ദുബായ്: സമൂഹമാധ്യമങ്ങള്‍ വ്യാപകമായതോടെ മനുഷ്യ സ്വഭാവത്തില്‍ ഇടംപിടിച്ച ഒന്നാണ് സെല്‍ഫി ഭ്രാന്ത്. എന്തു ചെയ്താലും എവിടെ പോയാലും സെല്‍ഫി എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് ഇന്ന് ഒരു പതിവാണ്. തീര്‍ച്ചയായും ഇത് നിങ്ങള്‍ ആസ്വദിച്ച നല്ല മുഹൂര്‍ത്തങ്ങളുടെ ഓര്‍മ്മകള്‍ സജീവമാക്കി നിര്‍ത്താന്‍ ഉപകരിക്കും എന്നാല്‍ തെറ്റായ സ്ഥലത്ത് വെച്ച് സെല്‍ഫി എടുത്താല്‍ അത് ഒരുപക്ഷെ നിങ്ങള്‍ക്ക് നല്‍കുന്നത് ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഓര്‍മ്മകളായിരിക്കും. ചില രാജ്യങ്ങളില്‍, നിങ്ങള്‍ തീര്‍ത്തും നിഷ്‌ക്കളങ്കമായി എടുക്കുന്ന സെല്‍ഫികള്‍ ക്രിമിനല്‍ കുറ്റമായി പരിഗണിച്ചേക്കാം. അതിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുകയാണ് ലക്ഷ്വറി ട്രാവല്‍ സ്പെഷ്യലിസ്റ്റുകളായ ഈഷോര്‍സ്.

ചില ഇടങ്ങളില്‍ സെല്‍ഫികള്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. മറ്റിടങ്ങളീല്‍ നിങ്ങളുടെ സെല്‍ഫിയില്‍ അന്യരായ വ്യക്തികളുടെ മുഖം, വ്യക്തമായി കാണത്തക്കവിധം ഇടംപിടിച്ചിട്ടുണ്ടെങ്കില്‍ അത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുവാന്‍ അവരുടെ അനുവാദം വാങ്ങിയിരിക്കണം. അതില്ലാതെ പോസ്റ്റ് ചെയ്താല്‍ ഒരുപക്ഷെ 1,10,000 പൗണ്ട് വരെ പിഴ ഒടുക്കേണ്ടതായി വന്നേക്കാം. ചിലപ്പോള്‍ ജയില്‍ ശിക്ഷയും ലഭിച്ചേക്കും. ദുബായ് അത്തരമൊരിടമാണ്. ഏറെ ജനപ്രിയ വിനോദകേന്ദ്രങ്ങളുള്ള ദുബായില്‍, സന്ദര്‍ശനത്തിനിടെ ഫോട്ടോ എടുത്തു സൂക്ഷിക്കേണ്ടത് ഒരു ആവശ്യം തന്നെയാണ്.

എന്നാല്‍, നിങ്ങള്‍ സെല്‍ഫികള്‍ എടുക്കുമ്പോള്‍ അതില്‍ അന്യരാരും ഉള്‍പ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തണം. അതല്ലെങ്കില്‍, അവരുടെ അനുവാദം വാങ്ങിയതിനു ശേഷം മാത്രമെ നിങ്ങള്‍ക്ക് ഈ ചിത്രങ്ങല്‍ പോസ്റ്റ് ചെയ്യാന്‍ നിയമപരമായി അനുവാദമുള്ളു. യു എ ഇയിലെ സ്വകാര്യത സംരക്ഷണ നിയമം അനുശാസിക്കുന്നത് അതാണ്. അതുപോലെ ദുബായില്‍, സര്‍ക്കാര്‍ കെട്ടിടങ്ങളിലും സൈനിക കേന്ദ്രങ്ങളിലും അതുപോലെ ചില പ്രത്യേക ഇടങ്ങളിലും സെല്‍ഫി പൂര്‍ണ്ണമായും നിരോധിച്ചിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ദുബായ് സന്ദര്‍ശിക്കുമ്പോള്‍ കരുതലോടെ ഇരിക്കുക.

സ്പെയിന്‍ സന്ദര്‍ശനവേളയില്‍ സെല്‍ഫിയോ ഫോട്ടോയോ എടുക്കുമ്പോള്‍ അതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വരാതിരിക്കാന്‍ ശ്രമിക്കുക. പൊതുയിടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പമോ അതല്ലെങ്കില്‍ പോലീസ് ഉദ്യോഗസ്ഥരുടെയോ, അതുമല്ലെങ്കില്‍ അവര്‍ ഉള്‍ക്കൊള്ളുന്നതോ ആയ ചിത്രമെടുത്താല്‍ 530 പൗണ്ട് മുതല്‍ 26,400 പൗണ്ട് വരെ പിഴയൊടുക്കേണ്ടി വന്നേക്കും. പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടുള്ള 2015 ലെ വിവാദ നിയമത്തില്‍ ഇപ്പോള്‍ ചില ഇളവുകള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോള്‍, അനുമതിയില്ലാതെ പോലീസ് ഉദ്യോഗസ്ഥരെ ചിത്രങ്ങളില്‍ ഉള്‍ക്കൊള്ളിക്കുന്നത് കുറ്റകരമാണ്.

ജപ്പാനില്‍, ട്രെയിന്‍ സ്റ്റേഷനുകളിലും പരമ്പരാഗത ഋയോക്കന്‍ സത്രങ്ങളിലും ഫോട്ടോഗ്രാഫി പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്.അതുപോലെ ചരിത്ര പ്രസിദ്ധമായ ഗേഷാ ജില്ലകളിലും ഫോട്ടോഗ്രാഹിക്ക് നിരോധനമാണ്. വിനോദ സഞ്ചാരികള്‍ ഗേഷാ നര്‍ത്തകികളെ ശല്യപ്പെടുത്താതിരിക്കുന്നതിനാണ് ഈ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനുവാദമില്ലാതെ ഒരു ഗേഷാ നര്‍ത്തകിക്കൊപ്പം ചിത്രമെടുത്താലൊ, ചില പ്രത്യേക സ്ഥലങ്ങളില്‍ വെച്ച് അവരുടെ ചിത്രങ്ങള്‍ എടുത്താലോ 70 പൗണ്ട് വരെ പിഴ ഒടുക്കേണ്ടതായി വന്നേക്കും.

ഇറ്റലിയിലെ പോര്‍ട്ടോഫിനോയില്‍, നോ വെയിറ്റിംഗ് സോണുകളില്‍ ഒരു സെല്‍ഫി ക്ലിക്ക് ചെയ്യുന്നതിനായി കൂടുതല്‍ സമയം ചെലവഴിച്ചാല്‍ ഒരുപക്ഷെ 242 പൗണ്ട് പിഴ ഒടുക്കേണ്ടതായി വരും. ദക്ഷിണ കൊറിയയില്‍ സ്വകാര്യത സംരക്ഷണ നിയമം കൂടുതല്‍ കര്‍ക്കശമാണ്. സ്വകാര്യ ഇടങ്ങളിലോ തെരുവുകളിലോ, അനുവാദമില്ലാതെ ഒരാളുടെ ഫോട്ടോ എടുത്താല്‍ ക്രിമിനല്‍ നടപടികള്‍ക്ക് വിധേയരായേക്കാം. ഒരുപക്ഷെ ജയില്‍ ശിക്ഷ വരെ ലഭിക്കാനും സാധ്യതയുണ്ട്.