കല്‍പ്പറ്റ: വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍എം വിജയന്റെ മരണത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിജയന്റെ കുടുംബം പറയുന്നതിനോട് നൂറ് ശതമാനവും യോജിക്കുന്നുവെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. എന്‍ എം വിജയന്റെ കുടുംബവുമായി തിരുവഞ്ചൂര്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ പുറത്തുവന്ന ഓഡിയോയിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടല്‍ വേണ്ടതായിരുന്നു. വാക്ക് കൊടുത്ത് പോയവര്‍ക്ക് പണം നല്‍കാന്‍ ബാധ്യതയുണ്ടെന്ന് തിരുവഞ്ചൂര്‍ പറയുന്നതും സംഭാഷണത്തില്‍ കേള്‍ക്കാം. കോണ്‍ഗ്രസിന്റെ ഇപ്പോഴുള്ള നിലപാടിനോട് തനിക്ക് യോജിപ്പില്ലെന്നും തിരുവഞ്ചൂര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജയോട് പറയുന്നുണ്ട്.

വിജയന്റെ കുടുംബത്തിന് പണം നല്‍കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നു. രണ്ട് കോടിയാണ് കടമുള്ളതെന്ന് കുടുംബം പറഞ്ഞിരുന്നു. എന്നാല്‍ 20 ലക്ഷം മാത്രം നല്‍കി നേതൃത്വം കൈയ്യൊഴിയുകയായിരുന്നുവെന്നും എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് പടുകുഴിയില്‍ വീഴണ്ട എന്ന് കരുതിയാണ് താന്‍ വിഷയത്തില്‍ ഇടപെട്ടതെന്നും ഇരുചെവി അറിയാതെ പ്രശ്‌നം അന്നേ പരിഹരിക്കേണ്ടതായിരുന്നു എന്നും തിരുവഞ്ചൂര്‍ പറയുന്നു. കോട്ടയത്ത് വച്ച് പത്മജ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയിലെ സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിജയന്റെ കുടുംബം തന്നെയാണ് ഓഡിയോ പുറത്തുവിട്ടിരിക്കുന്നത്.

എന്‍.എം. വിജയന്റെ കുടുംബവുമായി കരാറുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നു. കരാറില്‍ പറഞ്ഞ കാര്യങ്ങളില്‍ നടപടി എടുത്തിട്ടുണ്ടെന്നും എന്നാല്‍ എന്തെല്ലാം നടപടികളാണ് എടുത്തിരിക്കുന്നതെന്ന് തനിക്കറിയില്ലെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇത്തരത്തിലൊരു കരാര്‍ ഇല്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ സണ്ണി ജോസഫിന്റെ പ്രസ്താവനയെ പൊളിച്ചടക്കുന്ന സ്ഥിരീകരണമാണ് തിരുവഞ്ചൂരിന്റേത്. 'റിപ്പോര്‍ട്ട് കൊടുത്ത ശേഷം പത്മജ എന്നെ വന്ന് കണ്ടിരുന്നു. അവര്‍ പ്രശ്നങ്ങളെല്ലാം പറഞ്ഞു. അതെല്ലാം പരിഹരിക്കാന്‍ തക്ക കാര്യങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് ചെയ്തിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. അത് എതൊക്കെ എന്ന് സ്ട്രൈറ്റ് ആയിട്ട് പറയാനറിയില്ല. കാരണം അവര്‍ എന്നോട് ആലോചിച്ചിട്ടല്ല ഒന്നും ചെയ്തത്. പക്ഷെ അതിന്റെ റിപ്പോര്‍ട്ട് അവിടെ ഉണ്ട്. അതിന്റെ അടിസ്ഥാനത്തിന്‍ എന്തങ്കിലും ചെയ്തിട്ടുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഞാന്‍,' തിരുവഞ്ചൂര്‍ പറഞ്ഞു.

