- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ചെറുമകന് പോയി, ഇനി ഞങ്ങള്‍ക്കും വേണ്ട ഈ ജീവിതം'; മരണവാര്‍ത്ത കേട്ട് അമ്മൂമ്മയും സഹോദരിയും ജീവനൊടുക്കി; നീര്‍വേലി ഗ്രാമം നടുക്കത്തില്‍; രാമന്തളിക്ക് പിന്നാലെ വീണ്ടും കൂട്ട ആത്മഹത്യ; ശാന്തിവനത്തില്‍ മൂന്ന് ചിതകള്‍ ഒരേസമയം എരിഞ്ഞു
രാമന്തളിക്ക് പിന്നാലെ വീണ്ടും കൂട്ട ആത്മഹത്യ
കൂത്തുപറമ്പ്: കണ്ണൂരിനെ നടുക്കി കൂട്ട ആത്മഹത്യകള്‍ തുടര്‍ക്കഥയാകുന്നു. പയ്യന്നൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ജീവനൊടുക്കിയതിന്റെ ഞെട്ടല്‍ മാറും മുന്‍പേയാണ് കൂത്തുപറമ്പ് നീര്‍വേലിയില്‍ നിന്ന് മറ്റൊരു ദുരന്തവാര്‍ത്ത കൂടി എത്തുന്നത്. ചെറുമകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ മനംനൊന്ത് അമ്മൂമ്മയും അവരുടെ സഹോദരിയും ജീവനൊടുക്കുകയായിരുന്നു. മൂന്ന് ജീവനുകള്‍ ഒരേസമയം പൊലിഞ്ഞത് നീര്‍വേലി ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തില്‍ മരവിപ്പിച്ചു കളഞ്ഞു.
ദുരന്തം വിരുന്നെത്തിയത് ഇങ്ങനെ
നീര്‍വേലി നിമിഷ നിവാസില്‍ കിഷന്‍ (22), അമ്മൂമ്മ വി.കെ. റെജി (58), റെജിയുടെ സഹോദരി വി.കെ. റോജ (56) എന്നിവരാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ കൂട്ടുകാരോടൊപ്പം അമ്മൂമ്മയുടെ വീട്ടിലെത്തിയതായിരുന്നു കിഷന്‍. സുഹൃത്തുക്കള്‍ പുറത്തുപോയ തക്കത്തിന് കിഷന്‍ വീട്ടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ തിരിച്ചെത്തി വാതില്‍ ചവിട്ടിത്തുറന്ന് കിഷനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആ നൊമ്പരം താങ്ങാനായില്ല
ജോലിസ്ഥലത്തുണ്ടായിരുന്ന റെജിയും സമീപത്തെ വീട്ടിലുണ്ടായിരുന്ന റോജയും കിഷന്റെ മരണവാര്‍ത്തയറിഞ്ഞ് ഓടിയെത്തി. എന്നാല്‍ പ്രിയപ്പെട്ട ചെറുമകന്റെ മരണം താങ്ങാന്‍ അവര്‍ക്കായില്ല. നാട്ടുകാരും പൊലീസും എത്തിയപ്പോഴേക്കും ഇരുവരെയും വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു മരണവാര്‍ത്ത കേട്ട് ആശ്വസിപ്പിക്കാന്‍ എത്തിയവര്‍ക്ക് മുന്നില്‍ രണ്ട് മരണങ്ങള്‍ കൂടി സാക്ഷ്യപ്പെടുത്തേണ്ടി വന്നത് ആ ഗ്രാമത്തിന് വലിയ ആഘാതമായി.
ഒരേ പറമ്പില്‍ മൂന്ന് ചിതകള്‍
തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൂവരുടെയും മൃതദേഹം ഉച്ചയ്ക്ക് ശേഷം കുറ്റിക്കാട് വായനശാലയില്‍ പൊതുദര്‍ശനത്തിന് വെച്ചു. വിതുമ്പുന്ന ഗ്രാമവാസികളെ സാക്ഷിയാക്കി വൈകിട്ട് മൂന്ന് മണിയോടെ വലിയ വെളിച്ചം ശാന്തിവനത്തില്‍ മൂവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. പി.കെ.എസ് കോണ്‍ട്രാക്ട് ബസിലെ സുനിലിന്റെയും നിമിഷയുടെയും മകനാണ് കിഷന്‍. അക്ഷയ് (ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥി) സഹോദരനാണ്.
നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് പയ്യന്നൂര്‍ രാമന്തളിയില്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് പാചക തൊഴിലാളിയും അമ്മയും രണ്ട് മക്കളും ജീവനൊടുക്കിയത്.




