ടെഹ്‌റാന്‍: ഇറാനില്‍ തകര്‍ന്നു വീണ വിമാനത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട അമേരിക്കന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ സി.ഐ.എ. ഉപയോഗിച്ചത് ഹൃദയമിടിപ്പ് വരെ തിരിച്ചറിയാന്‍ ശേഷിയുള്ള അതീവ രഹസ്യ സാങ്കേതികവിദ്യ. 'ഗോസ്റ്റ് മര്‍മര്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം 'ലോംഗ് റേഞ്ച് ക്വാണ്ടം മാഗ്നറ്റോമെട്രി' ഉപയോഗിച്ചാണ് ഇറാനിലെ ദുര്‍ഘടമായ മലനിരകളില്‍ ഒളിച്ചിരുന്ന സൈനികനെ മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചറിഞ്ഞത്. മനുഷ്യ ഹൃദയത്തില്‍ നിന്നുണ്ടാകുന്ന അതിസൂക്ഷ്മമായ വൈദ്യുതകാന്തിക തരംഗങ്ങളെ മൈലുകള്‍ക്കപ്പുറത്തുനിന്ന് തിരിച്ചറിയാന്‍ ഈ ഉപകരണത്തിന് സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

നിലവില്‍ ആശുപത്രികളില്‍ ഹൃദയമിടിപ്പ് പരിശോധിക്കാന്‍ സെന്‍സറുകള്‍ നെഞ്ചോട് ചേര്‍ത്ത് വെക്കേണ്ടി വരുമ്പോള്‍, ഗോസ്റ്റ് മര്‍മര്‍ വഴി കിലോമീറ്ററുകള്‍ അകലെ നിന്ന് തന്നെ ഒരാളുടെ സാന്നിധ്യം ഉറപ്പിക്കാം. എ.ഐ ഉപയോഗിച്ചാണ് പശ്ചാത്തല ശബ്ദങ്ങളില്‍ നിന്ന് മനുഷ്യന്റെ ഈ സവിശേഷ സിഗ്നലുകള്‍ വേര്‍തിരിച്ചെടുക്കുന്നത്. ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ അതീവ രഹസ്യ ഗവേഷണ വിഭാഗമായ 'സ്‌കങ്ക് വര്‍ക്സ്' ആണ് ഈ വിസ്മയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

ആയിരം ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുള്ള ഒരു സ്റ്റേഡിയത്തില്‍ ഒരാള്‍ സംസാരിക്കുന്നത് തിരിച്ചറിയുന്നത് പോലെ അസാധ്യമായ ഒന്നാണ് ഈ സാങ്കേതികവിദ്യയിലൂടെ തങ്ങള്‍ സാധ്യമാക്കിയതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. യു-2, ബ്ലാക്ക്ബേര്‍ഡ് തുടങ്ങിയ ചാരവിമാനങ്ങള്‍ വികസിപ്പിച്ച അതേ വിഭാഗമാണിത്. ദക്ഷിണ ഇറാനിലെ മലനിരകളില്‍ എഫ്-15 യുദ്ധവിമാനം തകര്‍ന്നു വീണതിനെത്തുടര്‍ന്ന് കാണാതായ 'ഡ്യൂഡ് 44 ബ്രാവോ' എന്നറിയപ്പെടുന്ന വെപ്പണ്‍സ് സിസ്റ്റം ഓഫീസറെ കണ്ടെത്താനാണ് ഈ ഉപകരണം ആദ്യമായി പ്രയോഗിച്ചത്. രണ്ടു ദിവസത്തോളം ഇറാനിയന്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് മലയിടുക്കിലെ ഗുഹയില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇദ്ദേഹം.

