തൃശൂര്‍: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് തൃശൂര്‍ പൂരത്തിന്റെ വിളംബരം. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പന്‍ എറണാകുളം ശിവകുമാറാണ് പൂര വിളംബരം നടത്തിയത്. രാവിലെ എറണാകുളം ശിവകുമാര്‍ നെയ്തിലക്കാവില്‍ അമ്മയുടെ തിടമ്പേറ്റി വടക്കുംനാഥ ക്ഷേത്രത്തിലെത്തി വണങ്ങി. പിന്നാലെ തെക്കേഗോപുര വാതില്‍ തുറന്ന് നിലപാട് തറയില്‍ എത്തി മൂന്നുതവണ ശംഖ് ഊതി പൂര വിളംബരം നടത്തുകയായിരുന്നു.

ഇതോടെ പൂരചടങ്ങുകള്‍ക്ക് തുടക്കമായി. നാളെ രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിന് തുടക്കമാകും. തൃശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. അതേസമയം, ഫിറ്റ്‌നെസ് പരിശോധനയില്‍ വിജയിച്ച ആനകള്‍ക്ക് മാത്രമേ പൂരത്തിന് പങ്കെുടക്കാന്‍ കഴിയുകയുള്ളൂ. ആനകളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഇന്ന് വൈകിട്ട് നടക്കും. നാളെയാണ് പൂരം. നാളെ രാവിലെ ഏഴര മുതല്‍ ഘടകപൂരങ്ങളുടെ വരവ് തുടങ്ങും.

11.30നു ബ്രഹ്‌മസ്വം മഠത്തിനു മുന്നില്‍ തിരുവമ്പാടിയുടെ മഠത്തില്‍വരവു പഞ്ചവാദ്യം. 2.30നു വടക്കുന്നാഥ ക്ഷേത്രത്തിനുള്ളില്‍ ഇലഞ്ഞിത്തറ മേളം. വൈകിട്ട് 5.30നു കുടമാറ്റം നടക്കും. പുലര്‍ച്ചെ മൂന്നിനു വെടിക്കെട്ട്. മറ്റന്നാള്‍ രാവിലെ പകല്‍പൂരത്തിനും വെടിക്കെട്ടിനും ശേഷം ഉപചാരം ചൊല്ലിപ്പിരിയും.

പൂരോത്സവത്തിന് തൃശൂര്‍ നഗരത്തിലേക്ക് ഈ വര്‍ഷം 18 ലക്ഷംവരെ പേര്‍ എത്തുമെന്ന ജില്ലാ ഭരണകൂടത്തിന്റെ കണക്കുപ്രകാരം, നഗരത്തില്‍ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വനിതാ ഉദ്യോഗസ്ഥരടക്കമുള്ള 4000 പോലീസുകാരെയാണ് നിയമിക്കുന്നത്. ദുരന്ത നിവാരണ സേന, അഗ്നിശമന സേന, വൈദ്യസഹായ സംഘങ്ങള്‍ എന്നിവയും തയ്യാറാണ്.

ദുരന്താനന്തര ഇടപെടലുകള്‍ക്ക് മികച്ച സാഹചര്യങ്ങള്‍ ഒരുക്കുന്നതിന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അംഗീകരിച്ച നോട്ടിസ് പതിപ്പിച്ച ആംബുലന്‍സുകള്‍ക്ക് മാത്രമേ നഗരത്തിലേക്കുള്ള പ്രവേശനം അനുവദിക്കുകയുള്ളു. പൂരദിനത്തിലെ തിരുവമ്പാടിപറമേക്കാവ് വിഭാഗങ്ങളുടെ എഴുന്നള്ളിപ്പുകള്‍ക്ക് തടസ്സമുണ്ടാകില്ലെന്നും, സ്വരാജ് റൗണ്ടില്‍ രാത്രി പൂരദര്‍ശനത്തിനെത്തുന്നവരെ ബാരിക്കേഡുകള്‍കൊണ്ട് തടയില്ലെന്നും മന്ത്രി കെ. രാജന്‍ അറിയിച്ചു. തേക്കിന്‍കാട് മൈതാനിയിലെ വെടിക്കെട്ട് ആരംഭിക്കുമ്പോള്‍ മാത്രമാണ് കാണികളെ അകലത്തിലേക്ക് മാറ്റുക.

പൂരത്തിന് എത്തുന്നവര്‍ക്ക് ആരോഗ്യ വകുപ്പും നിര്‍ദ്ദേശങ്ങളുമായി മുന്നിലുണ്ട്. ദീര്‍ഘനേരത്തെ പൊള്ളുന്ന വെയിലിനെ മറികടക്കാന്‍ ധാരാളം വെള്ളം കുടിക്കുകയും, തണലില്‍ നില്‍ക്കുകയും ചെയ്യണമെന്ന് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കുട, തൊപ്പി എന്നിവ ഉപയോഗിക്കുക. ജലാംശം കൂടുതലുള്ള പഴങ്ങള്‍, പ്രത്യേകിച്ച് തണ്ണിമത്തന്‍, പലയിടങ്ങളിലായി ലഭ്യമാകുന്നുണ്ട്.

പാതയോര ജ്യൂസ് കടകളില്‍നിന്ന് ജ്യൂസ് വാങ്ങുമ്പോള്‍ ഐസ് ശുദ്ധജലത്തില്‍ നിന്നാണോ എന്നതും, ജ്യൂസിന് ഉപയോഗിക്കുന്ന വെള്ളം സുരക്ഷിതമാണോ എന്നതും ഉറപ്പുവരുത്തണം. ദേഹത്തിലും മനസ്സിലും അസ്വസ്ഥത തോന്നിയാല്‍ ഉടന്‍ സമീപത്തുള്ള മെഡിക്കല്‍ ടീമിനെയും ആംബുലന്‍സിനെയും സമീപിക്കണം.