തിരുവനന്തപുരം: പ്രേം നസീറിനെ കുറിച്ച് വായില്‍ തോന്നിയത് പറഞ്ഞ് വിവാദത്തില്‍ ചാടിയ ടിനി ടോം ഒരുവില്‍ ടുടേണ്‍ അടിച്ചു രംഗത്ത്. മലയാളത്തിന്റെ നിത്യഹരിത നായകനെ അപമാനിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ഇരമ്പിയതോടെയാണ് ടിനി ടോം മാപ്പു പറഞ്ഞത്.

അറിഞ്ഞുകൊണ്ട് മോശം പരാമര്‍ശം നടത്തിയതല്ലെന്നും താന്‍ പറഞ്ഞ കാര്യങ്ങളെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ചതാണെന്നും ടിനി ടോം പറഞ്ഞു. തന്റെ ഭാഗത്തു നിന്ന് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും നടന്‍ പറഞ്ഞു. പ്രേംനസീറിനെപ്പോലുള്ള ലെജന്റുകളെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കാന്‍ തനിക്ക് പറ്റില്ലെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലൂടെ ടിനി ടോം വ്യക്തമാക്കി. ഒരു സീനിയറില്‍ നിന്നും ലഭിച്ച വിവരമാണ് താന്‍ പങ്കുവെച്ചതെന്നാണ് ടിനിയുടെ ന്യായീകരണം.

'വളരെ വൈകിയാണ് ഒരു വാര്‍ത്ത ഞാന്‍ കണ്ടത്. നസീര്‍ സാറിനെ ഞാന്‍ മോശം പരാമര്‍ശം നടത്തി എന്ന് പറഞ്ഞിട്ട്. ദ ഗോഡ് ഓഫ് മലയാളം സിനിമ, ദ ലെജന്റ് ഓഫ് മലയാളം സിനിമ നസീര്‍ സാറിനെ ആരാധിക്കുന്ന ഒരുപാട് പേര്‍ ലോകത്തുണ്ട്. അതില്‍ ഉള്‍പ്പെടുന്ന ചെറിയ ഒരാളാണ് ഞാന്‍. നസീര്‍ സാര്‍ എവിടെ കിടക്കുന്നു ഞാന്‍ എവിടെ കിടക്കുന്നു. അത്രയും വലിയ ഒരു സ്റ്റാറിനെ മോശം പരാമര്‍ശം നടത്താന്‍ ഞാന്‍ ആരാണ്. ഒരു ഇന്റര്‍വ്യൂവിലെ ചെറിയ ഭാഗം അടര്‍ത്തി എടുത്ത് തെറ്റായ വ്യാഖ്യാനത്തിലൂടെ പല വാര്‍ത്തകളും പുറത്തുവിടുകയാണ് ഉണ്ടായത്.

ഞാന്‍ നസീര്‍ സാറിനെ നേരിട്ട് കണ്ടിട്ടുകൂടി ഇല്ല. ഒരു സീനിയര്‍ തന്ന വിവരം. ഇപ്പോള്‍ അദ്ദേഹം കൈ മലര്‍ത്തുന്നുണ്ട്. അല്ലാതെ അന്തരീക്ഷത്തില്‍ നിന്ന് ആവാഹിച്ച് എടുത്തതല്ല. കേട്ട വിവരംവച്ച് ഷെയര്‍ ചെയ്ത കാര്യമാണ്. അതൊരിക്കലും ആരെയും മോശപ്പെടുത്താനോ അവഹേളിക്കാനോ അല്ല. കാരണം ഇവരൊക്കെ തിരിച്ചു കിട്ടാത്ത ലെജന്റ്‌സ് ആണ്. പല സീനിയേഴ്‌സ് മരിക്കുമ്പോഴും ഞാന്‍ അവിടെ പോകാറുണ്ട്. എന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. അത് നാട്ടുകാരെ കാണിക്കാനല്ല. കാരണം ഇവരെയൊന്നും ഇനി നമുക്ക് തിരിച്ച് കിട്ടില്ല. അത്രയും ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന ഇവരെയൊക്കെ മോശം പരാമര്‍ശം നടത്താന്‍ ഞാന്‍ ആരാണ്. ആരെയും വാക്ക് കൊണ്ടു പോലും വേദനിപ്പിക്കരുതെന്ന് വിചാരിച്ച് അതിനനുസരിച്ച് ജീവിക്കുന്ന ഒരാളാണ് ഞാന്‍. ഇങ്ങനെ ഒരു സംഭവം ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേദന ഉണ്ടാക്കുന്നതാണ്.

