തിരുവനന്തപുരം: കേരള സ്റ്റാറി ടു സിനിമയുടെ പശ്ചാത്തലത്തില്‍, ലൗ ജിഹാദിനെ ചൊല്ലി മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവലും മുന്‍ ഡിജിപി ടി പി സെന്‍കുമാറും തമ്മിലുള്ള വാക് പോര് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. 'ലൗ ജിഹാദ്' എന്ന പ്രയോഗം സൃഷ്ടിച്ചത് സെന്‍കുമാറാണെന്ന മാത്യു സാമുവലിന്റെ പരാമര്‍ശത്തിന് പിന്നാലെ, മാത്യുവിന്റെ ഭൂതകാലം ചികഞ്ഞുള്ള മറുപടിയുമായി സെന്‍കുമാര്‍ നേരിട്ടെത്തി. വെറുമൊരു ആരോപണമല്ല, മാത്യു സാമുവലിന്റെ മാധ്യമപ്രവര്‍ത്തന ശൈലിയെത്തന്നെ കടന്നാക്രമിക്കുന്നതാണ് മുന്‍ ഡിജിപിയുടെ വാക്കുകള്‍.

ലൗ ജിഹാദ് സെന്‍കുമാറിന്റെ 'പ്ലാന്റഡ് വേര്‍ഷന്‍'

കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ടി.പി. സെന്‍കുമാര്‍ ബോധപൂര്‍വം നിര്‍മ്മിച്ചെടുത്ത ഒന്നാണ് ലൗ ജിഹാദ്. മലപ്പുറത്ത് സര്‍വീസിലിരുന്ന കാലത്താണ് സെന്‍കുമാര്‍ ഈ പദ്ധതി ആസൂത്രണം ചെയ്തത്. പോലീസുകാരന്‍ എന്ന നിലയിലുള്ള മാന്യത കാണിക്കാതെ കേരളത്തെ വര്‍ഗീയമായി നശിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും മാത്യു ആരോപിച്ചു. മുസ്ലിം സമൂഹത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പ്ലാന്റഡ് വേര്‍ഷനാണ് ഇതെന്നും മാത്യു തുറന്നടിച്ചു.

'ലൗ ജിഹാദ് എന്ന് പറഞ്ഞ സാധനം കോയിന്‍ ചെയ്യുന്നത് കേരളത്തിലെ മുന്‍ഡിജിപിയായ ടി പി സെന്‍കുമാറാണ്. അപ്പോള്‍ അയാളെന്ന് പറയുന്നത് കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരില്‍ ഇതുപോലെ ഒരു വര്‍ഗ്ഗീയ ഭ്രാന്തന്‍, അവനെ ഒരിക്കലും ഒരു പൊലീസ് ഓഫീസറായി അംഗീകരിക്കാന്‍ പറ്റത്തില്ല. കാരണം അയാളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഒക്കെ നോക്കുമ്പോള്‍, റിട്ടയേഡായിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ഏതു രീതിയിലുള്ള മാന്യതയാണ് കാണിക്കേണ്ടത്, അയാള്‍ ചിലപ്പോള്‍ കറപ്ഷന്‍ ഇല്ലാത്ത ആളായിരിക്കും, പക്ഷേ അയാള്‍ എന്തൊക്കെയോ ശ്രമിക്കുന്നുണ്ട്. അതായത് കേരളത്തെ പൂര്‍ണമായിട്ട് വര്‍ഗ്ഗീയവത്കരിച്ച് നശിപ്പിക്കുക. കാരണം അതിന്റെയൊരു പ്ലാന്റഡ് വേര്‍ഷനായിട്ടാണ് ഈ ലൗ ജി ജിഹാദ് എന്ന സാധനം, അയാള്‍, മലപ്പുറത്തിരുന്ന സമയത്ത്, ഇതുണ്ടാക്കിയെടുക്കുന്നത്.

