അഡിസ് അബാബ: ആഫ്രിക്കയിലെ ഏറ്റവും വലിയ വിമാനത്താവളവുമായി എത്യോപ്യ. 12.5 ബില്യണ്‍ ഡോളറാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ എയര്‍ലൈനായ എത്യോപ്യന്‍ എയര്‍ലൈന്‍സ് ഗ്രൂപ്പാണ് ബിഷോഫ്തു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതായി പ്രഖ്യാപിച്ചത്. പദ്ധതി 2030 ല്‍ പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ വിമാനത്താവളത്തിന്റെ രൂപകല്‍പ്പനയും വിമാനത്താവളം നിര്‍മ്മിക്കുന്നതിനായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസ പദ്ധതിയും സംബന്ധിച്ച കാര്യങ്ങള്‍ കഴിഞ്ഞ ദിവസം എത്യോപ്യന്‍ എയര്‍ലൈന്‍സ് പുറത്തു വിട്ടിരുന്നു.

പ്രതിവര്‍ഷം 60 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ഈ വിമാനത്താവളത്തിന് കഴിയും. വിമാനത്താവളം പൂര്‍ണമായും പൂര്‍ത്തിയാകുമ്പോള്‍ 110 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി ഇതിനുണ്ടാകും. ഇത് എത്യോപ്യയുടെ നിലവിലെ പ്രധാന വിമാനത്താവളത്തിന്റെ ശേഷിയുടെ നാലിരട്ടിയിലധികമാണ്. തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള ബിഷോഫ്റ്റുവിലാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമയാന അടിസ്ഥാന സൗകര്യ പദ്ധതിയായിരിക്കും ബിഷോഫ്റ്റു അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലി എക്‌സില്‍ പറഞ്ഞത്.

270 വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം വിമാനത്താവളത്തിലുണ്ടാകും. എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഈ മാസം പത്തിനാണ് വിമാനത്താവള നിര്‍മ്മാണം ആരംഭിച്ചത്. 'ആഫ്രിക്കയിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ ് പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ബിഷോഫ്തു അന്താരാഷ്ട്ര വിമാനത്താവളം. ആഫ്രിക്കന്‍ കോണ്ടിനെന്റല്‍ ഫ്രീ ട്രേഡ് ഏരിയ നടപ്പിലാക്കുന്നതില്‍ ഇത് ഒരു പ്രധാന പങ്കു വഹിക്കുന്നു.

ആധുനികവല്‍ക്കരണത്തിലേക്കും സമൃദ്ധിയിലേക്കും ഉള്ള എത്യോപ്യയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിട്ടാണ് പ്രധാനമന്ത്രി അബി അഹമ്മദ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. എത്യോപ്യന്‍ എയര്‍ലൈന്‍സില്‍ നിലവില്‍ ഇരുപത്തിയാറായിരത്തോളം ജീവനക്കാരാണ് ഉള്ളത്. എത്യോപ്യന്‍ എയര്‍ലൈന്‍സ് 160-ലധികം ആഭ്യന്തര, അന്തര്‍ദേശീയ യാത്രാ കേന്ദ്രങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്തുകയാണ്.