വാഷിംഗ്ടണ്‍: അങ്ങോട്ടേ ഇങ്ങോട്ടേയെന്ന ആശങ്കകളവസാനിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിരോധനം വൈകിപ്പിച്ചതോടെ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ടിക് ടോക് അമേരിക്കന്‍ ആപ്പ് സ്റ്റേറുകളില്‍ തിരിച്ചെത്തി. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഇനി മുതല്‍ ടിക് ടോക് ലഭ്യമായി തുടങ്ങും. ടിക്ടോക് നിരോധനം നടപ്പാക്കുന്നത് 90 ദിവസത്തേക്ക് വൈകിക്കാന്‍ എക്‌സിക്യുട്ടീവ് ഓര്‍ഡര്‍ പുറപ്പെടുവിക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച ട്രൂത്ത് സോഷ്യലില്‍ പ്രഖ്യാപിച്ചതോടെയാണ് ടിക്ടോക് തിരികെ എത്തിയത്.

പകുതിയോളം അമേരിക്കക്കാര്‍ ഉപയോഗിച്ചിരുന്ന ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പാണ് ടിക്ടോക്. എന്നാല്‍ ടിക്ടോക്കിനെതിരെ സുരക്ഷാ ആരോപണങ്ങളുമായി യുഎസ് നിരോധന നടപടികളിലേക്ക് കടക്കുകയായിരുന്നു. അമേരിക്കയില്‍ ഇക്കഴിഞ്ഞ ജനുവരി 19ന് സമ്പൂര്‍ണ വിലക്ക് വരുന്നതിന് മുന്നോടിയായി ടിക്ടോക് ആപ്ലിക്കേഷന്‍ യുഎസിലെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് നീക്കംചെയ്യപ്പെട്ടിരുന്നു. വിലക്ക് ഒഴിവാകാന്‍ ടിക്ടോക്കിന്റെ അമേരിക്കന്‍ ബിസിനസ്, ഉടമകളായ ബൈറ്റ്ഡാന്‍സ് ഏതെങ്കിലും യുഎസ് കമ്പനിക്ക് വില്‍ക്കുക മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന പോംവഴി.

എന്നാല്‍ ടിക്ടോക്കിന്റെ വിലക്ക് നടപ്പാക്കുന്നത് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതോടെ 75 ദിവസത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ഇതോടെയാണ് ടിക്ടോക്കിന് അമേരിക്കയില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കാനുള്ള അവസരമൊരുങ്ങിയത്. അമേരിക്കയില്‍ 2024ല്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട രണ്ടാമത്തെ ആപ്പാണ് ടിക്ടോക്. ആപ്പിള്‍ സ്റ്റോറില്‍ നിന്നായിരുന്നു കൂടുതല്‍ ഡൗണ്‍ലോഡും. ഇന്നലെ (വ്യാഴം) മുതല്‍ ടിക്ടോക് ആപ്പ് വീണ്ടും അമേരിക്കയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നുണ്ട്. ടിക്ടോക്കിന് പ്രവര്‍ത്തിക്കാന്‍ താല്‍ക്കാലിക അനുമതി ട്രംപ് നല്‍കിയിരുന്നെങ്കിലും ആപ്പ് സ്റ്റോറുകളില്‍ ഇത് ഗൂഗിളും ആപ്പിളും ലഭ്യമാക്കിയിരുന്നില്ല.