ബംഗളുരു: തിരുപ്പതി തിരുമല വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രസാദലഡുവിനെച്ചൊല്ലിയുള്ള വിവാദം പുതിയ വഴികളിലേക്ക് നീങ്ങുമ്പോള്‍ ശരിക്കും കോളടിച്ചത് കര്‍ണ്ണാടകയ്ക്കാണ്.കര്‍ണ്ണാടകയുടെ സ്വന്തം നെയ്യ് ആയ നന്ദിനി വീണ്ടും തിരുപ്പതി ലഡുവിന്റെ ചേരുവയിലേക്ക് സ്ഥാനം പിടിച്ചിരിക്കുന്നു.അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നന്ദിനി വീണ്ടും ലഡുവിന്റെ ചേരുവ പട്ടികയിലേക്ക് എത്തുന്നത്.

കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ അഥവ കെ.എം.എഫ് ന്റെതാണ് നന്ദിനി നെയ്യ്.വിവാദം വലിയ ചര്‍ച്ചയിലേക്ക് മാറവെ ലഡു ഉണ്ടാക്കാനുള്ള നെയ്യ് നല്‍കിവന്ന കമ്പനികളെ ഒഴിവാക്കി കെ.എം.എഫിന്റെ നന്ദിനി നെയ്യ് മാത്രം ഉപയോഗിക്കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം തീരുമാനിക്കുകയായിരുന്നു.കര്‍ണാടകത്തിലെ ക്ഷീരോത്പാദകരുടെ സഹകരണ ഫെഡറേഷനാണ് കെ.എം.എഫ്.

തിരുപ്പതി ലഡുവുണ്ടാക്കാന്‍ 2013 മുതല്‍ 2019 വരെ ആറുവര്‍ഷക്കാലം തുടര്‍ച്ചയായി നന്ദിനി നെയ്യാണ് ഉപയോഗിച്ചിരുന്നത്.എന്നാല്‍

പിന്നീടുള്ള വര്‍ഷങ്ങളില്‍ ടെന്‍ഡര്‍ നേടാന്‍ കെ.എം.എഫിന് സാധിച്ചില്ല.ചേരുവകകളെക്കുറിച്ച് വിവാദം ഉണ്ടായതോടെ നന്ദിനിയെത്തന്നെ തെരഞ്ഞെടുക്കാന്‍ തിരുമല ദേവസ്വം തീരുമാനിക്കുകയായിരുന്നു.

മൂന്നുമാസത്തേക്ക് 350 ടണ്‍ നെയ്യ് നല്‍കാനാണ് ദേവസ്ഥാനം ആവശ്യപ്പെട്ടത്.തീരുമാനം മില്‍ക്ക് ഫെഡറേഷനെ അറിയിച്ചതോടെ നന്ദിനി നെയ്യ് വലിയ അളവില്‍ തിരുപ്പതിയിലേക്ക് അയച്ചുതുടങ്ങി.ആവശ്യത്തിനുള്ള നെയ്യ് നീക്കിയിരുപ്പുണ്ടെന്നും ഫെഡറേഷന് അഭിമാനകരമായ നിമിഷമാണിതെന്നും ഫെഡറേഷന്‍ ചെയര്‍മാന്‍ ഭീമ നായക് പറഞ്ഞു.തിരുപ്പതിയിലേക്ക് എന്തുകൊണ്ട് നെയ്യ് നല്‍കുന്നില്ല എന്ന് മുന്‍പ് പലരും ചോദിക്കാറുണ്ടായിരുന്നു.എന്നാല്‍ വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹത്താല്‍ ഇന്ന് കൂടുതല്‍ നെയ്യ് വിതരണം ചെയ്യുന്നു. ഇത് കെഎംഎഫിന് അഭിമാനകരമാണെന്നും കെഎംഎഫ് എംഡി ജഗദീഷ് പറഞ്ഞു.

തമിഴ്നാട്ടില്‍ നിന്നുള്ള എആര്‍ ഡയറി ഫുഡ് പ്ലൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തിരുന്നത്. ഗുജറാത്ത് സര്‍ക്കാരിന് കീഴിലുള്ള ലാബിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് വിവാദം ആളിക്കത്തിയത്. എന്നാല്‍ തങ്ങളുടെ ഉല്‍പന്നത്തെ ഒന്നിലധികം ലാബ് പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷമാണ് വിതരണത്തിന് എത്തിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.

