- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പനി ബാധിച്ച് ചികിത്സ തേടി; പിന്നാലെ സ്‌ട്രോക്കിന് സമാനമായ ലക്ഷണങ്ങള്‍; തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; രണ്ടു ദിവസത്തിനിടെ രണ്ടു മരണം; ഈ വര്‍ഷം മരിച്ചത് 29 പേര്‍; രോഗം സ്ഥിരീകരിച്ചത് 133 പേര്‍ക്ക്; രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും എങ്ങുമെത്താതെ പഠനം; ഇരുട്ടില്‍തപ്പി ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്‌ക ജ്വരമരണം
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പോത്തന്‍കോട് സ്വദേശിയായ 78 വയസ്സുകാരിയാണ് മരിച്ചത്. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്ത് രോഗം ബാധിച്ചുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. ഇന്നലെ കുളത്തൂര്‍ സ്വദേശിയായ പതിനെട്ടു വയസുകാരി മരിച്ചിരുന്നു. ഇന്നലെ സംസ്ഥാനത്തു നാലു പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് രോഗബാധയും മരണവും കൂടുമ്പോഴും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ വര്‍ഷം 38 പേര്‍ക്കാണ് രോഗം ബാധിച്ചതെങ്കില്‍ ഈ വര്‍ഷം ഇതുവരെ 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ വര്‍ഷം മരണസംഖ്യ 29 ആയി. ഈ മാസം 45 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 7 പേര്‍ മരിക്കുകയും ചെയ്തു.
പോത്തന്‍കോട് വാവറ അമ്പലം സ്വദേശിനിയായ ഹബ്‌സാ ബീവി (79)യാണ് ഇന്ന് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന്(ചൊവ്വ) രാവിലെ 11 മണിയോടെയാണ് മരണം. പോത്തന്‍കോട് സ്വദേശിനി ദിവസങ്ങള്‍ക്കു മുന്‍പ് പനിയെ തുടര്‍ന്ന് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എസ്‌യുടി ആശുപത്രിയിലേക്കു മാറ്റി. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
മുഖത്ത് നീരും പനിയും കുറയാത്തതിനാല്‍ ഐസിയുവില്‍ തുടരുകയും നാല് ദിവസത്തിനുശേഷം സ്‌ട്രോക്കിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടതോടെ എസ്.യു.ടി. ഹോസ്പിറ്റലില്‍ പ്രവേശിക്കുകയുമായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വൃക്കകള്‍ തകരാറിലാവുകയും മൂന്നുതവണ ഡയാലിസിസ് നടത്തുകയും ചെയ്തു. പനി കുറയാതിരുന്നതിനാല്‍ വീണ്ടും വിശദമായി രക്തം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. ഇവരുടെ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി എടുത്തിരുന്നു.
രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. രോഗബാധയ്ക്ക് പാരിസ്ഥിതിക മാറ്റങ്ങള്‍ കാരണമാകുന്നുണ്ടോ എന്നറിയാന്‍ പഠനം നടക്കുന്നുണ്ടോ എന്നതില്‍ പോലും വ്യക്തതയില്ല. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പഠനവും ഇനിയും തുടങ്ങിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കേസുകളാണ് ഈ മാസം മാത്രം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്ന രോഗമാണ് കേരളത്തില്‍ ദിവസവും രണ്ടും മൂന്നും പേര്‍ക്ക് വീതം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 38 പേര്‍ക്കായിരുന്നു രോഗബാധയെങ്കില്‍ ഈ വര്‍ഷം ഇതുവരെ മാത്രം 129 പേര്‍ക്കാണ് രോഗം ബാധിച്ചത്. പഠനം നടത്തുന്നെന്ന് ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും ഒന്നരമാസം കഴിഞ്ഞിട്ടും പഠനത്തിന്റെ കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൈമലര്‍ത്തുകയാണ്. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഡിഎച്ച്എസും ഡിഎംഇയും ഐസിഎംആറും ചേര്‍ന്ന് നടത്തുന്ന കേസ് കണ്‍ട്രോള്‍ സ്റ്റഡി ഇപ്പോഴും പ്രാരംഭാവസ്ഥയിലാണ്. പഠനമാതൃക മാത്രമേ ആയിട്ടുള്ളൂ.
