- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയും ഖത്തറും ഫണ്ടിങ് നിർത്തിയിട്ടും പോപ്പുലർ ഫ്രണ്ടിന് പണം വരുന്നത് എവിടെ നിന്ന്? മാറാട് കൂട്ടക്കൊലക്കാലത്ത് 430 കോടിയുടെ വിവാദം; ഹാദിയയെ മതം മാറ്റിയപ്പോഴും സിഎഎ സമരത്തിലും കോടികൾ ഒഴുകി; എന്നിട്ടും ഉറവിടം കണ്ടെത്താൻ കഴിയുന്നില്ല; അന്വേഷണം ആഗോള ഭീകരവാദ ശൃംഖലയായ ഹഖാനി നെറ്റ് വർക്കിലേക്കോ?
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളായ എൻഐഎയും ഇഡിയും ബുധനാഴ്ച അർധരാത്രിയോടെ റെയ്ഡ് നടത്തിത് വലിയ കോളിക്കം സൃഷ്ടിച്ചിരിക്കയാണല്ലോ. അതിന്റെ പേരിൽ കേരളം ഹർത്താലിലേക്ക് നീങ്ങുകയാണ്. ഒരു വർഷത്തോളമായി പോപ്പുലർ ഫ്രണ്ടിനെ നിരീക്ഷിച്ച ശേഷമാണ് കേന്ദ്രനീക്കം. 13 സംസ്ഥാനങ്ങളിൽ റെയ്ഡ് നടന്നുവെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഓഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദീൻ എളമരം എന്നിവരടക്കം നൂറോളം പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്തത്. കേരളത്തിൽ നിന്നും 22 പേരെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. ഇതിൽ എത്രപേരുടെ അറസ്റ്റ് വിവരങ്ങൾ രേഖപ്പെടുത്തി എന്ന് വ്യക്തമല്ല.
ഇതിലേക്ക് എൻഐഎയെയും ഇഡിയെയും നയിച്ചത് ഇന്ത്യയിലേക്ക് വൻ തോതിൽ ഫണ്ട് ഒഴുകുന്നു എന്നതുതന്നെയാണ്. സിഎഎ സമരത്തിലും, ഹാദിയ കേസിലും, മറാാട് കലാപക്കേസിലുമൊക്കെ വൻ തോതിൽ പോപ്പുലർ ഫ്രണ്ടിന് ഫണ്ട് ഒഴുകിയെന്ന് ഇഡിക്ക് വിവരം കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് പോപ്പുലർ ഫ്രണ്ട് സംശയ ദൃഷ്ടിയിൽ ആയത്. നേരത്തെ ഖത്തറിൽ നിന്നായിരുന്നു കേരളത്തിലെ അടക്കം ഇസ്ലാമിക സംഘടനകൾക്ക് വൻതോതിൽ പണം വന്നിരുന്നത്. ഖത്തർ ഹവാല എന്ന് വിളിച്ചിരുന്ന, ഇസ്ലാമിക പ്രബോധനത്തിന് വരുന്ന ഈ പണം നിന്നുപോയതാണ് സത്യത്തിൽ മാധ്യമവും, തേജസും അടക്കമുള്ള ഇസ്ലാമിക പത്രങ്ങളെപ്പോലും ബാധിച്ചത് എന്ന് ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു .എന്തായാലും ഖത്തറും സൗദിയും ഇപ്പോൾ തീവ്രവാദ പ്രസ്ഥാനങ്ങളെ പ്രോൽസാഹിപ്പിക്കാറില്ല. എന്നിട്ടും പോപ്പുലർ ഫ്രണ്ടിന് എവിടെ നിന്നാണ് കോടികളുടെ ഫണ്ട് കിട്ടുന്നത് എന്നതാണ് എൻഐഎയെയും ഇ ഡിയെയും കുഴക്കുന്നത്. ആഗോള ഭീകരവാദ ശൃഖലയായ ഹഖാനി നെറ്റ് വർക്കിൽനിന്നാണ് അവർക്ക് പണം ഒഴുകുന്നതെന്ന് സൂചനയുണ്ടെന്ന് പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിന്റെ തെളിവ് തേടിയാണ് എൻഐഎ അന്വേഷണം നടക്കുന്നത്.
എന്താണ് ഹഖാനി നെറ്റ് വർക്ക്?
