ധാക്ക: വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ കലാപം അതിരൂക്ഷമാണ്. മതവെരി മൂത്ത ഇസ്ലാമസ്റ്റുകള്‍ ന്യൂനപക്ഷ ഹിന്ദുക്കള്‍ക്ക് മേല്‍ തേര്‍വാഴ്ച്ചുന്ന നടത്തുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഹിന്ദു യുവാവിനെ പരസ്യമായി ആള്‍ക്കൂട്ടം അരുംകൊല ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ബംഗ്ലാദേശിലെ ന്യൂനപക്ഷ സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ ശക്തമാണ്.

മതനിന്ദ ആരോപിച്ചാണ് കൊല നടത്തിയത്. സോഷ്യല്‍ മീഡിയ വഴി ആ കൊടും ഭീകരതയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിക്രൂരമായി മതവെറി പ്രകടിപ്പിക്കുന്ന വിധത്തിലാണ് ആ അരുംകൊല നടത്തിയിരിക്കുന്നത്. കൊലപാതകത്തിനു ശേഷം അദ്ദേഹത്തിന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി കത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ദീപു ചന്ദ്ര ദാസ് എന്നയാളെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ആ ഭയനാകനമായ ദൃശ്യങ്ങള്‍ കണ്ട് മനസ്സു മരവിച്ചരിക്കയാണ് ദീപുവിന്റെ പിതാവ് രവിലാല്‍ ദാസ്.

ആ കൊടിയ ക്രൂരതയെ കുറിച്ച് രവിലാല്‍ ദാസ് വിവരിച്ചു. 'ആദ്യം അവര്‍ എന്റെ മകനെ ക്രൂരമായി മര്‍ദ്ദിച്ചു. അതിനുശേഷം അവര്‍ അവനെ ഒരു മരത്തില്‍ കെട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. അവന്റെ കരിഞ്ഞുപോയ ഉടലും തലയും അവര്‍ അവിടെ കെട്ടിത്തൂക്കി. അതീവ ഭയാനകമായിരുന്നു ആ കാഴ്ച. മകന്‍ കൊല്ലപ്പെട്ട വിവരം താന്‍ അറിഞ്ഞത് ഫേസ്ബുക്കിലൂടെയാണ്. അധികൃതരാരും അറിയിച്ചിരുന്നില്ലെന്നും രവിലാല്‍ ദാസ് പയുന്നു.

മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ കൊലപാതകത്തെ അപലപിച്ചെങ്കിലും, തന്റെ കുടുംബത്തിന് ആരും ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് രവിലാല്‍ ദാസ് പറഞ്ഞു. 'സര്‍ക്കാരില്‍ നിന്ന് ആരും ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല, ആരും ഒന്നും പറഞ്ഞിട്ടില്ല,' എന്ന് അദ്ദേഹം എന്‍.ഡി.ടി.വി യോട് വെളിപ്പെടുത്തി. ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും അക്രമിക്കളെ പിടികൂടിയിട്ടില്ല. മകന്റെ ചിതാഭസ്മം ഏറ്റുവാങ്ങാന്‍ പോലും ഭയപ്പെടുന്ന ഒരു കുടുംബത്തിന്റെ നിസ്സഹായാവസ്ഥയിലാണ് ദീപുവിന്റെ പിതാവ് രവിലാല്‍ ദാസും കുടുംബവും.



സംഭവത്തില്‍ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ വക്താക്കള്‍ ദുഃഖം രേഖപ്പെടുത്തുകയും ഇതുവരെ ഏഴു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എല്ലാ പൗരന്മാരും ശാന്തത പാലിക്കുകയും ആള്‍ക്കൂട്ട ആക്രമണം ഒഴിവാക്കുകയും വേണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് വ്യാപിച്ച അശാന്തിക്ക് ചില അപാരമ്പര്യ ഘടകങ്ങളെ സര്‍ക്കാര്‍ കുറ്റപ്പെടുത്തുകയും ചെയ്തു. എല്ലാതരം അക്രമ സംഭവങ്ങളെയും സ്വത്തുക്കള്‍ നശിപ്പിക്കുന്നതിനെയും തീവെയ്ക്കുന്നതിനെയും സര്‍ക്കാര്‍ അസന്ദിഗ്ധമായി അപലപിച്ചു. ചരിത്രപരമായ ഒരു ജനാധിപത്യ പരിവര്‍ത്തനം നടത്തുമ്പോള്‍ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നിര്‍ണായക നിമിഷമാണിത്. സമാധാനം നശിപ്പിക്കുകയും അക്രമങ്ങളിലൂടെ വളരുകയും ചെയ്യുന്ന ചില ഘടകങ്ങള്‍ അത് തകര്‍ക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പും ജൂലായ് ചാര്‍ട്ടര്‍ ജനഹിതപരിശോധനയും വെറും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളല്ലെന്നും ഹാദി സ്വപ്നം കണ്ടതിന് സമാനമായ ഒരു ദേശീയ പ്രതിബദ്ധതയാണെന്നും സര്‍ക്കാര്‍ പ്രസ്താവിച്ചു. ഹാദിയുടെ മരണവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധക്കാര്‍ തല്ലിതകര്‍ത്ത മാധ്യമസ്ഥാപനങ്ങളിലെ പത്രപ്രവര്‍ത്തകരോട് സര്‍ക്കാര്‍ ക്ഷമാപണം നടത്തുകയും ചെയ്തു. ബംഗ്ലാദേശിലെ പ്രമുഖ ദിനപത്രങ്ങളായ പ്രഥം ആലോം, ദി ഡെയ്ലി സ്റ്റാര്‍, ന്യൂ ഏജ് എന്നിവയുടെ ഓഫീസുകളാണ് പ്രതിഷേധക്കാര്‍ തകര്‍ത്തത്.

സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച സര്‍ക്കാര്‍ ഭീകരതയെ നേരിടുന്നതിലുള്ള മാധ്യമങ്ങളുടെ പങ്കിനെ പ്രശംസിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ സത്യത്തിനെതിരെയുള്ള ആക്രമണങ്ങളാണെന്നും ആക്രമണത്തിന് ഇരയായ സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണ നീതി വാഗ്ദാനം ചെയ്യുന്നതായും സര്‍ക്കാര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് വരെ നയിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലെ ശക്തമായ സാന്നിധ്യമായിരുന്നു ഷെരീഫ് ഒസ്മാന്‍ ഹാദി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കെയാണ് ഹാദിയെ അക്രമികള്‍ ചേര്‍ന്ന് വധിച്ചത്.

എന്നാല്‍, ന്യൂനപക്ഷങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തി. ബംഗ്ലാദേശിലെ ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ മതവിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.




ബംഗ്ലാദേശില്‍ നീക്കങ്ങളില്‍ ഐഎസ്‌ഐ പങ്ക്

പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ബംഗ്ലാദേശിന്റെ രാഷ്ട്രീയ-സുരക്ഷാ രംഗങ്ങളില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ സംഭവവികാസങ്ങളും. നീണ്ടകാലം നിഴല്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന് ശേഷം 2024-ല്‍ ഷെയ്ഖ് ഹസീനയുടെ സര്‍ക്കാര്‍ വീണതിന് പിന്നാലെ അതിവേഗത്തിലാണ് ഐഎസ്ഐ ബംഗ്ലാദേശില്‍ നീക്കങ്ങള്‍ നടത്തിവരുന്നത്. പാകിസ്താന്‍-ബംഗ്ലാദേശ് അച്ചുതണ്ടിനെക്കുറിച്ച് ഇന്ത്യക്ക് ഇതിനോടകം തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ജമാഅത്തെ ഇസ്ലാമി, ഇന്‍ഖിലാബ് മഞ്ച് പോലുള്ള ഗ്രൂപ്പുകളിലൂടെ മത തീവ്രവാദം പ്രോത്സാഹിപ്പിക്കുക, അതുവഴി പാകിസ്താനിലേതിന് സമാനമായ ഒരു ഇന്ത്യാ വിരുദ്ധത ബംഗ്ലാദേശില്‍ ഉണ്ടാക്കിയെടുക്കുക തുടങ്ങിയവയിലാണ് പ്രധാനമായും ഐഎസ്ഐ ലക്ഷ്യംവെച്ചിരിക്കുന്നത് എന്നാണ് ഇന്റലിജന്‍സ് വിശകലന വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളും ഇന്ത്യന്‍ ഹൈക്കമ്മിഷന് നേരെയുള്ള ആക്രമണങ്ങളും സംശയത്തോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്.

ധാക്കയിലെ പാകിസ്താന്‍ ഹൈക്കമ്മിഷനില്‍ ഐഎസ്ഐയുടെ ഒരു പ്രത്യേക സെല്‍ സ്ഥാപിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ യൂണിറ്റില്‍ ഉയര്‍ന്ന റാങ്കിലുള്ള സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ഒരു സംഘം പ്രവര്‍ത്തിക്കുന്നതായി പറയപ്പെടുന്നു. ഉന്നത രഹസ്യാന്വേഷണ സ്രോതസ്സുകള്‍ അനുസരിച്ച്, സെല്ലിന്റെ ആദ്യഘട്ടത്തില്‍ ഒരു ബ്രിഗേഡിയര്‍, രണ്ട് കേണല്‍മാര്‍, നാല് മേജര്‍മാര്‍, പാകിസ്താന്റെ നാവിക, വ്യോമസേനകളില്‍ നിന്നുള്ള നിരവധി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.




2025 ഒക്ടോബറില്‍ പാകിസ്താന്‍ ജോയന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയുടെ നാല് ദിവസത്തെ ധാക്ക സന്ദര്‍ശനത്തെത്തുടര്‍ന്നാണ് ഈ അടിസ്ഥാന സൗകര്യങ്ങള്‍ ഔദ്യോഗികമാക്കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ന്യൂസ്18 പറയുന്നു. ഈ സന്ദര്‍ശന വേളയില്‍, ജനറല്‍ മിര്‍സയും ഉന്നത ഐഎസ്ഐ ഉദ്യോഗസ്ഥരും ബംഗ്ലാദേശിന്റെ നാഷണല്‍ സെക്യൂരിറ്റി ഇന്റലിജന്‍സും (ചടക) ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോഴ്സസ് ഇന്റലിജന്‍സും (ഉഏഎക) നിരവധി കൂടിക്കാഴ്ചകള്‍ നടത്തി. ഈ കൂടിക്കാഴ്ചകളുടെ ഫലമായി ബംഗാള്‍ ഉള്‍ക്കടല്‍ നിരീക്ഷണം ലക്ഷ്യമിട്ടുള്ള ഒരു സംയുക്ത രഹസ്യാന്വേഷണ സംവിധാനം രൂപപ്പെട്ടതായി സൂചനകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തികള്‍ നിരീക്ഷിക്കുന്നതിനുള്ള സംവിധാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്.