ടെഹ്റാന്‍: തങ്ങളുടെ പരമോന്നത നേതാവിനെ ഇസ്രയേലും - യുഎസും സംയുക്തമായി ചേര്‍ന്ന കൊലപ്പെടുത്തിയപ്പോള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന ഇറാനിലെ ഒരു കൂട്ടം ആളുകളെക്കുറിച്ചുള്ള വാര്‍ത്തകളോടൊപ്പം തന്നെ ദുഃഖം പ്രകടിപ്പിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. വാര്‍ത്ത വായിക്കുന്നതിനിടെ പൊട്ടിക്കരയുന്ന ചാനല്‍ അവതാരകന്റെ വാര്‍ത്തയായിരുന്നു അതിലൊന്ന്. ഇന്ന് ഖമനേയിയുടെ ഭാര്യയുടെ മരണവാര്‍ത്ത പുറത്തുവന്നപ്പോഴു കഥ വ്യത്യസ്തമല്ല.

ഖമനേയിയുടെ ഭാര്യ 79-കാരിയായ മന്‍സൂറെ ഖൊജസ്‌തേ ബഗര്‍സാദെയുടെ വേര്‍പാട് ഇറാനിയന്‍ ടെലിവിഷന്‍ അവതാരകര്‍ അതീവ ദുഃഖത്തോടെയാണ് പുറംലോകത്തെ അറിയിച്ചത്. ഭര്‍ത്താവ് ആയത്തുള്ള അലി ഖമനേയി ടെഹ്‌റാനിലെ വസതിയില്‍ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഇവരുടെ മരണം. ഖമനേയിയുടെ മകള്‍, പേരക്കുട്ടി, മരുമകള്‍, മരുമകന്‍ എന്നിവരും ഇതേ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഞായറാഴ്ച ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടെഹ്‌റാനിലെ സബ്വേയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ വന്‍തോതില്‍ സ്ത്രീകള്‍ തടിച്ചുകൂടി വിലാപയാത്ര നടത്തുന്നതായി കാണാം. ട്രെയിന്‍ പ്ലാറ്റ്‌ഫോമിന്റെ ഇരുവശങ്ങളിലും നിന്ന് അവര്‍ മുറവിളി കൂട്ടുന്നതും നെഞ്ചത്തടിച്ച് വിലപിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഏകദേശം 40 വര്‍ഷത്തോളം പരമോന്നത നേതാവ് അലി ഖമനേയി ഭരണം നടത്തിയിരുന്ന 'ഹൗസ് ഓഫ് ലീഡര്‍ഷിപ്പിന്' നേരെ ശനിയാഴ്ച നടന്ന ഇസ്രായേല്‍ വ്യോമാക്രമണത്തിന് പിന്നാലെ, അവിടെനിന്നും വലിയ തോതില്‍ പുകപടലങ്ങള്‍ ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പേര്‍ഷ്യന്‍ ഭാഷയില്‍ ആവേശത്തോടെ സംസാരിക്കുന്ന ഒരു സ്ത്രീ പകര്‍ത്തിയ വീഡിയോയില്‍, തകര്‍ന്ന കെട്ടിടസമുച്ചയത്തില്‍ നിന്ന് കറുത്ത പുക ആകാശത്തേക്ക് ഉയരുന്നതും കാറ്റില്‍ പടരുന്നതും കാണാം. അയത്തുള്ളയുടെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മറ്റൊരു സ്ത്രീയുമായി സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കാം. മറ്റൊരു കോണില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍, ടെഹ്‌റാനിലെ തെരുവുകളിലൂടെ വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുമ്പോള്‍ നഗരത്തിന് മുകളില്‍ പുക ഉയരുന്നത് കാണാം. ദൂരെ പുക ഉയരുന്ന ലക്ഷ്യസ്ഥാനത്തേക്ക് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ പോകുന്നതാണ് മൂന്നാമത്തെ വീഡിയോയിലുള്ളത്.

