- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന് അതിക്രമം കാട്ടിയാല്‍ അച്ഛന്റെ കണക്ഷന് റദ്ദാക്കുന്നത് യുപി മോഡല്‍! മന്ത്രിയും കെ എസ് ഇ ബിയും ന്യായീകരണത്തില്‍; തിരുവമ്പാടിയില്‍ പ്രതിഷേധം ശക്തം
തിരുവനന്തപുരം: കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിന്റെ പേരിലുള്ള വൈദ്യുതി കണക്ഷന് വിച്ഛേദിച്ചത് വിവാദത്തില്‍. അതിനിടെ സംഭവത്തില്‍ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി രംഗത്തു വന്നു. കെ.എസ്.ഇ.ബിയുടേത് പ്രതികാരനടപടിയല്ലെന്ന് മന്ത്രി ന്യായീകരിച്ചു. ജീവനക്കാരെ സംരക്ഷിക്കാനാണ് എം.ഡി. അത്തരമൊരു നടപടിയെടുത്തതെന്നും മന്ത്രി പറഞ്ഞു. നിയമപരമായി വൈദ്യുതി കണക്ഷന് കട്ട് ചെയ്യാന്‍ കെ എസ് ഇ ബിയ്ക്ക് കഴിയില്ല.
ഇതിനിടെയാണ് മന്ത്രിയുടെ പുതിയ വാദം. 'കെ.എസ്.ഇ.ബി. കമ്പനിയാണ്, അവര്‍ക്ക് വൈദ്യുതി വിച്ഛദിക്കാനുള്ള അധികാരമുണ്ട്. ബില്‍ അടയ്ക്കാതിരുന്നാല്‍ വൈദ്യുതബന്ധം വിച്ഛേദിക്കും. അതിന് ജീവനക്കാരനെ മര്‍ദിക്കുകയും ഓഫീസില്‍ കേറി വലിയ അക്രമം കാണിക്കുകയും ചെയ്തു. അതുകൊണ്ട് ചെയ്തത് ശരിയാണെന്നല്ലേ തോന്നൂ. ഇനി എം.ഡി. പറഞ്ഞിട്ട് കണക്ഷന് കൊടുക്കാന്‍ പോയാല്‍ അക്രമിക്കില്ലെന്ന് ആരാണ് ഉറപ്പുതരുക. അതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം എടുത്തത്', മന്ത്രി വ്യക്തമാക്കി. എന്നാല്‍ യുപി മോഡലാണ് കേരളത്തില്‍ നടന്നതെന്ന വാദം ശക്തമാണ്. മന്ത്രി എകെ ശശീന്ദ്രന് പോലും കെ എസ് ഇ ബിയെ പരോക്ഷമായി കുറ്റപ്പെടുത്തി. വലിയ വിമര്‍ശനമാണ് പ്രതിപക്ഷം കെ എസ് ഇ ബിയ്ക്കെതിരെ ഉയര്‍ത്തുന്നത്.
യുപി മോഡല്‍ ആരോപണത്തേയും മന്ത്രി നിഷേധിച്ചു. 'യു.പി. മോഡല്‍ അല്ല. പ്രതികാരമല്ല. മൂന്നുപേരെ മര്‍ദിച്ചു. ഇനിയും മര്‍ദിക്കുമെന്നാണ് പറയുന്നത്. പണം അടച്ച് കണക്ഷന് കിട്ടിയ ശേഷം എന്തിനാണ് മര്‍ദിക്കാന്‍ പോയത്. കണക്ഷന്‍കിട്ടുന്നത് വൈകിയാല്‍ തല്ലാനും അടിക്കാനും നശിപ്പിക്കാനുമുള്ള അധികാരം ആരെങ്കിലും കൊടുത്തിട്ടുണ്ടോ? ജീവനക്കാരെ സംരക്ഷിക്കാനാണ് എം.ഡി. അങ്ങനെയൊരു നടപടി എടുത്തത്. ജീവനക്കാര്‍ അവിടെപ്പോയി അക്രമമുണ്ടായാല്‍ ആര് മറുപടി പറയും', അദ്ദേഹം ചോദിച്ചു.