പ്രത്യേകിച്ച് പ്രേംനസീര്‍ സുഹൃത് സമിതി ലോകം മുഴുവന്‍ ഉണ്ട്. അതില്‍ എന്റെ സുഹൃത്തുകളുണ്ട്. ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാന പ്രസിഡന്റ് ഒക്കെ എനിക്ക് അടുത്ത് അറിയാവുന്നവരാണ്. ഞാന്‍ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പും ക്ഷമയും ചോദിക്കാന്‍ ഞാന്‍ തയാറാണ്. അത്രയും വലിയ ലെജന്റിന്റെ കാല്‍ക്കല്‍ വീഴാനും ഞാന്‍ തയാറാണ്. അദ്ദേഹത്തിന്റെ മകന്‍ ഷാനവാസ് ഇക്കയുമായി ഞാന്‍ സ്ഥിരമായി ചാറ്റ് ചെയ്യാറുണ്ട്. ആരാധന കൊണ്ട് തന്നെയാണ്.

അതുപോലെ സത്യന്‍ മാഷിന്റെ മകന്‍ സതീഷ് സത്യന്‍ മാഷിനോട് ചോദിച്ചാല്‍ അറിയാം അദ്ദേഹത്തെ ഓണര്‍ ചെയ്യണം എന്ന് പറഞ്ഞ് വാദിച്ച ഒരാളാണ് ഞാന്‍. ഇത്തവണത്തെ മീറ്റിങ് നസീര്‍ സാറിന്റെ ശബ്ദത്തില്‍ തുടങ്ങണമെന്ന് പറഞ്ഞ് വാദിച്ച ഒരാളാണ്. അതിന്റെ ഒരു എഐ ക്രിയേറ്റ് ചെയ്തിട്ടാണ് തുടങ്ങിയത്. അതുകൊണ്ട് മനസാ വാചാ കര്‍മണാ ഇങ്ങനെ വാര്‍ത്തയില്‍ വന്ന പോലെ വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല, ചിന്തിച്ചിട്ടില്ല എന്നെ കൊണ്ട് പറ്റുകയുമില്ല. എന്റെ ഭാഗത്ത് നിന്ന് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.', ടിനി ടോം പറഞ്ഞു.

നടന്‍ പ്രേംനസീറിനെക്കുറിച്ച് ടിനി ടോം നടത്തിയ പ്രസ്താവനയില്‍ അദ്ദേഹത്തെ വിമര്‍ശിച്ച് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. 'പ്രേംനസീര്‍ സാര്‍ അവസാന കാലങ്ങളില്‍ സിനിമയില്ലാതെയായപ്പോള്‍ അടൂര്‍ ഭാസിയിടേയും ബഹദൂറിന്റെയും വീട്ടില്‍ പോയി കരയുമായിരുന്നു എന്ന ടിനി ടോമിന്റെ പ്രസ്താവന എനിക്ക് കുറേപ്പേര്‍ അയച്ചു തന്നിരുന്നു. എണ്‍പത്തിയഞ്ചു വരെ മദ്രാസിലുണ്ടായിരുന്ന, അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത, അദ്ദേഹത്തിന്റെ എല്ലാ നന്മയും അനുഭവിച്ച ഞങ്ങള്‍ക്ക് ആ പ്രസ്താവന വേദനയുണ്ടാക്കുന്നതാണ്', ഭാഗ്യലക്ഷ്മി പറഞ്ഞു.

