പത്തനംതിട്ട: തുമ്പമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ടെന്ന് കോണ്‍ഗ്രസിന്റെ പരാതി. സിപിഎം ലോക്കല്‍ സെക്രട്ടറി ഉന്മേഷ്, ബ്രാഞ്ച് സെക്രട്ടറി ദീപു എന്നിവര്‍ വോട്ട് ചെയ്‌തെന്നാണ് ആരോപണം. തെളിവായി ചിത്രങ്ങള്‍ പുറത്തുവന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതുമായി ബന്ധപ്പെട്ട ദൃശ്യം പുറത്തുവിട്ടത്.

കഴിഞ്ഞ ശനിയാഴ്ചയാണ് തുമ്പമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. എന്നാല്‍, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സി.പി.എം. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കി വോട്ട് രേഖപ്പെടുത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായിരുന്നു.

സി.പി.എം. പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമായ ഏതാനും പേര്‍ വരിനില്‍ക്കുന്നതും വോട്ട് ചെയ്ത് മടങ്ങുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടല്‍ ലോക്കല്‍ സെക്രട്ടറി ഉന്മേഷ്, കൊടുമണ്‍ ഏരിയാ കമ്മിറ്റി അംഗം സോബി, ബ്രാഞ്ച് സെക്രട്ടറി ദീപു, ബ്രാഞ്ച് അംഗം വിജയന്‍, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ ശ്രീജിത്ത് കെ, ഓമനക്കുട്ടന്‍, വഖാസ് തുടങ്ങിയവരുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് പോലീസിന്റേയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടേയും ഒത്താശയോടെ വ്യാപകമായി കള്ളവോട്ട് ചെയ്ത് സഹകരണബാങ്കിന്റെ ഭരണം പിടിക്കാന്‍ സി.പി.എം. ശ്രമിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം. പ്രതികരിച്ചു. തുമ്പമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനായി എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും എത്തണമെന്ന് ആഹ്വാനം ചെയ്തത് ഡി.സി.സി. പ്രസിഡന്റാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.ഡി. ബൈജു ഫെയ്സ്ബുക്കില്‍ കുറിച്ചു.

അതേ സമയം സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, ബൂത്ത് ഭാരവാഹി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് നീതിയുക്തമല്ലെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സക്കറിയ വര്‍ഗീസ്. സമാധാനപരമായി നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തുമ്പമണ്‍ ജംക്ഷനില്‍ തമ്പടിച്ച് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയാറാക്കി വോട്ട് ചെയ്യാന്‍ തുടങ്ങിയതുമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

പല തവണ പൊലീസിനോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. പിന്നീട്, കള്ളവോട്ട് ചെയ്തിറങ്ങി വരുന്ന ആളെ നേരില്‍ ചൂണ്ടിക്കാണിച്ചു കൊടുത്തിട്ടും നടപടിയെടുക്കാതെ വന്നപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിക്കുകയും ഇത് പ്രകോപനമായി കണക്കാക്കി പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കുന്ന സമീപനമാണ് പൊലീസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ കൂടല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, കുരമ്പാല ബ്രാഞ്ച് സെക്രട്ടറി, കൊടുമണ്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഉള്‍പ്പടെ നേരിട്ടെത്തി ക്യൂവില്‍ നിന്ന് വോട്ട് ചെയ്യുന്ന ചിത്രങ്ങള്‍ സഹിതം കോണ്‍ഗ്രസ് പുറത്തുവിട്ടെങ്കിലും നടപടിയെടുക്കാതിരുന്ന സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്.

ഇതു കണ്ടില്ലെന്ന് നടിച്ചു കള്ളവോട്ട് ചെയ്യാന്‍ സിപിഎമ്മുകാരെ സഹായിക്കുന്ന രീതിയാണ് പൊലീസ് സ്വീകരിച്ചത്. പൊലീസുകാരന്റെ കണ്ണില്‍ അദ്ദേഹത്തിന്റെ തന്നെ കൈകൊണ്ട് പരുക്കേറ്റത്, കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവച്ചു ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുറ്റവാളികളെ പോലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റിന് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയേണ്ട സ്ഥിതിയുണ്ടായെന്നും സക്കറിയ വര്‍ഗീസ് പറഞ്ഞു.