കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ വിഐപി റോഡില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് അതിവേഗത്തില്‍ വന്ന ലംബോര്‍ഗിനി കാര്‍ കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹനങ്ങളെയും ഇടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. പ്രമുഖ പുകയില വ്യാപാരിയുടെ മകനാണ് കാര്‍ ഓടിച്ചിരുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പുകയില വ്യവസായി കെ.കെ. മിശ്രയുടെ മകന്‍ ശിവം മിശ്ര ഓടിച്ച പത്തുകോടി രൂപ വിലമതിക്കുന്ന 'ലംബോര്‍ഗിനി റിവുവെല്‍റ്റോ' ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മദ്യലഹരിയിലായിരുന്നു ശിവം മിശ്രയുടെ ചീറിപ്പാച്ചില്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഗ്വാള്‍ട്ടോളി മേഖലയിലെ റെവ് 3 മാളിന് സമീപം വൈകുന്നേരം 3.15 ഓടെയാണ് അപകടം നടന്നത്. ശിവം മിശ്ര ഓടിച്ചിരുന്ന ആഡംബര കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിന്നവര്‍ക്കിടയിലേക്കും വാഹനങ്ങള്‍ക്കിടയിലേക്കും പാഞ്ഞുകയറുകയായിരുന്നുവെന്ന് ഡിസിപി അതുല്‍ കുമാര്‍ ശ്രീവാസ്തവ അറിയിച്ചു. ദൃക്‌സാക്ഷികള്‍ പറയുന്നതനുസരിച്ച്, കാര്‍ ആദ്യം ഒരു ഓട്ടോറിക്ഷയില്‍ ഇടിക്കുകയും തുടര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാരന്‍ ഏകദേശം 10 അടി ഉയരത്തിലേക്ക് തെറിച്ചു വീണു. ബൈക്കിന്റെ മുന്‍ ചക്രത്തിന് മുകളിലൂടെ കയറി കുറച്ചുദൂരം വലിച്ചിഴച്ച കാര്‍ പിന്നീട് ഒരു ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്.

പരിക്കേറ്റവരില്‍ ഒരാളായ യമുനാഗഞ്ച് സ്വദേശി തൗഫീഖ് മീറ്ററുകളോളം ദൂരേക്ക് തെറിച്ചു വീഴുകയും കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മറ്റുള്ളവര്‍ക്ക് ഒടിവുകളും മുറിവുകളുമുണ്ടെന്ന് പോലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ ലംബോര്‍ഗിനി വളയുകയും ഡ്രൈവറെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞുവെക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെയും ഡ്രൈവറെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട ലംബോര്‍ഗിനി പോലീസ് പിടിച്ചെടുത്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

രക്ഷകരാകാന്‍ ബൗണ്‍സര്‍മാര്‍; രോഷാകുലരായി നാട്ടുകാര്‍

അപകടത്തിന് പിന്നാലെ നിര്‍ത്താതെ പോകാന്‍ ശ്രമിച്ച ശിവം മിശ്രയെ നാട്ടുകാര്‍ തടഞ്ഞു. ഈ സമയം മറ്റൊരു കാറില്‍ പിന്തുടരുകയായിരുന്ന ശിവത്തിന്റെ ബൗണ്‍സര്‍മാര്‍ നാട്ടുകാരെ വിരട്ടാന്‍ ശ്രമിച്ചത് സ്ഥിതിഗതികള്‍ വഷളാക്കി. പ്രകോപിതരായ ജനക്കൂട്ടം ലംബോര്‍ഗിനിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ശിവം മിശ്രയെ പുറത്തിറക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തിയാണ് ഇയാളെ ജനക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

ഡല്‍ഹി രോഹിണിയില്‍ രജിസ്റ്റര്‍ ചെയ്ത ലംബോര്‍ഗിനി പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് ശിവം മിശ്ര കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കി. പരിക്കേറ്റവര്‍ കാണ്‍പുരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.