- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനം മുന്നോട്ടുനീക്കാന്‍ ആവശ്യപ്പെട്ടിട്ടും വിജയ് വഴങ്ങിയില്ല; പതിനായിരംപേര്‍ വരുമെന്ന് ടിവികെ കത്തില്‍ പറഞ്ഞു; പോലീസ് ഇരുപതിനായിരം പേര്‍ക്കുള്ള പോലീസിനെ നിയോഗിച്ചു; വൈദ്യുതി വിച്ഛേദിച്ചിട്ടില്ല; വിജയിന്റെ ഗൂഢാലോചനാ സിദ്ധാന്തത്തിന് തെളിവുകള്‍ നിരത്തി മറുപടിയുമായി തമിഴ്നാട് സര്‍ക്കാര്‍; വിജയ് മനുഷ്യത്വം ഇല്ലാത്ത നേതാവെന്ന് ഡിഎംകെ
വാഹനം മുന്നോട്ടുനീക്കാന്‍ ആവശ്യപ്പെട്ടിട്ടും വിജയ് വഴങ്ങിയില്ല
ചെന്നൈ: കരൂര്‍ അപകടത്തില്‍ നടന്‍ വിജയ്‌ക്കെതിരെ സര്‍ക്കാര്‍ രംഗത്ത്. അപകടത്തില്‍ ഗൂഢാലോചനാ സിന്ധാന്തവുമായി വിജയ് രംഗത്തുവന്നതോടെയാണ് സര്‍ക്കാര്‍ തെളിവുകള്‍ നിരത്തി മറുപടിമായുമായി രംഗത്തുവന്നു. വീഡിയോ അടക്കം തെളിവുകള്‍ പുറത്തുവിട്ടാണ് സര്‍ക്കാര്‍ രംഗത്തെത്തിയത്. പതിനായിരം പേര്‍ വരുമെന്നാണ് കത്തില്‍ ടിവികെ പറഞ്ഞത്. എങ്കിലും ഇരുപതിനായിരം പേര്‍ക്കുളള പൊലീസിനെ നിയോഗിച്ചു. വിജയ് സംസാരിക്കുമ്പോള്‍ വൈദ്യുതി തടസപ്പെട്ടിട്ടില്ല. വാഹനം മുന്നോട്ട് പോകരുതെന്ന് നിര്‍ദേശം നല്‍കി. എന്നാല്‍ സംഘാടകര്‍ വഴങ്ങിയില്ലെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
കരൂര്‍ ദുരന്തത്തില്‍ വിജയ്യുടെ പ്രതികരണം വന്നതിന് പിന്നാലെ വാര്‍ത്താ സമ്മേളനം വിളിച്ചാണ് സര്‍ക്കര്‍ വിശദീകരണം നല്‍കിയത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടെന്നും സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചരണം ഒഴിവാക്കാന്‍ വേണ്ടിയാണ് വാര്‍ത്താസമ്മേളനമെന്നും സര്‍ക്കാര്‍ വക്താവ് അമുദ ഐഎഎസ് വ്യക്തമാക്കി. വിജയ് കരൂരില്‍ 12 മണിക്ക് എത്തുമെന്ന ടിവികെയുടെ പ്രചാരണത്തിന്റെ ദൃശ്യവും ടിവികെ പ്രവര്‍ത്തകര്‍ കടകള്‍ക്ക് മുകളിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടു.
കുഴഞ്ഞുവീണ ആളുകളെ പൊലീസ് പരിചരിക്കുന്നതിന്റെയും തിരക്കിലും പെട്ട് വീണ ആളുകള്‍ക്ക് മുകളിലേക്ക് വീണ്ടും ആളുകള്‍ വീഴുന്ന ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ടിവികെ നേതാക്കളുടെ അറസ്റ്റുകളെ വിമര്‍ശിച്ചുള്ള വിജയ്യുടെ പ്രതികരണത്തിനും അവര്‍ മറുപടി നല്‍കി. തുടര്‍നടപടികള്‍ ഇനിയും ഉണ്ടാകുമെന്ന് അവര്‍ വ്യക്തമാക്കി. വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെന്ന ആരോപണവും സര്‍ക്കാര്‍ തള്ളി. വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെന്നും പ്രവര്‍ത്തകര്‍ ജനറേറ്റര്‍ വെച്ച ഭാഗത്തേക്ക് ഇടിച്ചു കയറിയെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ജനറേറ്റര്‍ തകരാറായതു കൊണ്ട് ചില ലൈറ്റുകള്‍ അണഞ്ഞതാണ്. അതിന്റെ ദൃശ്യങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടു. വിജയ്യുടെ വാഹനം വരുന്നതിന് മുമ്പ് തന്നെ ജനം നിറഞ്ഞു. വാഹനം മുന്നോട്ടു പോകരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയെങ്കിലും സംഘാടകര്‍ അത് അനുസരിച്ചില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
റാലി നടത്തുന്നതിനു തമിഴക വെട്രി കഴകം (ടിവികെ) ആദ്യം ആവശ്യപ്പെട്ട സ്ഥലം അമരാവതി നദി പാലവും ഒരു പെട്രോള്‍ പമ്പുമാണെന്നു സര്‍ക്കാര്‍ വിശദീകരിച്ചു. പിന്നീടവര്‍ ആവശ്യപ്പെട്ടത് ഉഴവര്‍ മാര്‍ക്കറ്റ് പ്രദേശമാണ്. ഈ സ്ഥലങ്ങളെല്ലാം വളരെ ഇടുങ്ങിയതാണ്. അയ്യായിരം പേര്‍ക്ക് മാത്രം ഒത്തുകൂടാന്‍ സാധിക്കുന്ന സ്ഥലങ്ങളാണ് അവര്‍ ആവശ്യപ്പെട്ടത്. വേലുച്ചാമിപുരം നല്‍കാമെന്നു പറഞ്ഞപ്പോള്‍ ടിവികെ അതു സ്വീകരിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.
