ചു. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ, ഒരു താത്കാലിക ക്രമം സ്ഥാപിക്കപ്പെട്ടെന്നും ജനാധിപത്യ രാഷ്ട്രീയത്തിന്റെ അരാജകത്വത്തില്‍നിന്ന് താത്കാലിക ആശ്വാസം ലഭിച്ചെന്നും ചിലര്‍ വാദിച്ചേക്കാം. എന്നാല്‍, ഈ അക്രമങ്ങള്‍ അനിയന്ത്രിതമായ അധികാരം സ്വേച്ഛാധിപത്യമായി മാറിയ ഒരു വ്യവസ്ഥിതിയുടെ നേര്‍ഫലമായിരുന്നു. അടിയന്തരാവസ്ഥയിലൂടെ എന്തു ക്രമം ഉണ്ടായിട്ടുണ്ടെങ്കിലും അതിനു നമ്മുടെ റിപ്പബ്ലിക്കിന്റെ ആത്മാവിന്റെ വില നല്‍കേണ്ടിവന്നു.

വിയോജിപ്പുകളെ നിശബ്ദമാക്കിയതും, യോഗം ചേരാനും എഴുതാനും സ്വതന്ത്രമായി സംസാരിക്കാനുമുള്ള മൗലികാവകാശങ്ങള്‍ വെട്ടിച്ചുരുക്കിയതും, ഭരണഘടനാപരമായ നിയമങ്ങളോടുള്ള പരസ്യമായ അവഗണനയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മായാത്ത മുറിവേല്‍പ്പിച്ചു. നീതിന്യായ വ്യവസ്ഥ പിന്നീട് നട്ടെല്ല് വീണ്ടെടുത്തെങ്കിലും തുടക്ക ത്തിലെ ഇടര്‍ച്ച പെട്ടെന്നു മറക്കാനാകുമായിരുന്നില്ല. ഈ കാലത്തെ അതിക്രമങ്ങള്‍ എണ്ണമറ്റ മനുഷ്യര്‍ക്ക് ആഴത്തിലുള്ളതും ശാശ്വതവുമായ നാശമുണ്ടാക്കി. പീഡിത സമൂഹങ്ങളില്‍ ഭയവും അവിശ്വാസവും അവശേഷിപ്പിച്ചു. അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷം 1977 മാര്‍ച്ചില്‍ നടന്ന ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ത്തന്നെ ഇന്ദിരാഗാന്ധിയെയും അവരുടെ പാര്‍ട്ടിയെയും വന്‍ ഭൂരിപക്ഷത്തില്‍ പുറത്താക്കി അവര്‍ അതു പ്രകടിപ്പിക്കുകയും ചെയ്തുവെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു.