കല്‍പ്പറ്റ: പത്തുനാള്‍ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്നും സൈന്യം മടങ്ങുന്നു. നാട്ടുകരുടെ ഹൃദയം കവര്‍ന്നാണ് സൈന്യം മടങ്ങുന്നത്. അതീവ ദുഷ്‌ക്കരമായ ദൗത്യമായിരുന്നു സൈന്യം ഏറ്റെടുത്തത്. വയനാട്ടില്‍ നിന്നും മടങ്ങുന്ന സൈന്യത്തിന് സര്‍ക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നല്‍കും. സൈന്യത്തിന്റെ എല്ലാ സംഘങ്ങളും മടങ്ങും. എന്നാല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നീ സേനകള്‍ക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു.

സൈന്യത്തിന്റെ 500 അംഗ സംഘമാണ് മടങ്ങുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, ബെംഗളുരു എന്നിവിടങ്ങളില്‍ നിന്നുള്ള ബറ്റാലിയന്‍ അംഗങ്ങളാണ് മടങ്ങുന്നത്. അതേസമയം, താല്‍ക്കാലികമായി നിര്‍മ്മിച്ച ബെയ്ലി പാലം മെയ്ന്റനന്‍സ് ടീം പ്രദേശത്ത് തുടരും. ഹെലികോപ്റ്റര്‍ സെര്‍ച്ച് ടീമും അടുത്ത നിര്‍ദേശം വരുന്നത് വരെ തുടരുമെന്നും സൈന്യം അറിയിച്ചു. ബാക്കിയുള്ളവരാണ് മടങ്ങുകയെന്നും സൈന്യം പറയുന്നു.

അതേസമയം വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വെള്ളിയാഴ്ച ജനകീയ തിരച്ചില്‍ നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ദുരന്തബാധിതരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരച്ചിലില്‍ ഭാഗമാക്കും. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമെങ്കില്‍ ദുരന്തമേഖലയിലേക്ക് വരാന്‍ അവസരം നല്‍കും. ക്യാമ്പുകളിലുള്ളവരെ വാടകവീടുകളിലേക്ക് മാറ്റുമെന്നും വാടക സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ക്യാമ്പുകളിലുള്ള ആളുകളെ താല്‍ക്കാലിക പുന:രധിവാസത്തിന്റെ ഭാഗമായി വാടകവീടുകളിലേക്ക് മാറ്റുക എന്നതിനാണ് നിലവില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത്. എത്ര പേര്‍ക്ക് സ്ഥിരമായ പുന:രധിവാസം വേണ്ടിവരുമെന്ന് കണക്കാക്കും. വാടകവീടുകളിലേക്ക് മാറ്റുന്നവരുടെ വാടക സര്‍ക്കാര്‍ നല്‍കും -മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച രക്ഷാപ്രവര്‍ത്തകരോടൊപ്പം ദുരിതബാധിതരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പഞ്ചായത്ത് അധികൃതരെയും ഉള്‍പ്പെടുത്തി ജനകീയ തിരച്ചില്‍ നടത്തും. രാവിലെ എട്ട് മണിക്ക് തുടങ്ങും. ക്യാമ്പുകളിലുള്ള ആളുകള്‍ക്ക് ആവശ്യമെങ്കില്‍ നാളെ രാവിലെ ദുരന്തമേഖലയിലേക്ക് വരാം.

നഷ്ടമായ എല്ലാ രേഖകളും സര്‍ക്കാര്‍ ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാറിന്റെ അധികാരപരിധിയിലെ ഒരു രേഖയും ലഭിക്കാത്ത സാഹചര്യമുണ്ടാകില്ല. നാളെ പ്രധാനമന്ത്രി വയനാട്ടിലെത്തുമ്പോള്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ സ്വീകരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറുമായി ഒരു തര്‍ക്കത്തിനും ഈ ഘട്ടത്തില്‍ നില്‍ക്കില്ലെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു.

ഉരുള്‍പൊട്ടലില്‍ റേഷന്‍ കാര്‍ഡ് നഷ്ടമയവര്‍ക്ക് പകരം കാര്‍ഡുകളുടെ വിതരണം ഇന്നലെ തുടങ്ങി. ക്യാമ്പുകളില്‍ കഴിയുന്ന ആളുകളില്‍ നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ പുഞ്ചിരിമട്ടത്തെ മൂന്ന് പേര്‍ക്കും ചൂരല്‍മല നിവാസികളായ അഞ്ച് പേര്‍ക്കുമാണ് മന്ത്രി കെ. രാജന്‍ പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്തത്.

ക്യാമ്പുകളില്‍ വിവരശേഖരണം നടത്തി നഷ്ടപ്പെട്ട എല്ലാ രേഖകളും ബന്ധപ്പെട്ടവര്‍ക്ക് നല്‍കാന്‍ അദാലത്ത് മാതൃകയില്‍ മേപ്പാടിയില്‍ ക്യാമ്പ് സംഘടിപ്പിക്കും. നഷ്ടപ്പെട്ട രേഖകള്‍ കൃത്യതയോടെ ലഭിക്കാനുള്ള സംവിധാനമൊരുക്കാന്‍ ജില്ല കലക്ടര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി ബന്ധുവീടുകളില്‍ പോവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കും. മറ്റുള്ളവരെ താമസിപ്പിക്കുന്നതിനായി വാടക വീടുകളോ മറ്റ് സൗകര്യങ്ങളോ സര്‍ക്കാര്‍ ചെലവില്‍ കണ്ടെത്തി നല്‍കും. സ്ഥിരം വീടുകളിലേക്ക് മാറുന്നതിനു മുമ്പുള്ള ഇടക്കാല ട്രാന്‍സിറ്റ് ഹോം സംവിധാനമാണ് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുക. സമ്പൂര്‍ണ പുനരധിവാസത്തിന്റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗണ്‍ഷിപ്പ് പദ്ധതിയാണ് മൂന്നാംഘട്ടത്തില്‍ നടപ്പിലാക്കുക.