റിപ്പോര്‍ട്ടില്‍ പറഞ്ഞ കരാറിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങള്‍ പാര്‍ട്ടി നടപ്പാക്കിയിരുന്നോ എന്ന് അന്വേഷിക്കേണ്ടതല്ലെ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സമയമാകുമ്പോള്‍ അന്വേഷണം നടത്തുമെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്. 'അന്വേഷിക്കേണ്ടിവന്നാല്‍ ആ സമയത്ത് അന്വേഷിക്കാം. റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങളുടെ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ഏത് ഘട്ടം വരെയായി എന്ന് എനിക്ക് ഇപ്പോള്‍ പറയാന്‍ പറ്റില്ല. എന്ത് തന്നെയായാലും പരിഹാരമുണ്ടാക്കും,' അദ്ദേഹം പറഞ്ഞു.

ടി. സിദ്ദീഖ് എം.എല്‍.എ, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, എ.പി. അനില്‍കുമാര്‍ തുടങ്ങിയവര്‍ക്കെതിരെ പരാതി പറയുന്ന സംഭഷണത്തിന്റെ ഓഡിയോ നേരത്തെ എന്‍.എം. വിജയന്റെ കുടുംബം പുറത്ത് വിട്ടിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നേരില്‍ കണ്ട് സംസാരിച്ചപ്പോള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ഓഡിയോ ആയിരുന്നു ഇത്.

ഓഡിയോയിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സംഭാഷണം

ഇപ്പോഴത്തെ നിലപാടുകളോട് ഒരു യോജിപ്പുമില്ല. ഇവര്‍ പാര്‍ടിയെ കുഴിയില്‍ കൊണ്ടിടും. സെറ്റില്‍മെന്റ് ശരിയായി പാലിക്കാന്‍ വേണ്ടിയാണ്, ചതിക്കാന്‍ വേണ്ടിയല്ല. ചതിക്കാന്‍ വേണ്ടി എന്നെ പോലെ ഒരാളെ അതില്‍ ഉപയോഗിക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസിലെ വളരെ പ്രധാനപ്പെട്ട ആളുകള്‍ എന്നോട് അവിടെ വന്ന് സംസാരിക്കണമെന്ന് പറഞ്ഞു. ഞാന്‍ അവിടെ വന്ന് നിങ്ങളെ കണ്ട് സംസാരിച്ചു. നിങ്ങള്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് നൂറ് ശതമാനം ബോധ്യമുണ്ട്. പ്രശ്‌നം തീര്‍ക്കാമെന്ന് സിദ്ദിഖും എ പി അനില്‍ കുമാറും എന്നോട് പറഞ്ഞു. ഞാന്‍ രാഷ്ട്രീയത്തിലൊക്കെയാ. പക്ഷെ രാഷ്ട്രീയത്തിലെ തരികിട പണിയുണ്ടല്ലോ, കൂടയുള്ളവരാണെങ്കിലും അതിനോട് യോജിക്കില്ല. പറഞ്ഞ വാക്കിന് വിലയുണ്ടാകണം.

ഒരാള്‍ പരാതി പറഞ്ഞാല്‍ അത് കേള്‍ക്കണം. അത് കോണ്‍ഗ്രസിന്റെ പഴയൊരു നിഷ്ഠയാണ്. അതില്ല എന്ന് തെളിഞ്ഞ് കഴിഞ്ഞാല്‍ പിന്നെ പറഞ്ഞിട്ടെന്ത് കാര്യം. വാക്കും പറഞ്ഞ് ചിരിച്ചിട്ട് പോയവര്‍ക്ക് ഇതിലൊരു ബാധ്യതയില്ലേ. ഞാന്‍ ഈ തരികിട പണിക്കൊന്നും പോവില്ല. ഞാന്‍ കാണുന്ന രാഷ്ട്രീയം നാട്ടുകാരുടെ കണ്ണീര് കാണുന്ന രാഷ്ട്രീയമല്ല. ഇരു ചെവിയറിയാതെ പ്രശ്‌നം അന്നേ സെറ്റില്‍ ചെയ്യേണ്ടതായിരുന്നു.