ലോകത്തെ ഏറ്റവും അപകടകാരികളായ ഭീകരസംഘടനയായ ഹഖാനി നെറ്റ്വർക്ക് ആണെന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്. ഐഎസും അൽഖായിദയും, താലിബാനും അടക്കമുള്ള ലോകത്തിലെ വിവിധ ഇസ്ലാമിക തീവ്രവാദ സംഘടനകൾക്ക് പണം വരുന്ന് ഇവിടെ നിന്നാണ്. താലിബാൻ ഉൽപ്പാദിപ്പിക്കുന്ന ഓപ്പിയത്തിന്റെ കള്ളക്കടത്തുതൊട്ട്, പ്രമുഖരെ ബന്ദിയാക്കി മോചനദ്രവ്യം നേടുന്നത് അടക്കമുള്ള വിവിധ ധന സമ്പാദന മാർഗങ്ങൾ ഇയർക്കുണ്ട്. അതുപോലെ ലോകത്തിലെ കോടീശ്വരന്മാരായ മുസ്ലീങ്ങളുടെ കൈയച്ചുള്ള സംഭാവനയും ഇവർക്ക് കിട്ടുന്നു. ഇപ്പോൾ ഖത്തറും സൗദിയും തീവ്രവാദ ബന്ധങ്ങളിൽനിന്ന് പിന്നോട്ട് അടിച്ചതോടെ, തുർക്കിയും അഫ്ഗാനിസ്ഥാനും വഴിയാണ് ഇവരുടെ ഓപ്പറേഷൻ എന്നാണ് അറിയുന്നത്.
ഇപ്പോൾ ഹഖാനി നെറ്റ് വർക്കിന്റെ മേധാവിയായ ഖലീൽ ഹഖാനി അഫ്ഗാനിലാണ്. പാക്കിസ്ഥാനുമായി വളരെ അടുപ്പമുള്ള ഹഖാനി നെറ്റ്വർക്ക് ഒരേ സമയം താലിബാനുമായും അവരുടെ ശത്രുക്കളായ ഐ എസ് ഖൊറാസാൻ ഗ്രൂപ്പുമായും ബന്ധം പുലർത്തുവയാണ്്. ഈ ഖലീൽ ഖഹാനിയും അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലാണ്. ബിൻ ലാദനുമായുള്ള ബന്ധത്തിന്റെ പേരിൽ 2011 ഫെബ്രുവരി 9-നാണ് ഹഖാനിയെ അമേരിക്ക 'മോസ്റ്റ് വാണ്ടഡ് ടാർഗെറ്റ്' പട്ടികയിൽ ഉൾപ്പെടുത്തിയത്. 2011 ഫെബ്രുവരി 9-നാണ് ഹഖാനിയെ അമേരിക്ക മോസ്റ്റ് വാണ്ടഡ് ടാർഗെറ്റ് പട്ടികയിൽ ഉൾപ്പെടുത്തിയത്. കൊടുംഭീകരരുടെ പട്ടികയിലുള്ള ഖലീൽ കഴിഞ്ഞ വർഷമാണ് അഫ്ഗാനിസ്ഥാനിലെത്തിയത്.
കാബൂളിലെത്തിയ ഖലീലിന് വൻ സ്വീകരണമാണ് ലഭിച്ചത്. അമേരിക്കൻ സൈനികർ ഇവിടെ ഉള്ളപ്പോൾ തന്നെയാണ് അമേരിക്ക അമ്പത് മില്യൻ ഡോളർ തലയ്ക്ക് വിലയിട്ട ഖലീൽ ഹഖാനി ചടങ്ങുകളിൽ പരസ്യമായി പങ്കെടുത്തത്. താലിബാൻ സർക്കാരിൽ ഖലീൽ ഹഖാനിക്ക് കാര്യമായ സ്ഥാനമുണ്ട്. സുരക്ഷയുടെ ചുമതലാണ് ഇയാൾക്ക് നൽകിയത്. ഖലീലിന്റെ സഹോദരൻ ജലാലുദ്ദീൻ ഹഖാനിയാണ് ഹഖാനി നെറ്റ് വർക്ക് സ്ഥാപിച്ചത്.
1990 കളുടെ മധ്യത്തിൽ മുല്ല മുഹമ്മദ് ഒമറിന്റെ താലിബാൻ ഭരണകൂടത്തിൽ അംഗമായിരുന്നു ജലാലുദ്ദീൻ ഹഖാനി. താലിബാനും ഹഖാനി നെറ്റ്വർക്കിനും ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തുന്നത് ഖലീൽ ഹഖാനിയാണ്. കൂടാതെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി പലപ്പോഴും വിദേശയാത്രകളും നടത്തുന്നുണ്ട്. ഇപ്പോൾ ഐഎസും താലിബാനും കൂടാതെ ലോകത്തിലെ 63 സംഘടനകൾക്ക് കൂടി ഹഖാനി നെറ്റ്വർക്ക് ഫണ്ട് നൽകുന്നുവെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിൽ ഉന്ത്യയിലെ ഏതെങ്കിലും സംഘടന ഉൾപ്പെട്ടോ എന്ന പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.
മാറാട് കലാപം തൊട്ട് വന്നത് കോടികൾ
2003ലെ മാറാട് കൂട്ടക്കൊലം തൊട്ട് പോപ്പുലർ ഫ്രണ്ടിന് കോടികൾ ഫണ്ട് വരുന്നുണ്ടെന്ന് ആരോപണമുണ്ട്. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഉന്നതഗൂഢാലോചനയെ കുറിച്ച് ആദ്യം അന്വേഷിച്ച റിട്ട. ക്രൈം ബ്രാഞ്ച് സൂപ്രണ്ട് സി.എം.പ്രദീപ് കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കുന്നത്.
