ബെംഗളൂരു: കെജിഎഫ് എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യ മുഴുവൻ ആരാധകർ ഉണ്ടാക്കിയ സൂപ്പർ താരമാണ് യഷ്. റോക്ക്സ്റ്റാർ യഷ് എന്ന പേര് ഇതോടുകൂടി ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു. താരത്തിന്റെ ഏതൊരു സിനിമയുടെ അപ്ഡേറ്റും ആരാധകർ ഒന്നടങ്കം കേൾക്കാൻ കാത്തിരിക്കും. മലയാളത്തിലെ പ്രമുഖ നടിയും ഡോക്യുമെന്ററി ചലച്ചിത്രസംവിധായകയുമാണ് ഗീതു മോഹൻ‌ദാസ്.

അവരുടെ ശരിയായ പേര് ഗായത്രി മോഹൻ‌ദാസ് എന്നാണ്. ഇപ്പോഴിതാ ഇരുതാരങ്ങൾക്കും വലിയൊരു പുലിവാല് പിടിച്ചിരിക്കുകയാണ്. കന്നഡ സിനിമ ലോകത്ത് നിന്നും എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ടോക്സിക്'. സിനിമയുടെ ചിത്രികരണത്തിനായി സംരക്ഷിതാവനഭൂമിയിൽ നിന്നും നൂറിലേറെ മരങ്ങളാണ് മുറിച്ചുമാറ്റിയത്.


ഗീതു മോഹൻദാസ് സംവിധാനത്തിൽ ഒരുങ്ങുന്ന കന്നഡ സൂപ്പർ താരം 'യഷ്' ചിത്രം 'ടോക്സിക്' മരംമുറി വിവാദത്തിൽ മുങ്ങിയിരിക്കുന്നത്. ബെംഗളുരുവിലെ പീന്യയിലുള്ള എച്ച് എം ടി കോംബൗണ്ടിലെ നൂറുകണക്കിന് വരുന്ന മരങ്ങൾ സിനിമയുടെ ചിത്രീകരണത്തിനായി വെട്ടിമാറ്റിയതായി കണ്ടെത്തിയിരിക്കുന്നത്.

വനംവകുപ്പിന്‍റെ അധീനതയിൽ വരുന്ന എച്ച്എംടിയിലെ സംരക്ഷിതവനഭൂമിയിൽ നിന്നാണ് 100 ലേറെ മരങ്ങൾ വെട്ടിമാറ്റിയിരിക്കുന്നത്. സ്ഥലത്തെ മരങ്ങൾ വെട്ടി നശിപ്പിച്ചതിന്‍റെ തെളിവായി സാറ്റലൈറ്റ് ചിത്രങ്ങളും വനംവകുപ്പ് പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. മന്ത്രി ഈശ്വർ ഖണ്ഡ്രെ സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തുകയും ചെയ്തു. സിനിമാ നിർമാതാക്കളോട് അടിയന്തരമായി വിശദീകരണം തേടിയതായും മന്ത്രി അറിയിച്ചു.

പക്ഷെ മരങ്ങൾ വെട്ടിയിട്ടില്ലെന്ന വാദവുമായി സിനിമാ നിർമാണക്കമ്പനി കെവിഎൻ പ്രൊഡക്ഷൻസ് ഒടുവിൽ രംഗത്തെത്തുകയും ചെയ്തു. വനംവകുപ്പിന് വിശദമായ റിപ്പോർട്ട് നൽകുമെന്നും നിർമാതാവായ സുപ്രീത് പറഞ്ഞു.

എച്ച്എംടിയെച്ചൊല്ലി രാഷ്ട്രീയപ്പോര് നടക്കുന്നതിനിടെയാണ് സർക്കാരിന്‍റെ പുതിയ നടപടി. എച്ച്എംടി അനധികൃതമായി തട്ടിയെടുത്ത സർക്കാർ ഭൂമി തിരിച്ച് പിടിക്കുമെന്ന് കോൺഗ്രസ് സർക്കാർ നേരെത്തെ പറഞ്ഞിരിന്നു. പക്ഷെ എച്ച്എംടിയെ നവീകരിക്കാനുള്ള തന്‍റെ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കാനാണ് സർക്കാർ ശ്രമമെന്നായിരുന്നു കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ഉയർത്തുന്ന ആരോപണം.