ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്ന ക്ഷേത്രം. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വരുമാനമുള്ളതുമായ ക്ഷേത്രം. അതാണ് ആന്ധ്രയിലെ തിരുപ്പതി ശ്രീ വെങ്കിടാചലപതി ക്ഷേത്രം. വെങ്കടാചലപതി കുബേരനില്‍ നിന്ന് കടം വാങ്ങിയതിനെക്കുറിച്ചുള്ള ഐതിഹ്യം വളരെ പ്രസിദ്ധമാണ്. ഭഗവാന്‍ തന്റെ വിവാഹത്തിന് വേണ്ടിയാണ് ഈ കടം എടുത്തതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത് വീട്ടാനായി ആയിരക്കണക്കിന് ഭക്തര്‍ ദിവസവും, ഭഗവാന് കാണിക്കയിടുന്നു. കേരളത്തില്‍ ശബരിമല പോലെ ആന്ധ്രക്കാരുടെ ഒരു വികാരം കൂടിയാണ് ഈ ക്ഷേത്രം. ശബരിമലയിലെ സ്വര്‍ണ്ണപ്പാളിക്കടത്തിന് സമാനമായിരുന്നു തിരുപ്പതിയിലെ ലഡ്ഡുവില്‍ മായംചേര്‍ത്തത് അടക്കമുള്ള കുംഭകോണങ്ങള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജഗ്മോഹന്‍ റെഡ്ഡിയെ തോല്‍പ്പിച്ചത് ഈ ലഡ്ഡുവിവാദമടക്കമുള്ള കാര്യങ്ങളായിരുന്നു.

ഇപ്പോഴിതാ തിരുപ്പതി ലഡ്ഡു കുംഭകോണ കേസില്‍ സിബിഐ പ്രത്യേക സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കയാണ്. തിരുമല-തിരുപ്പതി ദേവസ്ഥാനത്ത് (ടി ടി ഡി) 250 കോടി രൂപയുടെ കുംഭകോണമാണ് ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്ന ലഡ്ഡുവുമായി ബന്ധപ്പെട്ട് നടന്നതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നത്.

68 ലക്ഷം കിലോ വ്യാജനെയ്യ്

മൂന്നുവര്‍ഷത്തിനിടെ 68 ലക്ഷം കിലോ വ്യാജ നെയ്യാണ് വാങ്ങിക്കൂട്ടിയത്. നെല്ലൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 36 പ്രതികളാണ് കേസിലാകെ ഉള്ളത്. ഉത്തരാഖണ്ഡിലെ ബോലേ ബാബ ഡയറിയാണ് ഒന്നാം പ്രതി.

കേസിലെ പരാതിക്കാരനെയും പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനം ജനറല്‍ മാനേജര്‍ പി കെ മുരളീകൃഷ്ണയും പ്രതിപ്പട്ടികയിലുണ്ട്. 2024 ഒക്ടോബറിലാണ് സുപ്രീംകോടതി നിര്‍ദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്തത്.

ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിച്ച നെയ്യില്‍ മൃഗക്കൊഴുപ്പ് (പശുവിന്‍ കൊഴുപ്പ്, പന്നി കൊഴുപ്പ്), മീന്‍ എണ്ണ എന്നിവ കലര്‍ന്നിട്ടുണ്ടെന്ന് ഗുജറാത്തിലെ എന്‍.ഡി.ഡി.ബി ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു വെളിപ്പെടുത്തിയിരുന്നു. ആരോപണം, അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നു. ശുദ്ധീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ 'ശാന്തി ഹോമം' നടത്തുകയുണ്ടായി

15 മാസത്തെ അന്വേഷണത്തിന് ശേഷം 2026 ജനുവരിയില്‍ നെല്ലൂരിലെ എ.സി.ബി കോടതിയില്‍ സി.ബി.ഐ നേതൃത്വത്തിലുള്ള സംഘം അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള ഭോലെ ബാബ ഓര്‍ഗാനിക് ഡയറി ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 36 പേരെ കുറ്റപത്രത്തില്‍ പ്രതികളായി ചേര്‍ത്തിട്ടുണ്ട്. ടി.ടി.ഡിയിലെ 9 ഉദ്യോഗസ്ഥരും 5 ഡയറി വിദഗ്ധരും ഇതില്‍ ഉള്‍പ്പെടുന്നു.

ഭാവിയില്‍ ഇത്തരം ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ ടി.ടി.ഡി വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിരുമലയില്‍ തന്നെ നെയ്യും മറ്റ് പ്രസാദങ്ങളും പരിശോധിക്കാന്‍ അത്യാധുനിക ഫുഡ് ക്വാളിറ്റി ടെസ്റ്റിംഗ് ലബോറട്ടറി 2025 ജൂലൈയില്‍ ഉദ്ഘാടനം ചെയ്തു. ഗുജറാത്തിലെ എന്‍.ഡി.ഡി.ബി സംഭാവന നല്‍കിയ ഗ്യാസ് ക്രോമാറ്റോഗ്രാഫ്, എച്ച്.പി.എല്‍.സി തുടങ്ങിയ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് നെയ്യിലെ മായം ഉടനടി കണ്ടെത്താന്‍ സാധിക്കും. ലാബ് ജീവനക്കാര്‍ക്കും ലഡ്ഡു നിര്‍മ്മാണ തൊഴിലാളികള്‍ക്കും മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.ഇപ്പോള്‍ ടി.ടി.ഡിയിലേക്ക് എത്തുന്ന ഓരോ ടാങ്കര്‍ നെയ്യും കര്‍ശനമായ ഗുണനിലവാര പരിശോധനകള്‍ക്ക് ശേഷമാണ് സ്വീകരിക്കുന്നത്.