അസിസ്റ്റന്റ് എന്‍ജിനീയറടക്കം ജീവനക്കാരെ മര്‍ദിച്ചെന്നും ഏതാണ്ട് മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നും ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം മുന്‍ പ്രസിഡന്റ് യു.സി. അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. അതേസമയം, വീടും വൈദ്യുതി കണക്ഷനും തന്റെ പേരിലാണെന്ന് അജ്മലിന്റെ പിതാവ് ഉള്ളാട്ടില്‍ അബ്ദുല്‍ റസാഖ് പറഞ്ഞു. മകന് ചെയ്ത തെറ്റിന് അച്ഛന്റെ പേരിലെ കണക്ഷന് എങ്ങനെ റദ്ദാക്കുമെന്നതിന് കെ എസ് ഇ ബിയ്ക്കോ മന്ത്രിക്കോ കൃത്യമായ ഉത്തരമില്ല.
തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപമുള്ള വീട്ടില്‍ വൈദ്യുതിബില്‍ കുടിശ്ശിക വരുത്തിയതുമൂലം കണക്ഷന് വിച്ഛേദിച്ച ലൈന്മാന് പി. പ്രശാന്തിനെയും സഹായി എം.കെ. അനന്തുവിനെയും വെള്ളിയാഴ്ച വൈകുന്നേരം വീട്ടുപരിസരത്തുവെച്ച് അജ്മലിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചിരുന്നുവെന്നാണ് ആരോപണം. അസി. എന്‍ജിനിയര്‍ പി.എസ്. പ്രശാന്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റുചെയ്തിരുന്നില്ല. പരാതിനല്‍കിയതിലുള്ള അരിശമാണ് എന്‍ജിനിയറുടെനേര്‍ക്ക് കാണിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു.
ഓഫീസിലെ കസേരകള്‍, ബെഞ്ചുകള്‍ തുടങ്ങിയവ മറിച്ചിട്ട് നശിപ്പിച്ചനിലയിലാണ്. രണ്ട് കംപ്യൂട്ടര്‍ തകരാറിലായതായി ജീവനക്കാര്‍ പറഞ്ഞു. മേശയുടെ ഗ്ലാസ് പൊട്ടി ജീവനക്കാര്‍ക്ക് മുറിവേറ്റിട്ടുണ്ട്. എന്നാല്‍ കെ എസ് ഇ ബി ജീവനക്കാരാണ് എല്ലാം നശിപ്പിച്ചതെന്നാണഅ അജ്മല്‍ പറയുന്നത്. അക്രമിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പ് നല്കിയാല് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുമെന്നാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയതെങ്കില്‍ നഷ്ടപരിഹാരം അടക്കാതെ ഒരു കാരണവശാലം വൈദ്യതി ബന്ധം പുനസ്ഥാപിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കെഎസ്ഇബി മാനേജ്മെന്റ്.
പൊതുമുതല്‍ നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ആക്രമത്തില്‍ നഷ്ടപരിഹാരം അടച്ചേ തീരുവെന്നും കെഎസ്ഇബി മാനേജ്മെന്റിലെ ഉന്നത ഉദ്യോഗസ്ഥന് വ്യക്തമാക്കി. പൊതുമുതല്‍ ജനങ്ങളുടെ സ്വത്താണ്. പരാതിക്കാര്‍ക്ക് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ ഓഫീസ് ആക്രമിക്കുകയല്ല. നാളെ മറ്റുള്ളവരും ഇത് പോലെ പ്രതികരിച്ചാല്‍ എന്താവും അവസ്ഥയെന്നും ഉദ്യോഗസ്ഥന് ചോദിച്ചു.
വീട്ടുകാര്‍ കോടതിയെ സമീപിച്ചാലും നിയപരമായി മുന്നോട്ട് പോകും. ആക്രമണത്തില്‍ 3 ലക്ഷം രൂപയാണ് കെഎസ്ഇബിയുടെ നഷ്ടം. ഇതില്‍ പരാതി ഉണ്ടെങ്കില്‍ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ പരിശോധിച്ച് തീരുമാനിക്കുന്ന തുക അടച്ചാലും മതിയെന്നും കെഎസ്ഇബി മാനേജ്മെന്റ് വ്യക്തമാക്കി.