തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ചു റോഡുകള്‍ നിര്‍മ്മിക്കുമ്പോള്‍ ടോള്‍ കൊടുക്കേണ്ട കാര്യമില്ലെന്നാണ് തോമസ് ഐസക്ക് ധനമന്ത്രി ആയിരിക്കവേ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ ഇക്കാര്യത്തില്‍ മലക്കം മറിഞ്ഞ് ഐസക്ക് രംഗത്തുവന്നു. കിഫ്ബി ടോളിനെ ന്യായീകികരിച്ച അദ്ദേഹം കിഫ്ബിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയ തടസം മറികടക്കാനാണ് ടോള്‍ ഏര്‍പ്പെടുത്തുന്നതെന്നും പറഞ്ഞു. ടോള്‍ പിരിക്കുന്നതിലൂടെ കിഫ്ബിയുടെ വായ്പ പൊതുകടം അല്ലാതാകും. കേന്ദ്രത്തിന്റെ തടസ്സത്തെ മറികടക്കാന്‍ ഇതിലൂടെ കഴിയും. കിഫ് ബി റോഡുകളിലെ ടോള്‍ ദേശീയപാതയുടെ നാലിലൊന്ന് നിരക്ക് മാത്രമേ വരുവെന്നും ഐസക് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബിക്കെതിരായ ആക്ഷേപങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണ്. ടോളുകള്‍ പിരിക്കാത്ത വികസന മാതൃകയായിട്ടാണ് വിഭാവനം ചെയ്തത്. ആന്വിറ്റി മാതൃകയിലാണ് കിഫ്ബി ആവിഷ്‌കരിച്ചത്. സര്‍ക്കാര്‍ വാര്‍ഷിക ഗഡുക്കളായി പദ്ധതി ചെലവ് തിരികെ നല്‍കുമെന്നും തോമസ് ഐസക് പറഞ്ഞു. ആന്വിറ്റി സ്‌കീമിനെ എതിര്‍ത്തത് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. യുഡിഎഫ് ജനങ്ങളെ പറ്റിക്കരുത്. കിഫ്ബി മാതൃക പറ്റില്ലെങ്കില്‍ കേരളത്തിന്റെ വികസനത്തിനായി യുഡിഎഫിന്റെ കൈയില്‍ എന്ത് മാതൃകയാണുള്ളതെന്ന് വിഡി സതീശന്‍ പറയണമെന്നും തോമസ് ഐസക് പറഞ്ഞു.

ഉപഭോക്താക്കളില്‍ നിന്നും ടോള്‍ അടക്കമുള്ള യാതൊരു ചാര്‍ജും ഈടാക്കാതെയുള്ള മാതൃകയാണ് കിഫ്ബി മുന്നോട്ട് വെച്ചത്. എന്നാല്‍ അന്ന് ഇതിനെ എതിര്‍ത്തത് യുഡിഎഫാണ്. തിരിച്ചടവ് സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ നിന്നായതിനാല്‍ കിഫ്ബി വായ്പ, സര്‍ക്കാര്‍ എടുക്കുന്ന വായ്പയ്ക് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വാദിച്ചത്. 2019ല്‍ സിഎജി ഇതാവര്‍ത്തിച്ചപ്പോള്‍ പൂര്‍ണപിന്തുണയാണ് യുഡിഎഫ് നല്‍കിയത്. വായ്പയെടുത്ത് ദേശീയപാത പണിയുന്ന സ്ഥാപനമാണല്ലോ കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഹൈവേ അതോറിറ്റി (എന്‍എച്ച്എഐ). എന്ത് കൊണ്ട്, എന്‍എച്ച്എഐ-യുടെ വായ്പയെ കേന്ദ്രസര്‍ക്കാരിന്റെ കടത്തില്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന ചോദ്യം ഉയര്‍ത്തിയപ്പോള്‍ എന്‍എച്ച്എഐ ടോള്‍ വഴിയും വരുമാനം സമാഹരിക്കുന്നുണ്ട് എന്നാല്‍ കിഫ്ബി അത് ചെയ്യുന്നില്ല എന്നാണ് പ്രതിപക്ഷനേതാവ് നല്‍കിയ മറുപടിയെന്നും ഐസക് പറഞ്ഞു