ഇതിനകത്ത് ലൗ ജിഹാദിനേക്കാളും, ചില ക്രിസ്ത്യന്‍-ഹിന്ദു പെണ്‍കുട്ടികള്‍ കല്യാണം കഴിച്ചിട്ടുണ്ട്. ചില ആള്‍ക്കാരെ അവര്‍ ഐഐസിസിലും അല്‍ഖ്വായിദയിലുമൊക്കെ കൊണ്ടുപോയിട്ടുണ്ട്. ഇതിനകത്ത് അറിയേണ്ട സംഗതി എന്നുപറയുന്നത് ഇവരെ റാഡിക്കല്‍ ഇസ്ലാമാക്കിയ സമയത്ത്, ഈ പൊലീസുകാര് എന്തുകുന്തമാ ചെയ്തുകൊണ്ടിരുന്നത്. ഈ ഭരിച്ചുകൊണ്ടിരുന്ന സര്‍ക്കാര്‍ എന്താ ചെയ്തുകൊണ്ടിരുന്നത്. ഇവരുടെ റൂട്ടും സംഭവങ്ങളും അന്വേഷിക്കേണ്ടേ? അതാണ് പൊലീസിന്റെ ജോലി. പിന്നീട് കേരളത്തിന്റെ ഈ ഗള്‍ഫ് എക്കോണമി, മുസ്ലീം കമ്യണിറ്റിക്ക് അകത്ത് സാമ്പത്തികം കൂടി, അവര്‍ പലയിടത്തും ജോലിക്ക് പോകാന്‍ തുടങ്ങി, അതിനകത്ത് ഉണ്ടാക്കിയ ഒരുസംഭവം ഉണ്ട് മുസ്ലിം ചെറുപ്പക്കാരുടെ ഇടയ്ക്ക്. എസ്ഡിപിഐ, പിഎഫ്ഐ, ജമാഅത്തെ ഇസ്ലാമി അവരൊക്കെ കാണിച്ച വൃത്തികേട്, അതിനകത്ത് കേരളത്തിലെ മുസ്ലീങ്ങള്‍ മുഴുവന്‍ ദുരിതം അനുഭവിക്കേണ്ടി വന്നു. അതുയാഥാര്‍ഥ്യമാണ്.'

'കേരള സ്റ്റോറി'ക്ക് പകരം രാജ്യത്തെ സ്ത്രീകളുടെ യഥാര്‍ത്ഥ അവസ്ഥ വെളിപ്പെടുത്തുന്ന 'ഇന്ത്യന്‍ ഫയല്‍സ്' അല്ലെങ്കില്‍ 'ഡല്‍ഹി ഫയല്‍സ്' ആണ് നിര്‍മ്മിക്കേണ്ടത്. ഉത്തരേന്ത്യയിലെ തൊഴിലില്ലായ്മ, ജാതി സംഘര്‍ഷങ്ങള്‍ എന്നിവയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം സിനിമകള്‍ ഉപയോഗിക്കുന്നതെന്നും മാത്യു സാമുവല്‍ പറഞ്ഞു.




സെന്‍കുമാറിന്റെ മറുപടി

ഈ ആരോപണങ്ങളെ പുച്ഛിച്ചുതള്ളിയ സെന്‍കുമാര്‍, മാത്യു സാമുവലിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്തു. ബ്ലാക്ക് മെയിലിംഗ് ആണ് മാത്യുവിന്റെ പ്രധാന തൊഴിലെന്നാണ് സെന്‍കുമാറിന്റെ വാദം.

എടാ മാത്യു സാമുവലെ ..നിന്റെ ഒക്കെ പണം പിടുങ്ങല്‍ മെക്കാനിസം നേരിട്ട് കണ്ടവനാണ് ഞാന്‍.

കേരളത്തിലെ ഒരു ചീഫ് സെക്രട്ടറിയെ ഒരു പെണ്ണിനെ ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്തവനാണ നീ..

നിനക്ക് ആകെ അറിയാവുന്ന പണി ബ്ലാക്ക്മെയില്‍ മാത്രമാണന്ന് അറിയാത്തവാരായി ആരുണ്ട് ആ നാട്ടില്‍?

ഏതായാലും ലൗ ജിഹാദ് എന്ന വാക്ക് ലോകത്തിന് സമ്മാനിച്ചത് ഞാന്‍ ആണെന്ന് നീ കണ്ടെത്തിയതില്‍ സന്തോഷമുണ്ട്-ടി.പി.സെന്‍കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ

കേരളം ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ മാനം

ലൗ ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന തര്‍ക്കം കേരളത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ അത് ടി.പി. സെന്‍കുമാറിന്റെ ബുദ്ധിയില്‍ വിരിഞ്ഞതാണെന്ന മാത്യു സാമുവലിന്റെ ആരോപണത്തിനാണ് ചുട്ട മറുപടി നല്‍കിയിരിക്കുന്നത്.