- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭര്‍ത്താവ് എറണാകുളം ജില്ലാ കലക്ടര്‍; ഭാര്യ ഇടുക്കി കലക്ടര്‍; വ്യത്യസ്ത ജാതികളില്‍ നിന്ന് വിവാഹം കഴിച്ച് മാതൃക; ഭരണചക്രം തിരിച്ച് 'പവര്‍ കപ്പിള്‍സ്'
ഇടുക്കി: ഇടുക്കി ജില്ലാ കലക്ടറായി കോട്ടയം കലക്ടര്‍ വി. വിഘ്‌നേശ്വരിയെ നിയമിച്ചു. നിലവിലെ കലക്ടര്‍ ഷീബ ജോര്‍ജ് റവന്യു ജോയിന്റ് സെക്രട്ടറിയായി പോകുന്ന ഒഴിവിലാണ് നിയമനം.
മധുര സ്വദേശിനിയായ വിഘ്‌നേശ്വരി 2015 ബാച്ച് സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് സബ് കലക്ടര്‍, കൊളീജിയറ്റ് എജുക്കേഷന്‍ ഡയറക്ടര്‍, കെ.ടി.ഡി.സി മാനേജിങ് ഡയറക്ടര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ജില്ലയുടെ നാല്‍പ്പത്തി ഒന്നാമത് കലക്ടറായിട്ടാണ് നിയമിതയായിരിക്കുന്നത്. എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷാണ് ഭര്‍ത്താവ്.
പ്രളയകാലത്തെ ഉമേഷിന്റെ പ്രവര്‍ത്തനം ഏറെ കൈയടി നേടിയിരുന്നു. തമിഴ്നാട്ടുകാരനാണെങ്കിലും ഇതിനോടകം കേരളത്തിലെ ജനങ്ങളുടെ മനസില്‍ ഇടം നേടാന്‍ ഉമേഷിന് സാധിച്ചിട്ടുണ്ട്. ബ്രഹ്‌മപുരം തീപിടുത്തം സജീവമായി നിലനില്‍ക്കെയാണ് ഉമേഷ് എറണാകുളം കളക്ടറാകുന്നത്.
മധുരയിലാണു വളര്‍ന്നതെങ്കിലും ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയില്‍ നിന്നുള്ളയാളാണ് ഉമേഷ്. ഉമേഷ് നേരത്തെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ ആയിരുന്നു. വയനാട് സബ് കളക്ടര്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 ല്‍ അന്നത്തെ കോഴിക്കോട് സബ് കളക്ടറും മധുര സ്വദേശിയുമായ വിഘ്നേശ്വരിയുമായിട്ടായിരുന്നു ഉമേഷിന്റെ വിവാഹം. രണ്ട് പേരും വ്യത്യസ്ത ജാതിക്കാരായതിനാലും ഐ എ എസുകാരായതിനാലും വിവാഹം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. തമിഴ്‌നാട്ടിലെ ജാതിവെറിക്ക് എതിരായ സന്ദേശം കൂടിയായിരുന്നു ഇരുവരുടെയും വിവാഹം
ടിസിഎസില്‍ സിസ്റ്റം എന്‍ജിനീയറായി ജോലി നോക്കുന്നതിനിടെയാണു വിഘ്‌നേശ്വരിക്ക് സിവില്‍ സര്‍വീസ് ലഭിച്ചത്. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് അഫയേഴ്‌സില്‍ അസിസ്റ്റന്റ് സെക്രട്ടറിയായിട്ടായിരുന്നു ആദ്യ നിയമനം. തുടര്‍ന്നു കേരളത്തിലേക്ക്. സിവില്‍ സര്‍വീസ് അക്കാദമിയില്‍ വെച്ച് കണ്ടുമുട്ടിയ ഇരുവരുടേയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. മധുരയില്‍ നിന്ന് ഒരേ വര്‍ഷം രണ്ടു പേര്‍ക്കു സിവില്‍ സര്‍വീസ് ലഭിച്ചതു വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
പത്താം ക്ലാസിലും പ്ലസ് ടുവിലും മികച്ച വിജയം നേടിയാണ് ഉമേഷ് എന്‍ എസ് കെ, ഐ എ എസ് എന്ന സ്വപ്നത്തിലേക്ക് ആദ്യ ചുവട് വെച്ചത്. പൊളിറ്റിക്കല്‍ സയന്‍സും, ഇന്റര്‍നാഷണല്‍ അഫയേഴ്സുമായിരുന്നു ഐച്ഛിക വിഷയങ്ങള്‍. സേലം സ്വദേശിയായ ഉമേഷ് ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ മാനേജരായിരുന്ന കേശവിന്റേയും സിന്‍ഡിക്കേറ്റ് ബാങ്കില്‍ ക്ലാര്‍ക്കായിരുന്ന ഭാനുമതിയുടേയും മകനാണ്.