വെള്ളിവെളിച്ചത്തില്‍ നിന്ന് മറഞ്ഞ് നിന്ന ബഗര്‍സാദെ

1965-ലായിരുന്നു ബഗര്‍സാദെയും ഖമനേയിയും തമ്മിലുള്ള വിവാഹം. ഈ ദമ്പതികള്‍ക്ക് നാല് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്. ഇറാനിലെ ഖമനേയിയുടെ കഠിനമായ ഭരണകാലത്തുണ്ടായ പതിറ്റാണ്ടുകള്‍ നീണ്ട പ്രതിസന്ധികള്‍ക്കിടയിലും ബഗര്‍സാദെ ഖമനേയിക്ക് നിശബ്ദമായ പിന്തുണ നല്‍കിയിരുന്നതായാണ് പറയപ്പെടുന്നത്. രാജ്യത്തിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക പദവികളോ പൊതു ഉത്തരവാദിത്തങ്ങളോ അവര്‍ ഏറ്റെടുത്തിരുന്നില്ല. പകരം ക്യാമറകളില്‍ നിന്നും പൊതുജീവിതത്തില്‍ നിന്നും അവര്‍ ഒഴിഞ്ഞുമാറി നിന്നു.

1979-ലെ വിപ്ലവത്തിന് മുമ്പ് ഇറാന്റെ ഭരണാധികാരിയായിരുന്ന ഷാക്കെതിരെയുള്ള ഖമനേയിയുടെ പോരാട്ടത്തില്‍ അവരുടെ പങ്കിനെക്കുറിച്ച് 2011-ല്‍ ഔദ്യോഗിക മാധ്യമത്തിന് നല്‍കിയ അപൂര്‍വ്വ അഭിമുഖത്തില്‍ അവര്‍ പറഞ്ഞത് ഇങ്ങനെയാണ്:

'അദ്ദേഹത്തിന് സമാധാനത്തോടെ തന്റെ ജോലി ചെയ്യാന്‍ കഴിയുന്ന തരത്തില്‍ വീട്ടില്‍ ശാന്തമായ അന്തരീക്ഷം നിലനിര്‍ത്തുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ റോള്‍ എന്ന് ഞാന്‍ കരുതുന്നു. ഞങ്ങളുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹത്തോട് പറയാതെ ഞാന്‍ പലപ്പോഴും ജയിലില്‍ പോയി അദ്ദേഹത്തെ കാണുമായിരുന്നു. ഞങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഞാന്‍ നല്ല വാര്‍ത്തകള്‍ മാത്രമേ നല്‍കാറുള്ളൂ. തീര്‍ച്ചയായും, ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിലും സന്ദേശങ്ങള്‍ എത്തിക്കുന്നതിലും രേഖകള്‍ ഒളിപ്പിക്കുന്നതിലും ഞാന്‍ സജീവമായിരുന്നു, പക്ഷേ അതൊന്നും എടുത്തു പറയത്തക്ക കാര്യങ്ങളാണെന്ന് എനിക്ക് തോന്നുന്നില്ല.'

വീട്ടുജോലികളില്‍ ഭര്‍ത്താവ് സഹായിക്കാറുണ്ടോ എന്ന ചോദ്യത്തിന് ബഗര്‍സാദെ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: 'സഹായിക്കാന്‍ അദ്ദേഹത്തിന് ഇപ്പോള്‍ സമയമില്ല, അദ്ദേഹം അത് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല. മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന അദ്ദേഹത്തിന്റെ ഒരു നല്ല ഗുണം, ജോലി കഴിഞ്ഞ് എത്ര ക്ഷീണിച്ചു വന്നാലും ജോലിസംബന്ധമായ പ്രശ്നങ്ങള്‍ വീടിന് പുറത്ത് നിര്‍ത്താന്‍ അദ്ദേഹം പരമാവധി ശ്രമിക്കാറുണ്ട് എന്നതാണ്.'

വിതുമ്പി വാര്‍ത്താവതാരകന്‍

അതേസമയം ഖമനേയിയുടെ മരണം ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇറാനിയന്‍ വാര്‍ത്താ അവതാരകന്‍ തത്സമയം വിതുമ്പിക്കരഞ്ഞു. ഖമേനിയെ ആദരണീയനായ ഇസ്ലാമിക മതനേതാവെന്നും, 'രക്തസാക്ഷിത്വമെന്ന അദ്ദേഹത്തിന്റെ ദീര്‍ഘകാല സ്വപ്നം സഫലമായി' എന്നും വിശേഷിപ്പിക്കുന്ന ഔദ്യോഗിക പ്രസ്താവനയാണ് അവതാരകന്‍ വായിച്ചത്.

