തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ തുടരന്വേഷണമുണ്ടാകും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയില്‍ ഉറപ്പു നല്‍കി. രണ്ടുതരം അന്വേഷണത്തിനാണ് സാധ്യത.

എഡിജിപി എം.ആര്‍ അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിനാണ് സാധ്യത.

ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയിലാണ് പുതിയ അന്വേഷണത്തിനൊരുങ്ങുന്നത്.

പുതിയ അന്വേഷണം വരുമ്പോള്‍ എഡിജിപി തുടരുമോ എന്ന കാര്യവും നാളെ നിര്‍ണ്ണായകമാണ്. നാളത്തെ മന്ത്രിസഭ യോഗത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കും. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എം.ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയേ പറ്റൂ എന്ന നിലപാട് മുഖ്യമന്ത്രിക്ക് മുന്നില്‍ സിപിഐ ആവര്‍ത്തിച്ചിരുന്നു. എ കെ ജി സെന്ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായും ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തിയിരുന്നു.

നിയമസഭാ സമ്മേളനം തുടങ്ങും മുമ്പ് ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി അജിത് കുമാറിനെ മാറ്റണമെന്നാണ് സിപിഐയുടെ നിലപാട്. സിപിഎം - സിപിഐ നേതൃയോഗങ്ങള്‍ നാളെ ചേരാന്‍ ചേരുന്നതിന് മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച. എകെജി സെന്ററിലാണ് കൂടിക്കാഴ്ച നടന്നത്. ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ് ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി. റിപ്പോര്‍ട്ട് വരട്ടെയെന്നും അതിനുശേഷം തീരുമാനിക്കാമെന്നുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. എഡിജിപിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തില്‍ ഡിജിപി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് കൂടിക്കാഴ്ച നടന്നത്. നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കേണ്ടിവരുമെന്നാണ് സിപിഐയുടെ മുന്നറിയിപ്പ്.

മരം മുറി, ഫോണ്‍ ചോര്‍ത്തല്‍, മാമി തിരോധാനം, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, പൂരം കലക്കല്‍ എന്നീ വിവാദങ്ങളാണ് എഡിജിപിക്ക് കുരുക്കായത്. ഒപ്പം അനധികൃത സ്വത്ത് സമ്പാദനകേസില്‍ വിജിലന്‍സ് അന്വേഷണവും.