പ്രേംനസീറിനെ അപമാനിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിന്റെ ബന്ധുവും സംവിധായകനുമായ എംഎ നിഷാദ് കടുത്ത ഭാഷയിലാണ് ടിനി ടോമിനെതിരെ പ്രതികരിച്ചത്. പ്രേംനസീര്‍ സിനിമ ഇല്ലാതെ സ്റ്റാര്‍ഡം പോയി മനസ്സുവിഷമിച്ച് അടൂര്‍ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടില്‍ പോയിരുന്നു കരഞ്ഞിരുന്നു എന്ന് ടിനി ടോം പറഞ്ഞതായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സിനിമ കിട്ടാതെ കരഞ്ഞു കരഞ്ഞാണ് പ്രേം നസീര്‍ മരിച്ചതെന്നും ടിനി ടോം പറഞ്ഞു എന്ന് എംഎ നിഷാദ് തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

സുന്ദരനും സമ്പന്നനുമായിരുന്ന പ്രേം നസീറിന് ടിനി ടോമിനെപ്പോലെ വിഗ് വച്ച് മേക്കപ്പിട്ട് ഇറങ്ങേണ്ട ആവശ്യമില്ല എന്നാണ് എംഎ നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ചീപ്പ് പബ്‌ളിസിറ്റിക്ക് വേണ്ടി വിവരക്കേട് വിളിച്ചു കൂവുന്നത് ടിനി ടോം നിര്‍ത്തണമെന്നും എം എ നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം പരാമര്‍ശത്തില്‍ ടിനി ടോമിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു സംവിധായകന്‍ ആലപ്പി അഷ്റഫ്. ടിനിയുടെ വാദം തെറ്റാണെന്ന് ആലപ്പി അഷറഫ് പറഞ്ഞു. ഇതിനിടെ ഇതെല്ലാം മണിയന്‍ പിള്ള രാജുവാണ് തന്നോട് പറഞ്ഞതെന്ന് വിശദീകരിച്ച് തടി തപ്പാന്‍ ടിനു ടോം ശ്രമിക്കുകയാണെന്ന് ആലപ്പി അഷറഫ് ആരോപിക്കുന്നു. ഇക്കാര്യം മണിയന്‍ പിള്ള രാജുവിനോട് പറയുകയും ചെയ്യുന്നു.

ഈ ഫോണ്‍ സംഭാഷണത്തില്‍ ടിനി ടോമിനെ കടന്നാക്രമിക്കുകയാണ് മണിയന്‍പിള്ള രാജു. ഏതായാലും സോഷ്യല്‍ മീഡിയയില്‍ ടിനി ടോമിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. നസീറിന്റെ ആരാധകര്‍ നിയമ നടപടിക്കും ഒരുങ്ങുന്നു. ഇതിനിടെയാണ് തടിതപ്പാന്‍ എല്ലാം മണിയന്‍ പിള്ള രാജുവിന്റെ തലയില്‍ ടിനി ടോം കൊണ്ടു വയ്ക്കുന്നത്.

മമ്മി സെഞ്ച്വറിയോട് ടിനു ടോം പറഞ്ഞത് എല്ലാം മണിയന്‍ പിള്ള രാജു തന്നോട് പറഞ്ഞത് എന്നാണ്. ഇതേ കുറിച്ച് എന്താണ് പറയാനുള്ളതെന്നാണ് മണിയന്‍ പിള്ള രാജുവിനോട് ആലപ്പി അഷറഫിന്റെ ചോദ്യം. ഇവനൊന്നും നസീര്‍ സാറിനെ കണ്ടിട്ടില്ല. ഞാന്‍ നസീര്‍ സാറിനൊപ്പം പത്തോ പതിനഞ്ചോ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നസീര്‍ സാറിനെ പോലെ ദൈവ തുല്യനെ ഞാന്‍ കണ്ടില്ല. ടിനി ടോം പലതും പറഞ്ഞ് മുമ്പും വിവാദങ്ങളില്‍ ചെന്നു പെട്ടു. എന്തിനാണ് ഇത്രയും മഹാനായ ആളിനെ കുറിച്ച് ഇങ്ങനെ മോശം പറഞ്ഞു.

ആയാള്‍ക്ക് ഭ്രാന്താണെന്ന് തോന്നുന്നു. മരിച്ച് പോയ ആളാണ്. ഇത്രയും ദൈവ തുല്യന്‍. നസീര്‍ സാറിന്റെ റിക്കോര്‍ഡാണ് ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ചത്. നസീര്‍ സാറിനെ കുറിച്ച് എതിരായതൊന്നും പറയാനാകില്ല. നസീര്‍ സാറിനെ ഇഷ്ടപ്പെടുന്നവര്‍ എതിര്‍ത്ത് കല്ലെറിയും. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. കടുത്ത അപരാധമാണ് ചെയ്യുന്നത്. എത്രയോ റൈറ്റപ്പുകള്‍ എന്റേതായി നസീര്‍ സാറിന് അനുകൂലമായി വന്നിട്ടുണ്ട്.