ഈ കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായി 2010 ജൂൺ 30 മുതൽ 2012 ജനവരി 25 വരെ സേവനമനുഷ്ഠിച്ച താൻ പെട്ടന്നാണ് സ്ഥലം മാറ്റപ്പെട്ടത് എന്നാണ് പ്രദീപ് പറയുന്നത്. 1999-2002 കാലയളവിൽ വിദേശത്ത് നിന്ന് 430 കോടി രൂപ ഇവിടുത്തെ പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കായി എത്തിയതിനെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചതിനെ കുറിച്ചും സിബിഐ അന്വേഷണം നടക്കാതിരിക്കാൻ സമ്മർദം ഉണ്ടായതും പ്രദീപ് കുമാറിന്റെ സത്യവാങ്മൂലത്തിലുണ്ട്.
2017ൽ ഹാദിയകേസിന്റെ സമയത്ത് സംഘടിതമായി മതപരിവർത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഒളിക്യാമറയിൽ സമ്മതിക്കുന്നത് വൻ വിവാദമായിരുന്നു. സംഘടനയുടെ ലക്ഷ്യം രാജ്യത്തും പിന്നീട് മറ്റ് സ്ഥലങ്ങളിലും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണെന്നും ഇന്ത്യാ ടുഡേ ചാനൽ നടത്തിയ ഒളിക്യാമറ ഓപറേഷനിൽ നേതാക്കൾ സമ്മതിക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമൺസ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ് സൈനബ, പോപ്പുലർ ഫ്രണ്ട് സ്ഥാപക നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷരീഫ് എന്നിവരുടെ വാക്കുകളാണ് ചാനൽപുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്.
ഹാദിയ കേസിൽ, പരാതിക്കാരനായ ഷഹീൻ ജഹാന് വേണ്ടിയാണ് കപിൽ സിബലിന് 77 ലക്ഷവും, ദുഷ്യന്ത് ദവെയ്ക്ക് 11 ലക്ഷവും, ഇന്ദിര ജയ്സിങ്ങിന് 4 ലക്ഷവും നൽകിയതു വിവാദമായിരുന്നു. ഷഹീൻ ജഹാന്റെ പേരിൽ പോപ്പുലർ ഫ്രണ്ടാണ് ഈ തുക നൽകിയതെന്ന് സീ ന്യൂസ് വെളിപ്പെടുത്തുന്നു.
യുപിയിലെ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ടിന്റെയും റിഹാബ് ഇന്ത്യയുടെയും 15 ബാങ്ക് അക്കൗണ്ടുകളാണ് ഇഡി സൂക്ഷ്മമായി പരിശോധിച്ചത്. 1.04 കോടി രൂപ ഈ 15 അക്കൗണ്ടുകളിലായി നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തി. പോപ്പുലർ ഫ്രണ്ടിന്റെ 10 ഉം റീഹാബിന്റെ 5 ഉം അക്കൗണ്ടുകളിലാണ് 2019 ഡിസംബർ 12 നും 2020 ജനുവരി 6 നും മധ്യേ നിക്ഷേപം എത്തിയത്. അന്വേഷണ ഏജൻസികളെ കബളിപ്പിക്കാൻ വേണ്ടി നിക്ഷേപ തുക എല്ലായ്പോഴും 50,000 ത്തിൽ താഴെയായിരുന്നു. 5,000 ത്തിനും 49,000ത്തിനും ഇടയിൽ. ഇതുവഴി നിക്ഷേപകൻ ആരെന്ന് വെളിപ്പെടുത്തേണ്ടിയും വന്നില്ല. എന്നാൽ, ഈ കാലയളവിൽ 1.34 കോടി രൂപ ഈ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ചതായും കണ്ടെത്തി.പോപ്പുലർ ഫ്രണ്ടിന്റെ 27 അക്കൗണ്ടുകൾ അടക്കം 73 അക്കൗണ്ടുകളാണ് പരിശോധിച്ചത്. 120.5 കോടി രൂപയാണ് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിരിക്കുന്നത്. ഇതിൽ ഏറെയും അന്നുതന്നെയോ രണ്ട മൂന്നു ദിവസത്തിനകമോ പിൻവലിച്ചിട്ടുണ്ട്.
പക്ഷേ ഈ അന്വേഷണത്തിൽ എല്ലാം തന്ത്രപരമായി രക്ഷപ്പെടുകയാണ് പോപ്പുലർ ഫ്രണ്ടുകാർ ചെയ്തത്. അതുകൊണ്ടുതന്നെ പുതിയ അന്വേഷണത്തിന്റെ ഗതിയും എന്താവുമെന്ന് കണ്ടുതന്നെ അറിയണം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