നെയ്യ് ടാങ്കറുകള്‍ക്ക് ജിപിഎസും ഇലക്ട്രിക് ലോക്കിംഗും

നേരത്തെ നന്ദിനി നെയ്യ് ഉപയോഗിച്ചായിരുന്നു ലഡ്ഡു തയ്യാറാക്കിയിരുന്നത്. തിരുപ്പതി ക്ഷേത്ര അടുക്കളയില്‍ പ്രതിദിനം ഏകദേശം മൂന്നു ലക്ഷം ലഡ്ഡു ആണ് തയ്യാറാക്കുന്നത്.ഏകദേശം 15,000 കിലോ നെയ്യ് ആണ് ലഡ്ഡു നിര്‍മാണത്തിന് ആവശ്യമുള്ളത്.കരാര്‍ വീണ്ടും നന്ദിനിക്ക് ലഭിച്ചതോടെ നെയ്യ് ക്ഷേത്രത്തിലേക്കെത്തിക്കാന്‍ വലിയ സുരക്ഷ സംവിധാനനങ്ങളാണ് ഫെഡറേഷന്‍ അധികൃതര്‍ ഒരുക്കിയത്

കൂടുതല്‍ നന്ദിനി നെയ്യ് വിതരണം ചെയ്യാന്‍ കെഎംഎഫിനോട് ടിടിഡി അഭ്യര്‍ത്ഥിച്ചു.ഇതോടെ നന്ദിനി നെയ്യുടെ സുരക്ഷാസംവിധാനങ്ങളില്‍ കെഎംഎഫ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.നന്ദിനി നെയ്യ് തിരുപ്പതിയിലേയ്ക്ക് കൊണ്ട് പോകും വഴിയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തിരുമലയിലേക്ക് അയക്കുന്ന നെയ്യ് ടാങ്കറുകള്‍ക്ക് ജിപിഎസും ഇലക്ട്രിക് ലോക്കിംഗും സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ.ആഴ്ചയില്‍ മൂന്ന് ടാങ്കര്‍ നെയ്യ് ഇറക്കുമതി ചെയ്തിരുന്നു. നിലവില്‍ 3 മാസത്തേക്ക് 350 ടണ്‍ നെയ്യ് വിതരണം ചെയ്യാന്‍ കെഎംഎഫുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട് . ടിടിഡിയുമായുള്ള മുന്‍ കരാര്‍ ഒന്നര മാസത്തിനുള്ളില്‍ അവസാനിക്കും. അതുകൊണ്ട് ദിവസവും ഒരു ടാങ്കര്‍ നെയ്യ് കൊണ്ടുവരാന്‍ 6 മാസത്തെ കരാറുണ്ടാക്കാന്‍ ആലോചന നടക്കുന്നുണ്ട്.

തിരുപ്പതിയിലേക്ക് നന്ദിനി നെയ്യ് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ഇലക്ട്രിക് ഡോര്‍ ഘടിപ്പിക്കും.ലാബ് പരിശോധനയ്ക്ക് ശേഷമാകും നന്ദിനി നെയ്യ് നല്‍കുക.മുന്‍ സര്‍ക്കാരിന്റെ കാലത്ത് ടിടിഡിക്ക് നെയ്യ് വിതരണം ചെയ്തിരുന്നില്ല.ടിടിഡിയുടെ ആവശ്യപ്രകാരമാണ് ഇപ്പോള്‍ നന്ദിനി നെയ്യ് വിതരണം ചെയ്യുന്നതെന്ന് കെഎംഎഫ് എംഡി ജഗദീഷ് പറഞ്ഞു.ഇതിന് പുറമേ, കശുവണ്ടി, ഉണക്കമുന്തിരി, ഏലക്ക, പയര്‍ മാവ്, പഞ്ചസാര എന്നിവയും ലഡ്ഡു നിര്‍മാണത്തിന്റെ ചേരുവകളാണ്.

