- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തടഞ്ഞുവച്ച ബില്ലുകള്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും; നിര്‍ണായക നീക്കത്തിന് തമിഴ്നാട് ഗവര്‍ണര്‍? മൂന്ന് ദിവസത്തേക്ക് ഡല്‍ഹിയിലേക്ക് തിരിച്ചു; അമിത് ഷായെ കാണുമെന്ന് സൂചന
നിയമപോരാട്ടത്തിനൊരുങ്ങി തമിഴ്നാട് ഗവര്‍ണര്‍
ചെന്നൈ: തടഞ്ഞുവച്ച ബില്ലുകള്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി നിയമപോരാട്ടം തുടര്‍ന്നേക്കുമെന്ന് സൂചന. പുനഃപരിശോധന ഹര്‍ജി നല്‍കിയേക്കും. ഡല്‍ഹിയിലെത്തി രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, നിയമമന്ത്രി എന്നിവരുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും. കൂടാതെ, അറ്റോര്‍ണി ജനറലേയും സോളിസറ്റര്‍ ജനറല്‍ എന്നിവരെയും കാണും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇന്ന് അദ്ദേഹം ഡല്‍ഹിയിലേക്ക് പോയത്.
ആഭ്യന്തര മന്ത്രാലയം വിളിപ്പിച്ചതാണോ എന്ന് വ്യക്തമല്ല. അമിത് ഷായെ രവി കാണുമെന്നാണ് സൂചന ബില്ലുകള്‍ തടഞ്ഞു വച്ചതിനെതിരായ സുപ്രീം കോടതി ഉത്തരവിനെതിരെ നിയമ പോരാട്ടം നടത്തുന്നതില്‍ കൂടിയാലോചനകള്‍ നടത്തുമെന്നും അഭ്യൂഹമുണ്ട്. സുപ്രീം കോടതി ഉത്തരവ് വന്ന് 10 ദിവസമായെങ്കിലും ഗവര്‍ണര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല . ഗവര്‍ണര്‍ പദവിയില്‍ ആര്‍.എന്‍.രവിയുടെ കാലാവധി അവസാനിച്ചതാണ്.
സംസ്ഥാനത്തിന്റെ ഉപദേശത്തിന് വിരുദ്ധമായി ബില്ലുകള്‍ തടഞ്ഞുവെക്കുകയോ രാഷ്ട്രപതിക്ക് അയക്കാനോ തീരുമാനിച്ചാല്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍ക്ക് യാതൊരു വിവേചനാധികാരവുമില്ല. ആര്‍ട്ടിക്കിള്‍ 200 ഇളവ് ലഭിക്കുന്നതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ഒരു ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവര്‍ണര്‍ക്ക് നല്‍കിയാല്‍ അത് രാഷ്ട്രപതിക്ക് അയക്കാന്‍ കഴിയില്ല. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി 10 ബില്ലുകള്‍ നീക്കിവച്ച തമിഴ്‌നാട് ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ബില്ലില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ മൂന്ന് സാധ്യതകള്‍ ഉണ്ട്. ഒന്ന് അനുമതി നല്‍കുക, രണ്ട് അനുമതി നിഷേധിക്കുക, മൂന്ന് ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക. ഗവര്‍ണര്‍ അനുമതി നിഷേധിച്ചാല്‍ ആര്‍ട്ടിക്കിള്‍ 200 ലെ ആദ്യ വ്യവസ്ഥയില്‍ പറഞ്ഞിരിക്കുന്ന നടപടി എത്രയും വേഗം അദ്ദേഹം പിന്തുടരണം. ബില്ല് ഗവര്‍ണര്‍ക്ക് നല്‍കിയാല്‍ ആര്‍ട്ടിക്കിള്‍ 200ലെ ഏതെങ്കിലും ഒരു നടപടി സ്വീകരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്ന് കോടതി പറഞ്ഞു.
തമിഴ്നാട് ഗവര്‍ണര്‍ തടഞ്ഞുവെച്ച പത്ത് ബില്ലുകളാണ് സുപ്രീംകോടതി ഉത്തരവിലൂടെ നിയമമായത്. സുപ്രീംകോടി ഉത്തരവ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതിന് പിന്നാലെ തമിഴ്നാട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ആദ്യമായാണ് ഗവര്‍ണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പില്ലാതെ ബില്ലുകള്‍ നിയമമാകുന്നത്.
(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)