- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂര ഏകോപനം നിര്‍വ്വഹിച്ചത് കളക്ടര്‍; വിവിധ വകുപ്പുകള്‍ക്കുള്ളിലെ വീഴ്ച അന്വേഷിക്കാന്‍ എഡിജിപിയെ നിയോഗിച്ചത് ചട്ട വിരുദ്ധം; പൂരം കലക്കലിലെ അന്വേഷണത്തില്‍ ഐഎഎസുകാര്‍ വിരുദ്ധാഭിപ്രായത്തില്‍
പൂരം അലങ്കോലപ്പെട്ടതിനെക്കുറിച്ച് അജിത് നല്‍കിയ റിപ്പോര്‍ട്ടില്‍ തിരുവമ്പാടി ദേവസ്വത്തിനെതിരായിപ്പോലും പരാമര്‍ശമുണ്ട്.
തിരുവനന്തപുരം : തൃശൂര്‍ പൂരം കലക്കിയതില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലുണ്ടായ പാളിച്ച അന്വേഷിക്കാന്‍ ഇന്റലിജന്‍സ് എഡിജിപിയെ നിയോഗിച്ചതില്‍ ഐഎഎസുകാര്‍ക്ക് അമര്‍ഷം. തൃശൂര്‍ കലക്ടറാണ് പൂരത്തിന് വകുപ്പുകളുടെ ഏകോപനം നിര്‍വഹിക്കുന്നത്. കലക്ടറും മറ്റു വകുപ്പു മേധാവികളും വരുത്തിയ വീഴ്ചയാണ് അന്വേഷിക്കുന്നത്. ഇത് ഐപിഎസുകാരനെ ഏല്‍പ്പിച്ചതാണ് അമര്‍ഷത്തിന് കാരണം. മുതിര്‍ന്ന അഡീഷനല്‍ ചീഫ് സെക്രട്ടറിയോ റവന്യു സെക്രട്ടറിയോ ആഭ്യന്തര സെക്രട്ടറിയോ വിവാദം അന്വേഷിക്കണമായിരുന്നുവെന്നാണ് ഐഎഎസുകാരുടെ നിപാട്.
സര്‍ക്കാര്‍ തീരുമാനത്തിലെ അഭിപ്രായവ്യത്യാസം ഉന്നത ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചെന്നാണു വിവരം. പൂരത്തിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനയോഗം നടത്തുന്നത് ചീഫ് സെക്രട്ടറിയാണ്. ചീഫ് സെക്രട്ടറിയുടെ അഭാവത്തില്‍ ആഭ്യന്തര സെക്രട്ടറിയാണ് യോഗം വിളിക്കുന്നത്. ഐഎഎസുകാര്‍ക്കെതിരെ ഐപിഎസുകാര്‍ മാത്രം അന്വേഷണം നടത്തുന്നത് മോശം കീഴ് വഴക്കമാകുമെന്നാണ് ഐഎഎസുകാരുടെ വിലയിരുത്തല്‍. തൃശൂര്‍ പൂരത്തിലുണ്ടായ വീഴ്ച ക്രമസമാധാന വിഷയത്തിലായിരുന്നില്ലെന്നും ഉദ്യോഗസ്ഥ ഏകോപനത്തിലാണെന്നും വിലയിരുത്തലുണ്ട്.
പൂരവുമായി ബന്ധപ്പെട്ടു മറ്റു വകുപ്പുകളുടെ വീഴ്ചയാണ് ഇന്റലിജന്‍സ് എഡിജിപി മനോജ് ഏബ്രഹാം അന്വേഷിക്കുന്നത്. ഇതില്‍ പൊതുമരാമത്ത്, ടൂറിസം, റവന്യു, വനം, വൈദ്യുതി, ജലവിഭവം, ആരോഗ്യം തുടങ്ങിയ വകുപ്പുകളെല്ലാം ഉണ്ട്. ഇവയെക്കുറിച്ചൊന്നും കാര്യമായ ആക്ഷേപം മറ്റാരും ഉയര്‍ത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഏകോപന വീഴ്ച എഡിജിപി അന്വേഷിക്കുന്നതാണ് ഐഎഎസുകാരുടെ അമര്‍ഷത്തിന് കാരണം. ഇത് സര്‍വ്വീസ് ചട്ട ലംഘനമായി മാറുമെന്നും അവര്‍ വിലയിരുത്തുന്നു.