കര്‍ണ്ണാടക മില്‍ക്ക് ഫെഡറേഷന്റെ പിറവിക്ക് പിന്നില്‍

1955 ല്‍ കര്‍ണാടകയിലെ കുടക് ജില്ലയില്‍ ആദ്യത്തെ ക്ഷീര സഹകരണസംഘം സ്ഥാപിതമായ മുതലാണ് കെഎംഎഫിന്റെ ചരിത്രം ആരംഭിക്കുന്നത്.അക്കാലത്ത് പാല്‍ പായ്ക്കറ്റ് സംവിധാനമില്ലാതിരുന്നതിനാല്‍ തന്നെ കര്‍ഷകര്‍ നേരിട്ട് വീടുകളില്‍ പാല്‍ എത്തിക്കുന്നതായിരുന്നു രീതി.എന്നാല്‍ വില്‍പ്പന ഏറിയതോടെ ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിന് അനുസരിച്ച് പാല്‍ എത്തിക്കാന്‍ സാധിച്ചില്ല.

പാലിന്റെ ക്ഷാമവും അനുഭവപ്പെട്ടു.

പാല്‍ വിതരണം പ്രതീക്ഷിച്ചത് പോലെ വിജയിച്ചില്ലെങ്കിലും പിന്മാറാന്‍ ക്ഷീര കര്‍ഷകര്‍ തയ്യാറായില്ല.അങ്ങിനെ 1974-ല്‍ കര്‍ണാടക സര്‍ക്കാര്‍ കര്‍ണാടക ഡയറി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.ഡി.സി.സി.) രൂപീകരിച്ച് ചെറിയ ക്ഷീരസംഘങ്ങളെ ഏകോപിപ്പിച്ചു.1970 ലെ ധവളവിപ്ലവത്തിന്റെ കാലത്ത് ആവിഷ്‌കരിച്ച് നടപ്പക്കാന്‍ കഴിയാതെ പോയ ഡയറി പദ്ധതികള്‍ കെ.ഡി.സി.സിയുടെ നേതൃത്വത്തില്‍ നടപ്പാക്കി.പദ്ധതി വിജയം കണ്ടതോടെ 1984 ല്‍ കെഡിസിസിയെ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു.

തുടര്‍ന്നാണ് 'നന്ദിനി' എന്ന ബ്രാന്‍ഡില്‍ പാക്കേജു ചെയ്ത പാലും മറ്റ് ഉല്‍പ്പന്നങ്ങളും വില്‍ക്കാന്‍ തുടങ്ങിയത്.കാലക്രമേണ, 'നന്ദിനി' കര്‍ണാടകയിലെ ഏറ്റവും ജനപ്രിയമായ ഡയറി ബ്രാന്‍ഡായി വളരുകയും അയല്‍ സംസ്ഥാനങ്ങളിലേക്ക് ഉള്‍പ്പടെ വ്യാപിക്കുകയും ചെയ്തു.ബെംഗളൂരു, കോലാര്‍, മൈസൂര്‍ കോഓപ്പറേറ്റീവ് മില്‍ക്ക് യൂണിയനുകള്‍ ഉള്‍പ്പെടെ കര്‍ണാടകയിലുടനീളം 15 ക്ഷീരസംഘങ്ങള്‍ ഇന്ന് കെഎംഎഫിന്റെ കീഴിലുണ്ട്.

ഈ യൂണിയനുകള്‍ ഗ്രാമതല ക്ഷീര സഹകരണ സംഘങ്ങളില്‍ (ഡിസിഎസ്) നിന്ന് പാല്‍ വാങ്ങി സംസ്‌കരണത്തിനായി കെഎംഎഫില്‍ എത്തിക്കുന്നു.കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ വെബ്‌സൈറ്റ് അനുസരിച്ച്, 24,000 ഗ്രാമങ്ങളിലെ 26 ലക്ഷം കര്‍ഷകരില്‍ നിന്ന് കെഎംഎഫ് പ്രതിദിനം 86 ലക്ഷം ലിറ്റര്‍ പാലാണ് ശേഖരിക്കുന്നത്.പ്രധാനമായും ചെറുകിട കര്‍ഷകരും ഉല്‍പ്പാദകരുമായ പാല്‍ വിതരണക്കാര്‍ക്കുള്ള പ്രതിദിന പണമടയ്ക്കല്‍ സംവിധാനമാണ് കെഎംഎഫിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്.

