- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് ചെറിയാന്റെ ഭൗതിക ശരീരം ഇന്ന് കുടുംബാംഗങ്ങള്‍ക്ക് കൈമാറിയേക്കും: 56 വര്‍ഷത്തെ സമസ്യയ്ക്ക് ഉത്തരം കണ്ടെത്തിയതിന്റെ ആശ്വാസത്തില്‍ ഇലന്തൂരിലെ ഒടാട്ട് കുടുംബം
ഇന്ത്യന്‍ ആര്‍മിയിലെ ഡോഗ്ര സ്‌കൗട്ട്സ്, തിരംഗ മൗണ്ടന്‍ റെസ്‌ക്യൂ എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് സൈനിക ഉദ്യോഗസ്ഥര്‍
പത്തനംതിട്ട: ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനം കാണാതായി 56 വര്‍ഷത്തിന് അതില്‍ സഞ്ചരിച്ചിരുന്ന സൈനികനായ സഹോദരന്റെ ഭൗതികശരീരം കണ്ടെത്തുമ്പോള്‍ ഇലന്തൂര്‍ ഒടാട്ട് വീട്ടില്‍ സങ്കടവും ഒപ്പം സന്തോഷവുമുണ്ട്. വിമാന അപകടത്തില്‍ തോമസ് ചെറിയാന്‍ മരിച്ചുവെന്ന് നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, മൃതദേഹം കണ്ടെത്താന്‍ കഴിയാതിരുന്നത് ഒരു നൊമ്പരമായി അവശേഷിച്ചു. ഇപ്പോള്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അറിയുമ്പോള്‍ അതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് കുടുംബം.
1968 ഫെബ്രുവരി ഏഴിനാണ് ചണ്ഡിഗഡില്‍ നിന്ന് ലേയിലേക്ക് 102 യാത്രക്കാരുമായി പോയ ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ് എ.എന്‍-12 വിമാനം ലഡാക്കിലെ ധാക്ക ഗ്ലേസിയറിന് സമീപം തകര്‍ന്നു വീണത്. അന്നു മുതല്‍ വിമാനത്തിന്റെയും യാത്രക്കാരുടെ അവശിഷ്ടം തേടി എയര്‍ഫോഴ്സ് തെരച്ചില്‍ തുടരുകയായിരുന്നു. 2003 ല്‍ അഞ്ചു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് തോമസ് ചെറിയാന്‍ അടക്കം നാലു പേരുടെ മൃതദേഹം കണ്ടെത്തിയത്. ഇതില്‍ മൂന്നു പേരെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയെന്ന് അറിഞ്ഞപ്പോള്‍ കുടുംബം ഒന്നടങ്കം പ്രാര്‍ഥിക്കുക ആയിരുന്നു. ഇത്രയും കാലം സര്‍ക്കാരുകളും സൈന്യവും നടത്തിയ സേവനങ്ങളില്‍ നന്ദിയുണ്ട്. തിങ്കള്‍ വൈകിട്ട് ആറന്മുള പോലീസ് സ്റ്റേഷനില്‍ നിന്നും എസ്.എച്ച്.ഓ നേരിട്ട് എത്തി വിശദാംശങ്ങള്‍ ചോദിച്ചിരുന്നു. പിന്നീട് സൈനിക ഉദ്യോഗസ്ഥര്‍ വിളിച്ചാണ് മൃതദേഹം കണ്ടെത്തിയ വിവരം അറിയിക്കുന്നതെന്ന് സഹോദരന്‍ തോമസ് വര്‍ഗീസ് പറഞ്ഞു.
സഹോദരനെ കാണാതാകുമ്പോള്‍ തനിക്ക് എട്ട് വയസ് മാത്രമായിരുന്നു പ്രായം. അന്ന് കാണാതായ വിവരം ടെലിഗ്രാമിലൂടെ അറിയിച്ചിരുന്നു. അക്കാലത്ത് തെരച്ചില്‍ നടത്തുന്നുണ്ടെന്ന അറിയിപ്പുകളും ഇടയ്ക്കിടെ കിട്ടിയിരുന്നു. പിന്നീട് ഇത് നിലച്ചു. 2003 ല്‍ വീണ്ടും അന്വേഷണം നടക്കുന്നതായി സൈന്യം അറിയിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഫോഴ്സില്‍ ക്രാഫ്റ്റ്സ്മാന്‍ ആയിരുന്ന തോമസ് ചെറിയാന്‍ 22-ാം വയസിലാണ് അപകടത്തില്‍ മരിച്ചത്. ഹിമാചല്‍ പ്രദേശിലെ റോഹ്താങ് ചുരത്തിന് മുകളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍ 12 വിമാനം തകര്‍ന്നായിരുന്നു അപകടം.
ഇന്ത്യന്‍ ആര്‍മിയിലെ ഡോഗ്ര സ്‌കൗട്ട്സ്, തിരംഗ മൗണ്ടന്‍ റെസ്‌ക്യൂ എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് സൈനിക ഉദ്യോഗസ്ഥര്‍പറഞ്ഞു. സൈനിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്