ഫീല്‍ഡില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങിയിട്ടില്ല. പഠനം എന്ന് പൂര്‍ത്തിയാകുമെന്നും അറിയില്ല. രോഗികളുടെ എണ്ണം ഉയരുന്നതില്‍ പാരിസ്ഥിതിക മാറ്റങ്ങള്‍ കാരണമാകുന്നുണ്ടോ എന്നാണ് ഏറ്റവും പ്രധാനമായും ഉയര്‍ന്ന സംശയം. ഇക്കാര്യങ്ങളും പഠിക്കുന്നുണ്ടെന്നായിരുന്നു ആരോഗ്യവകുപ്പ് പറഞ്ഞത്. സിഇടിയിലെ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗും പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡും ആരോഗ്യവകുപ്പും ചേര്‍ന്നുള്ള പഠനമായിരുന്നു ആലോചനയില്‍. പക്ഷെ ഈ പഠനത്തെ പറ്റി നിലവില്‍ ആര്‍ക്കും ഒന്നുമറിയില്ല. പഠനം നടക്കുന്നുണ്ടോ എന്ന് പോലും അവ്യക്തമാണ്.
ഈ മാസം ഇതുവരെ മാത്രം 41 പേര്‍ക്കാണ് അമീബിക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷമാകെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കേസുകള്‍ ഒരൊറ്റ മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വിമിംഗ് പൂളില്‍ തുടങ്ങി കുളവും കിണറും ടാങ്കും ഒക്കെ രോഗവാഹിനികളാകുന്നുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മസ്തിഷ്‌കജ്വര കേസുകളിലെല്ലാം അമീബിക്കാണോ എന്ന പരിശോധന പ്രത്യേകം നടത്തുന്നുണ്ട്. ഇതാണ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒരു കാരണം. എന്നാല്‍ മിക്ക കേസുകളിലും രോഗഉറവിടം അവ്യക്തമാണ്. വിവിധ വകുപ്പുകള്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനം രോഗനിയന്ത്രണത്തിന് അനിവാര്യമാണ്.
അമീബിക് മസ്തിഷ്‌ക ജ്വരം
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെര്‍മീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം അഥവാ അമീബിക് മെനിന്‍ജോ എന്‍സെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗകാരണമാവുന്നു.
97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാല്‍ അഞ്ച് മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു.
ലക്ഷണങ്ങള്‍
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവയുണ്ടാകാം. രോഗം ഗുരുതരാവസ്ഥയിലായാല്‍ ഓര്‍മ്മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവയുമുണ്ടാകും. ലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.
രോഗം പ്രതിരോധിക്കാം
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ തലമുങ്ങി കുളിക്കുന്നതും വെള്ളത്തിലേക്ക് മുങ്ങാംകുഴി ഇട്ട് ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക. മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നത് ഒഴിവാക്കുക
നീന്തുന്നവരും നീന്തല്‍ പഠിക്കുന്നവരും മൂക്കില്‍ വെള്ളം കടക്കാതിരിക്കാന്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക
കിണറുകള്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക. അത് അമീബയെ നശിപ്പിക്കുന്നതിനും അതോടൊപ്പം മഞ്ഞപ്പിത്തത്തെ (ഹെപ്പറ്റൈറ്റിസ് എ) തടയുന്നതിനും സഹായിക്കും.
നീന്തല്‍ കുളങ്ങളില്‍ ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം പൂര്‍ണമായും ഒഴുക്കിക്കളയുക. വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. ഫില്‍റ്ററുകള്‍ വൃത്തിയാക്കി ഉപയോഗിക്കുക. പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്യുക.