67437 കോടി രൂപയുടെ 1140 ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതിന് പുറമെ, ഭൂമി ഏറ്റെടുക്കുന്നതിന് 20000 കോടി രൂപയും. ഇതില്‍ കുടിവെള്ളവും റോഡും പാലവും കെട്ടിടങ്ങളും, വൈദ്യുതി ലൈനുകളും മേല്‍പാലവും കടല്‍ഭിത്തിയും വനവേലിയും എല്ലാം ഉള്‍പ്പെടുന്നു. ഇതൊലൊരെണ്ണം പോലും വേണ്ടാത്തതാണെന്ന് ജനങ്ങള്‍ പറയുന്നില്ല, എന്ന് മാത്രമല്ല പദ്ധതികള്‍ വേണമെന്നാണ് അവരുടെയും ആവശ്യം. കിഫിബി ഇല്ലെങ്കില്‍ ഇവ നടപ്പാക്കാന്‍ യുഡിഎഫ്-ന്റെ ബദല്‍ മാര്‍ഗമെന്താണ്? ആന്വിറ്റി പദ്ധതികള്‍ ഇനിയൊരു ബദല്‍ മാര്‍ഗമായി കണക്കാക്കാനാവില്ലല്ലോ? യുഡിഎഫ് കുഴിച്ച കുഴിയില്‍ യുഡിഎഫ് തന്നെ വീണിരിക്കുന്നു.

കേരളത്തിന്റെ വികസന മുന്നേറ്റത്തിന് അനിവാര്യമായ പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു മാര്‍ഗവും ജനങ്ങളുടെ മുന്നില്‍ വെയ്കാന്‍ യുഡിഎഫ്-ന് ഇല്ല. വികസനം മുടക്കികളുടെ ഒരു കൂട്ട്‌കെട്ടായി യുഡിഎഫ് മാറിയിരിക്കുന്നു. എല്‍ഡിഎഫ്-ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ട് വീണ്ടും ഭരണത്തില്‍ കയറിപ്പറ്റാനാകുമോ എന്ന ഏക ചിന്ത മാത്രമാണ് അവരെ നയിക്കുന്നത്.

ടോള്‍ പോലുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണെങ്കില്‍ ജനങ്ങളുടെ മേല്‍ അധികഭാരമായി തീരില്ലേ? ഈ അധികഭാരം പരമാവധി കുറയ്കുന്നതിന് സര്‍ക്കാരിന് മുന്‍കൈ എടുക്കാവുന്നതാണ്. സാധാരണ പ്രോജക്ടുകളില്‍, പത്തോ പതിനഞ്ചോ വര്‍ഷം കൊണ്ടാണ് ടോളുകള്‍ വഴി നിക്ഷേപം തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. കിഫ്ബിയുടെ കാര്യത്തില്‍ ഈ കാലയളവ് അമ്പതോ അറുപതോ വര്‍ഷമാക്കാവുന്നതാണ്. അങ്ങിനെ വരുമ്പോള്‍, ദേശീയ പാതയിലും മറ്റും ഏര്‍പ്പെടുത്തുന്നതിന്റെ നാലിലൊന്ന് മാത്രമേ ടോള്‍ പിരിക്കേണ്ടി വരികയുള്ളു. ഇതില്‍ നിന്ന് തന്നെ ഇരുചക്ര, മുച്ചക്ര വാഹനങ്ങളെയും പ്രദേശവാസികളെയും സര്‍ക്കാരിന് ഒഴിവാക്കാവുന്നതാണ്.

ഇത്തരത്തില്‍ ജനങ്ങളുടെ മേല്‍ ഉണ്ടാകുന്ന അധികഭാരം പരമാവധി കുറയ്കുന്നതിനുള്ള മാര്‍ഗമെന്തെന്ന് ചര്‍ച്ച ചെയ്യാം. അതിന്റെ അടിസ്ഥാനത്തില്‍ കിഫ്ബിയെ ഒരു റവന്യൂ മോഡലാക്കി മാറ്റണം, എന്നിട്ട് സുപ്രീം കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിക്കണം. ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ പിടിച്ച് നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല. ശക്തമായ ജനകീയ പ്രക്ഷോഭവും വേണ്ടി വരും. ഈ ഉദ്യമത്തില്‍ വിജയിച്ചാല്‍, സംസ്ഥാന ബജറ്റിലേക്കുള്ള വായ്പകള്‍ സാധാരണ ഗതിയിലാക്കാനും ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും സമാശ്വാസങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനും കഴിയുമെന്ന് തോമസ് ഐസക് പറഞ്ഞു.