വിശുദ്ധ റമദാന്‍ മാസത്തിലാണ് ഖമേനി കൊല്ലപ്പെട്ടതെന്ന കാര്യവും വാര്‍ത്തയില്‍ എടുത്തുപറഞ്ഞു. മുന്നിലിരുന്ന റിപ്പോര്‍ട്ട് വായിക്കുന്നതിനിടെ അവതാരകന്റെ തൊണ്ട ഇടറുകയും, കൈകള്‍ കൊണ്ട് മുഖം പൊത്തി പൊട്ടിക്കരയുകയും ചെയ്തു. പിന്നീട് സ്വയം നിയന്ത്രിച്ചാണ് അദ്ദേഹം വാര്‍ത്ത പൂര്‍ത്തിയാക്കിയത്. ക്യാമറയ്ക്ക് പിന്നില്‍ നിന്നിരുന്ന മറ്റുള്ളവരും അവതാരകനൊപ്പം കരയുന്ന ശബ്ദം വീഡിയോ ദൃശ്യങ്ങളില്‍ കേള്‍ക്കാമായിരുന്നു.

ഇറാനികള്‍ തങ്ങളുടെ നേതാവിന്റെ മരണത്തില്‍ വിലപിക്കുകയാണെന്നും എന്നാല്‍ 'രക്തസാക്ഷിത്വം അടിച്ചമര്‍ത്തുന്നവര്‍ക്കെതിരായ പോരാട്ടത്തില്‍ വന്‍ ജനകീയ മുന്നേറ്റത്തിന് തിരികൊളുത്തുമെന്ന്' ശത്രുക്കള്‍ ഓര്‍ക്കണമെന്നും പ്രസ്താവനയില്‍ പറയുന്നതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്താ അവതാരകന്‍ വിതുമ്പിക്കരഞ്ഞുകൊണ്ട് സംപ്രേഷണം തുടരാന്‍ ശ്രമിച്ചെങ്കിലും രണ്ടാമതും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ഖമനേയിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക വിലാപവും ഏഴ് ദിവസത്തെ ദേശീയ അവധിയും പ്രഖ്യാപിച്ചതായി ചാനല്‍ അറിയിച്ചു.

കീഴടങ്ങാന്‍ ഇറാന്‍ തയ്യാറല്ല

തങ്ങളുടെ നേതാവും ഭാര്യയും കൊല്ലപ്പെട്ടിട്ടും പോരാട്ടമില്ലാതെ കീഴടങ്ങാന്‍ ഇറാന്‍ തയ്യാറല്ലെന്നാണ് സൂചനകള്‍. ഇറാന്റെ സൈന്യവും സഖ്യകക്ഷികളും ഇസ്രായേലിനും അറബ് രാഷ്ട്രങ്ങള്‍ക്കും നേരെ മിസൈലുകള്‍ വര്‍ഷിച്ചു. കുവൈറ്റിലെ അമേരിക്കന്‍ എംബസി സമുച്ചയത്തില്‍ മിസൈല്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, മിഡില്‍ ഈസ്റ്റില്‍ യുദ്ധം വ്യാപിക്കുന്നതിനിടെ ഇസ്രായേലും അമേരിക്കയും ഇറാനിലെ വിവിധ ലക്ഷ്യങ്ങള്‍ക്ക് നേരെ ശക്തമായ ആക്രമണം തുടരുകയാണ്.

യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ കുറഞ്ഞത് 555 പേര്‍ കൊല്ലപ്പെട്ടതായും രാജ്യത്തെ 130-ലധികം നഗരങ്ങള്‍ ആക്രമിക്കപ്പെട്ടതായും ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഇസ്രായേലില്‍ 11 പേരും ലെബനനില്‍ 31 പേരും കൊല്ലപ്പെട്ടതായി അവിടുത്തെ അധികൃതര്‍ സ്ഥിരീകരിച്ചു.