രണ്ട് പടം വന്നാല്‍ പരിസരം മറക്കും ഇവനൊക്കെ. അത് ചെയ്യാന്‍ പാടില്ല-ഇതാണ് മണിയന്‍ പിള്ള രാജുവിന്റെ പ്രതികരണം. ഇതോടെ മണിയന്‍ പിള്ള രാജുവും ടിനു ടോമുമായി അങ്ങനെയൊരു സംഭാഷണം നടന്നില്ലെന്ന് വ്യക്തമാകുകയാണ്. എന്നും നസീറിനെ അംഗീകരിച്ച വ്യക്തിയാണ് മണിയന്‍പിള്ളരാജു. പലപ്പോഴും പല അഭിമുഖത്തിലും ഇത് മണിയന്‍ പിള്ള രാജു പറഞ്ഞിട്ടുമുണ്ട്.

നേരത്തെ വളരെ രൂക്ഷമായ ഭാഷയിലാണ് ടിനി ടോമിനെ ആലപ്പി അഷറഫ് വിമര്‍ശിച്ചത്. മിമിക്രി പോലും നേരെ ചൊവ്വെ മര്യാദയ്ക്ക് ചെയ്യാനറിയാത്തവനാണ് ടിനി ടോം. ഏത് നടന്റെ ശബ്ദമെടുത്താലും സ്വന്തം ശബ്ദമാണ് പുറത്തേക്ക് വരുന്നത്. മണിയടി കൊണ്ടും സോപ്പിടല്‍ കൊണ്ടും ഉപജീവനം കൊണ്ടും സോപ്പിടല്‍ നടത്തുന്ന നടനാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ പറ്റുമോ.

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയും ആദരവോടെയും ബഹുമാനത്തോടെയും കാണുന്ന, സൂപ്പര്‍ സംവിധായകര്‍ മുതല്‍ ഇന്ന് കടന്ന് വരുന്ന പുതുമുഖ സംവിധായകര്‍ വരെ ഗുരുതുല്യനായി കാണുന്ന നടനാണ് പ്രേം നസീര്‍. നസീര്‍ സര്‍ ആരാണെന്ന് ഈ തള്ളല്‍ വീരന്‍ ഇന്നും മനസിലാക്കിയിട്ടില്ല. നന്മയുടെയും മനുഷ്യ സ്നേഹത്തിന്റെയും പാഠ പുസ്തകമാണ്. താനാദ്യം അദ്ദേഹത്തിന്റെ ജീവചരിത്രമെടുത്ത് വായിച്ച് പഠിക്കൂ. എത്ര നീചമായ, വൃത്തികെട്ട വാക്കുകള്‍ ഉപയോഗിച്ചാണ് ആ വലിയ മനുഷ്യനെ അപമാനിച്ചത്.

അദ്ദേഹത്തെ സ്നേഹിക്കുന്ന കലാ സ്നേഹികള്‍ക്കും അദ്ദേഹത്തിന്റെ പേരില്‍ നടത്തുന്ന കലാസാംസ്‌കാരിക സംഘടനകള്‍ക്കും ഏറ്റ അപമാനമാണ്. സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി ചാര്‍ജെടുത്തപ്പോള്‍ മണിയടിച്ച് അടുത്ത് കൂടി തക്കം കിട്ടിയപ്പോള്‍ സുരേഷ് ഗോപിക്കും ഇട്ടൊന്ന് താങ്ങി. അതില്‍ സുരേഷ് ഗോപിയുടെ ആരാധകര്‍ പ്രതിഷേധമുയര്‍ത്തിയതും ഈയിടെയാണല്ലോ. പ്രേം നസീര്‍ ഫൗണ്ടേഷന്റെ ഭാരവാഹികള്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് എന്നെ വിളിച്ച് അറിയിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേരളത്തില്‍ പ്രേം നസീറിന്റെ പേരിലുള്ള പല സാംസ്‌കാരിക സംഘടനകളും നിയമനടപടികളിലേക്ക് പോകുമെന്നും അവരെന്നെ അറിയിച്ചു-ആലപ്പി അഷറഫ് വിശദീകരിച്ചു.