പൂരം കലക്കലില്‍ അന്വേഷണം പ്രഖ്യാപിച്ചത് തന്ത്രപരമായ നീക്കമായി വിലയിരുത്തുന്നുണ്ട്. പൂരം സംഘാടകരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ എക്സിബിഷന്‍-ആന വിഷയങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഗൂഢാലോചനയുണ്ടെന്ന ആരോപണമുയര്‍ത്തിയത്. എന്തെങ്കിലും ഗൂഢാലോചന കണ്ടെത്തിയാല്‍ അറിഞ്ഞോ അറിയാതെയോ കൂട്ടുനിന്നു എന്ന ആരോപണം സംഘാടകര്‍ക്കുനേരേയും വരും. ഇത് മറ്റൊരു രാഷ്ട്രീയ വിഷയമാകും. വരും തിരഞ്ഞെടുപ്പുകളെ പോലും സ്വാധീനിക്കാന്‍ കഴിയുന്ന വിഷയമായി ഇത് മാറുകയും ചെയ്യും. തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഈ സാഹചര്യത്തെ വ്യക്തമായി നിരീക്ഷിക്കുന്നുണ്ട്.
അതിനിടെ സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ ഉറച്ച നിലപാടിലാണ്. രാഷ്ട്രീയഗൂഢാലോചനയാണ് നടന്നത്. എന്‍.ഡി.എ.യെ തിരഞ്ഞെടുപ്പില്‍ സഹായിക്കുകയായിരുന്നു ലക്ഷ്യം. പൂരം അലങ്കോലമായതിന്റെ ഉത്തരവാദിത്വം സ്ഥാനാര്‍ഥിയായ എന്റെയും മന്ത്രി കെ. രാജന്റെയും തലയില്‍ കെട്ടിവെക്കുകയായിരുന്നു അജന്‍ഡ. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് വേഗം പുറത്തുവിടണമെന്ന് സുനില്‍കുമാര്‍ പറയുന്നു. അന്വേഷണത്തെ സ്വാഗതംചെയ്യുന്നു. പൂരത്തെ രാഷ്ട്രീയവത്കരിക്കരുത്. പൂരം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകണമെന്നതാണ് തിരുവമ്പാടി ദേവസ്വം സെക്രട്ടറിയുടെ പ്രതികരണം. പൂരത്തിനെതിരായ ഗൂഢാലോചന ഏഴുവര്‍ഷത്തോളമായി നടക്കുന്നുണ്ട്. സമഗ്രാന്വേഷണമാണ് വേണ്ടതെന്ന് പാറമേക്കാവും പറയുന്നു.
ശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമമുണ്ടായോ എന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച അന്വേഷണം എഡിജിപി എം.ആര്‍.അജിത്കുമാറിനു വിനയായേക്കുമെന്നും വിലയിരുത്തലുണ്ട്. പൂരം അലങ്കോലപ്പെട്ടതില്‍ അജിത്തിന്റെ വീഴ്ച അക്കമിട്ടു നിരത്തിയാണു ഡിജിപി എസ്.ദര്‍വേഷ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കിയത്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് അജിത്തിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റാമായിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് കൈമാറുന്നതിനു മുന്‍പ് ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുമായി കൂടിയാലോചന നടത്തി. അതിനു ശേഷമാണു ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ വിശദ അന്വേഷണം വേണമെന്ന ആമുഖക്കുറിപ്പോടെ മുഖ്യമന്ത്രിക്കു കൈമാറിയത്.
പൂരം അലങ്കോലപ്പെട്ടതിനെക്കുറിച്ച് അജിത് നല്‍കിയ റിപ്പോര്‍ട്ടില്‍ തിരുവമ്പാടി ദേവസ്വത്തിനെതിരായിപ്പോലും പരാമര്‍ശമുണ്ട്. പൂരം അട്ടിമറി ശ്രമവും ഗൂഢാലോചനയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ വിശദ അന്വേഷണത്തിനാണു ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച്.വെങ്കിടേഷിനെ ചുമതലപ്പെടുത്തിയത്.