മരുഭൂമിയിലെ കുറഞ്ഞ കാന്തിക തടസ്സങ്ങള്‍ സിഗ്നലുകള്‍ കൃത്യമായി ലഭിക്കാന്‍ സഹായകമായി. കൃത്രിമമായി നിര്‍മ്മിച്ച വജ്രങ്ങളിലെ ആറ്റം ഘടനയിലുള്ള മാറ്റങ്ങള്‍ നിരീക്ഷിച്ചാണ് ക്വാണ്ടം മാഗ്നറ്റോമെട്രി പ്രവര്‍ത്തിക്കുന്നത്. ലേസര്‍ രശ്മികള്‍ ഈ വജ്രങ്ങളിലൂടെ കടത്തിവിട്ട്, ഹൃദയമിടിപ്പ് പോലെയുള്ള അതീവ നേര്‍ത്ത കാന്തിക മാറ്റങ്ങള്‍ പോലും സെന്‍സറുകള്‍ പിടിച്ചെടുക്കും. പ്രപഞ്ചത്തിലെ ഗ്രഹങ്ങളെക്കുറിച്ചും മനുഷ്യശരീരത്തിലെ നാഡീവ്യവസ്ഥകളെക്കുറിച്ചും പഠിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് സൈനികാവശ്യങ്ങള്‍ക്കായി പരിഷ്‌കരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സി.ഐ.എ. ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫും ഈ രഹസ്യ ദൗത്യത്തെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. വൈക്കോല്‍ കൂനയില്‍ നിന്ന് സൂചി തിരയുന്നത് പോലെ ദുഷ്‌കരമായിരുന്നു ഈ ദൗത്യമെന്നും, ശത്രുക്കളുടെ കണ്ണില്‍പ്പെടാത്ത സൈനികനെ കണ്ടെത്താന്‍ സി.ഐ.എയ്ക്ക് കഴിഞ്ഞുവെന്നും റാറ്റ്ക്ലിഫ് വ്യക്തമാക്കി. ഏകദേശം 40 മൈല്‍ അകലെ നിന്നുപോലും സൈനികനെ തിരിച്ചറിയാന്‍ ഈ സാങ്കേതികവിദ്യ സഹായിച്ചതായി ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

155 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പങ്കെടുത്ത വന്‍ സൈനിക നീക്കത്തിലൂടെയാണ് ഇറാനിയന്‍ സൈന്യത്തിന്റെ മൂക്കിനു താഴെ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയത്. ദുഖവെള്ളി ദിനത്തിലാണ് അമേരിക്കന്‍ വിമാനം ഇറാനിയന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നത്. പൈലറ്റിനെ ഉടന്‍ തന്നെ രക്ഷപ്പെടുത്തിയെങ്കിലും പരിക്കേറ്റ ഉദ്യോഗസ്ഥന്‍ മലനിരകളിലേക്ക് മാറി ഒളിക്കുകയായിരുന്നു. ഇറാനിയന്‍ സേന ഇദ്ദേഹത്തിനായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഗോസ്റ്റ് മര്‍മറിന്റെ സഹായത്തോടെ സി.ഐ.എ കൃത്യമായ സ്ഥലം കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ തകരാറിലായ രണ്ട് സി-130 വിമാനങ്ങളും ഒരു ഹെലികോപ്റ്ററും അമേരിക്കന്‍ സൈന്യത്തിന് തന്നെ സ്ഫോടനത്തിലൂടെ നശിപ്പിക്കേണ്ടി വന്നു.

അത്യാധുനിക സാങ്കേതികവിദ്യകള്‍ ശത്രുക്കളുടെ കൈകളില്‍ എത്താതിരിക്കാനായിരുന്നു ഈ നീക്കം. സീല്‍ ടീം സിക്സിലെ കമാന്‍ഡോകള്‍ നേരിട്ടാണ് സൈനികനെ സുരക്ഷിതമായി തിരിച്ചെത്തിച്ചത്. ഭാവിയില്‍ എഫ്-35 യുദ്ധവിമാനങ്ങളിലും ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളിലും ഈ ക്വാണ്ടം സെന്‍സറുകള്‍ ഘടിപ്പിക്കാന്‍ അമേരിക്കയ്ക്ക് പദ്ധതിയുണ്ട്. യുദ്ധക്കളത്തില്‍ ഒളിച്ചിരിക്കുന്ന ശത്രുക്കളെ കണ്ടെത്താനും തകര്‍ന്നു വീഴുന്ന സൈനികരെ മിനിറ്റുകള്‍ക്കുള്ളില്‍ രക്ഷപ്പെടുത്താനും ഈ സാങ്കേതികവിദ്യ വഴിത്തിരിവാകുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.