ലഡ്ഡുവില്‍ കാലിടറിയ ജഗന്‍

തിരുപ്പതി ലഡ്ഡുവിന് 2009-ല്‍ ഭൗമസൂചിക പദവി ലഭിച്ചിരുന്നു. അതിനാല്‍ തിരുപ്പതി- തിരുമല ദേവസ്ഥാനത്തിനല്ലാതെ അല്ലാതെ മറ്റാര്‍ക്കും ഈ പേരില്‍ ലഡ്ഡു നിര്‍മ്മിച്ച് വില്‍ക്കാന്‍ നിയമപരമായി അവകാശമില്ല. ക്ഷേത്രത്തിനുള്ളിലെ 'പൊട്ടു' എന്ന് വിളിക്കപ്പെടുന്ന പ്രത്യേക അടുക്കളയിലാണ് ഇവ നിര്‍മ്മിക്കുന്നത്. ഇത് ഏകദേശം 300 വര്‍ഷത്തിലേറെ പഴക്കമുള്ള പാരമ്പര്യമാണ്.ലഡ്ഡു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ചേരുവകളുടെ അളവിനെ 'ദിട്ടം' എന്ന് വിളിക്കുന്നു. കടലമാവ്, നെയ്യ്, പഞ്ചസാര, കല്‍ക്കണ്ടം, ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, ഏലയ്ക്ക എന്നിവയാണ് പ്രധാന ചേരുവകള്‍. യാതൊരുവിധ യന്ത്രസഹായവുമില്ലാതെ നിര്‍മ്മിക്കുന്ന ഈ ലഡ്ഡുവിന് സവിശേഷമായ രുചിയും മണവുമുണ്ട്. ആഴ്ചകളോളം ഇത് കേടുകൂടാതെ ഇരിക്കും. നിലവില്‍ ലഡ്ഡുവിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ണ്ണാടകയിലെ നന്ദിനി നെയ്യ് വീണ്ടും ഉപയോഗിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

തിരുപ്പതി ലഡ്ഡു വിവാദം വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയാവുകയും 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ഒരു പ്രധാന കാരണമായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു. വെങ്കിടാചലപതി കോപം എന്നാണ് അതിനെ വിശേഷിപ്പിച്ചിരുന്നത്. കേരളത്തിലെ അയ്യപ്പകോപം ഓര്‍ക്കുക. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഭരണകാലത്ത് നിയമിതരായ തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് അംഗങ്ങള്‍ അഴിമതിക്ക് കൂട്ടുനിന്നു എന്നതാണ് പ്രധാന ആരോപണം. ലഡ്ഡു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നെയ്യ് വാങ്ങുന്നതിന് മുമ്പ് ഉണ്ടായിരുന്ന കര്‍ശനമായ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് ചില സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയതാണ് വിവാദമായത്. കിലോയ്ക്ക് 320 രൂപയോളം മാത്രം നിരക്ക് നിശ്ചയിച്ച നെയ്യ് വാങ്ങിയപ്പോള്‍ അതിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചു. ഈ വിലയ്ക്ക് ശുദ്ധമായ പശുവിന്‍ നെയ്യ് നല്‍കാന്‍ കഴിയില്ലെന്നിരിക്കെ, കരാറുകള്‍ രാഷ്ട്രീയ സ്വാധീനത്താല്‍ നല്‍കിയതാണെന്നാണ് ആരോപണം.

കോടിക്കണക്കിന് ഭക്തര്‍ പവിത്രമായി കരുതുന്ന ലഡ്ഡുവില്‍ മായം കലര്‍ന്നു എന്ന വാര്‍ത്ത ജഗന്‍ സര്‍ക്കാരിനെതിരെ വലിയ ജനരോഷം ഉണ്ടാക്കി. 'ഹിന്ദു വിരുദ്ധം' എന്ന ലേബല്‍ ചാര്‍ത്തിക്കൊണ്ട് പ്രതിപക്ഷം നടത്തിയ പ്രചാരണം തിരഞ്ഞെടുപ്പില്‍ ജഗന്റെ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. ഭക്തരുടെ വിശ്വാസത്തെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന തോന്നല്‍ സാധാരണ ജനങ്ങളില്‍ ശക്തമായി. അതില്‍നിന്ന് ജഗന്‍മോഹന്‍ റെഡ്ഡി ഇനിയും കരകയറിയിട്ടില്ല.