പ്രതിദിനം 28 കോടിയിലധികം രൂപയാണ് ഫെഡറേഷന്‍ വിതരണം ചെയ്യുന്നത്.സംസ്ഥാനത്തുടനീളം കെഎംഎഫിന് 15 യൂണിറ്റുകളാണുള്ളത്.പാലിന്റെ സംസ്‌ക്കരണം മുതല്‍ പാക്കേജിങ്ങ് വരെ ഇവിടെയാണ് നടക്കുന്നത്.നന്ദിനി ബ്രാന്‍ഡിലിറക്കുന്ന പാല്‍, തൈര്, നെയ്യ്, വെണ്ണ, ഐസ്‌ക്രീം, ചോക്ലെറ്റ് തുടങ്ങിയവ കര്‍ണാടകത്തിന് പുറത്തേക്കും പോകുന്നുണ്ട്.

തിരുപ്പതിക്ക് പിന്നാലെ കര്‍ണ്ണാടകത്തിലും ഡിമാന്‍ഡേറുന്ന നന്ദിനി..പിന്നാലെ സര്‍ക്കാര്‍ ഉത്തരവും

ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായിരുന്നസമയത്ത് തിരുമലക്ഷേത്രത്തിലെ പ്രസാദലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്.തുടര്‍ന്നുനടന്ന പരിശോധനയില്‍ മൃഗക്കൊഴുപ്പ് സ്ഥിരീകരിച്ചതായും പറയുന്നു.പിന്നാലെയാണ് നിലവില്‍ വിതരണം ചെയ്തിരുന്ന കമ്പനിയെ മാറ്റാനും നന്ദിനിയെത്തന്നെ വീണ്ടും കരാര്‍ എല്‍പ്പിക്കാനും തീരുമാനമായത്.

തിരുപ്പതിയിലേക്ക് നന്ദിനിക്ക് വീണ്ടും കരാര്‍ ലഭിച്ചതോടെ കര്‍ണ്ണാടകയിലും നന്ദിനി ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറി.കര്‍ണാടകത്തിലെ ക്ഷേത്ര ഭരണസമിതികള്‍ക്ക് നിര്‍ദേശവുമായി സിദ്ധരാമയ്യ സര്‍ക്കാറും രംഗത്തെത്തി.കര്‍ണാടക സര്‍ക്കാരിന്റെ

അധികാരപരിധിയിലുള്ള 34,000 ക്ഷേത്രങ്ങളിലും നന്ദിനി ബ്രാന്‍ഡിന്റ നെയ്യ് ഉപയോഗിക്കണമെന്ന് ക്ഷേത്ര ഭരണസമിതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

വിളക്കു കൊളുത്തല്‍, പ്രസാദം തയ്യാറാക്കല്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ക്ഷേത്ര ചടങ്ങുകള്‍ക്കും ഭക്തര്‍ക്ക് ഭക്ഷണം വിളമ്പുന്ന ഭക്ഷണങ്ങളിലും കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ ഉല്‍പാദിപ്പിക്കുന്ന നന്ദിനി നെയ്യ് മാത്രമേ ഉപയോഗിക്കാവൂ എന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. പ്രസാദത്തിന്റെ ഗുണമേന്മയില്‍ ഒരിക്കലും വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി.

ഇതോടെ കര്‍ണാടകത്തില്‍ കെഎംഎഫിന്റെ നെയ്യിന് ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുകയാണ്.സംസ്ഥാനത്ത് മുസ്രായി വകുപ്പിന് കീഴിലുള്ള ആരാധനാലയങ്ങളില്‍ നന്ദിനി നെയ്യ് എത്തിക്കാനും ഒരുക്കങ്ങള്‍ തുടങ്ങി. കൂടാതെ നന്ദിനി നെയ്യിന് ഇപ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യക്കാര്‍ വര്‍ധിച്ചതിനാല്‍ പ്രതിദിനം 15 ലക്ഷം ലിറ്റര്‍ പാലില്‍ നിന്ന് നന്ദിനി നെയ്യ് ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ്.