കരൂര്‍ ദുരന്തത്തിന്റെ ഉത്തരവാദിത്തം വിജയ് ഏറ്റെടുക്കണമെന്ന് ഡിഎംകെ നേതാക്കള്‍ ആവശ്യപ്പെ്ട്ടു. വിജയ് ആണ് ദുരന്തത്തിന് കാരണം. അദ്ദേഹം വൈകി വന്നതാണ് ഈ ദുരന്തത്തിലേക്ക് നയിച്ചത്. ജനങ്ങളെ കുറിച്ച് വിജയ് ചിന്തിക്കുന്നില്ല. മുഖ്യമന്ത്രി ആകുക മാത്രമാണ് വിജയ്യുടെ ലക്ഷ്യമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ ആരോപിച്ചു. ടിവികെയുടെ ഗൂഢാലോചനാവാദവും ഡിഎംകെ തള്ളി. ആള്‍ക്കൂട്ടത്തിനിടയില്‍ സെന്തില്‍ ബാലാജി എന്ത് ചെയ്യാന്‍ ആണെന്ന് അദ്ദേഹം ചോദിച്ചു. വിജയ് മനുഷ്യത്വം ഇല്ലാത്ത നേതാവാണെന്നും സ്വന്തം സുരക്ഷ മാത്രം നോക്കി വിജയ് ഓടി ഒളിക്കുകയായിരുന്നെന്നും കനിമൊഴി എംപി.
നേരത്തെ വൈകാരിക പ്രതികരണവുമായാണ് വിജയ് രംഗത്തുവന്നത്. 'എന്റെ ജീവിതത്തില്‍ ഇത്രയും വേദനയുണ്ടായൊരു സാഹചര്യം നേരിട്ടിട്ടില്ല. മനസില്‍ വേദന മാത്രം. ആളുകള്‍ കാണാന്‍ വന്നത് എന്നോടുള്ള വിശ്വാസവും സ്നേഹവും കാരണം. അതിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. അതിനാലാണ് മറ്റെന്തിനേക്കാളും ആളുകളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയത്.
അതിനാലാണ് രാഷ്ട്രീയ കാരണങ്ങളെല്ലാം മാറ്റി വച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സാധിക്കുന്ന ഇടങ്ങള്‍ തെരഞ്ഞെടുത്തതും അനുമതി ചോദിച്ചതുമെല്ലാം. എന്നാല്‍ നടക്കാന്‍ പാടില്ലാത്തത് നടന്നു. ഞാനും മനുഷ്യനാണ്. ആ സമയം അത്രയും പേരെ ബാധിക്കുന്ന വിഷമയുണ്ടാകുമ്പോള്‍ എങ്ങനെ അവിടെ നിന്നും പോരാന്‍ സാധിക്കും. തിരികെ അവിടേക്ക് പോയാല്‍ അത് കാരണം വേറെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ അത് ഒഴിവാക്കാനാണ് ശ്രമിച്ചത്.
സ്വന്തക്കാരെ നഷ്ടപ്പെട്ട് വേദനിക്കുന്നവരോടുള്ള ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു. എന്ത് പറഞ്ഞാലും മതിയാകില്ലെന്ന് അറിയാം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെല്ലാം വേഗത്തില്‍ സുഖപ്പെട്ട് തിരികെ വരണമെന്ന് ഞാന്‍ ഈ സമയം പ്രാര്‍ത്ഥിക്കുന്നു. ഉടനെ തന്നെ നിങ്ങളെയെല്ലാവരേയും കാണും. ഈ നേരം ഞങ്ങളുടെ വേദന മനസിലാക്കി സംസാരിച്ച രാഷ്ട്രീയ നേതാക്കള്‍ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. അഞ്ച് മണ്ഡലങ്ങളില്‍ പ്രചരണത്തിന് പോയിട്ടുണ്ട്.
എന്നാല്‍ കരൂരില്‍ മാത്രം എന്തുകൊണ്ട് ഇങ്ങനൊരു സംഭവമുണ്ടായി? എല്ലാ സത്യവും പുറത്ത് വരണം. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. കരൂരിലെ ജനങ്ങള്‍ നടന്നത് പറയുമ്പോള്‍ ദൈവം തന്നെ ഇറങ്ങി വന്ന് സത്യം വിളിച്ച് പറയുന്നത് പോലെ എനിക്ക് തോന്നി. ഉടനെ തന്നെ സത്യം പുറത്ത് വരും. ഞങ്ങള്‍ക്ക് അനുവദിച്ച സ്ഥലത്ത് പോയി നിന്ന് സംസാരിച്ചുവെന്നല്ലാതെ ഞങ്ങളൊന്നും ചെയ്തിട്ടില്ല.
എങ്കിലും ഞങ്ങളുടെ പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കെതിരെ എഫ്ഐആറിട്ടു. സിഎം സാര്‍, നിങ്ങള്‍ക്ക് ആരെയെങ്കിലും ശിക്ഷിക്കണം എന്നുണ്ടെങ്കില്‍ എന്നെ എന്ത് വേണമെങ്കിലും ചെയ്യാം. അവരുടെ ദേഹത്ത് കൈ വെക്കരുത്. ഞാന്‍ വീട്ടില്‍ കാണും, ഇല്ലെങ്കില്‍ ഓഫീസില്‍ കാണും. സുഹൃത്തുക്കളേ ബഹുമാനപ്പെട്ടവരേ, നമ്മുടെ രാഷ്ട്രീയയാത്ര ഇനിയും ശക്തമായി തന്നെ മുന്നോട്ട് പോകും'.