തിരുവനന്തപുരം: തന്റെ വീട്ടില്‍ അപരിചിതര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി നടന്‍ ബാല. തന്നെ കുടുക്കാനുള്ള ശ്രമമാണെന്നും ഇത്തരമൊരു അനുഭവം ആദ്യമാണെന്നും വീഡിയോ സഹിതം പങ്കുവെച്ച് സമൂഹമാധ്യമത്തിലൂടെ നടന്‍ രംഗത്തെത്തി.മുന്‍ ഭാര്യ ഗായിക അമൃത സുരേഷ് നല്‍കിയ പരാതിയില്‍ അറസ്റ്റിലായതിന് ശേഷം ബാലയ്ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെ കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ വീഡിയോ ബാല പങ്കുവെച്ചിരിക്കുന്നത്.

വെളുപ്പിന് മൂന്ന് മണിക്ക് രണ്ടുപേര്‍ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെന്ന് പരാതിപ്പെട്ടാണ് ബാലയുടെ പുതിയ സോഷ്യല്‍മീഡിയ പോസ്റ്റ്. ഒരു സ്ത്രീയും പുരുഷനും കൈക്കുഞ്ഞുമായി ബാലയുടെ വീടിന്റെ പ്രധാന വാതിലിന് മുന്നില്‍ നില്‍ക്കുന്നതും വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിന്റേയും വീഡിയോയും ബാല പങ്കിട്ടു. രാവിലെ 3.40 ന് എന്റെ വീടിന്റെ വാതില്‍ക്കല്‍ വന്ന് ബെല്ല് അടിക്കുകയാണ്. കൈക്കുഞ്ഞുമായി ഒരു പെണ്ണും പയ്യനുമാണ് വന്നത്.

കൂടാതെ പുറത്ത് കുറേപ്പേര്‍ നില്‍ക്കുന്നുമുണ്ട്. ഒരു ട്രാപ്പായി തോന്നുന്നു. കാരണം ആരും ആരുടെ വീട്ടിലും വെളുപ്പിന് 3.40 ന് പോയി ബെല്ലടിക്കില്ല. മാത്രമല്ല അകത്ത് കയറാനും അവര്‍ ശ്രമിക്കുന്നുണ്ട്. ഡോര്‍ തട്ടി തുറക്കാന്‍ നോക്കുന്നുണ്ട്. അതിന്റെ വിഷ്വല്‍സ് എന്റെ കയ്യിലുണ്ട്. എന്റെ സേഫ്റ്റിക്ക് വേണ്ടിയാണ് വീഡിയോ ഇടുന്നത്.പോലീസില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും ബാല പറയുന്നു.എന്തോ ഒരു വലിയ ട്രാപ്പില്‍ എന്നെ കുടുക്കാനുള്ള ശ്രമമാണ്.ലിവറുമായി ബന്ധപ്പെട്ടുള്ള അസുഖത്തിന് മരുന്ന് കഴിക്കുന്ന ഒരാളാണ് ഞാന്‍ എന്ന് കൂടി പറഞ്ഞാണ് വീഡിയോ ബാല അവസാനിപ്പിച്ചത്.

ബാല പങ്കിട്ട സിസിടിവി ദൃശ്യങ്ങളും വൈറലാണ്.ഇതിന് പിന്നാലെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് കമന്റുകളുമായി രംഗത്ത് വന്നത്.സിസിടിവി ദൃശ്യം കണ്ട് ട്രാപ്പായിട്ടാണ് തോന്നുന്നതെന്നാണ് ചിലര്‍ കുറിച്ചത്.സഹായം ചോദിച്ച് വരുന്ന രീതിയില്‍ അപകടത്തില്‍പെടുത്താന്‍ ആരോ വന്നതാണ്. കുട്ടിയെ കണ്ടാല്‍ ഡോര്‍ തുറക്കും. ഏതായാലും സൂക്ഷിച്ചുവേണം മുന്നോട്ട് പോകാന്‍, അവര്‍ ചെയ്തത് തെറ്റാണ്.നിങ്ങളുടെ സ്വകാര്യതയിലേക്ക് പ്രവേശിച്ചത് ഉചിതമായ രീതിയിലൂടെയല്ല.നിങ്ങള്‍ പറഞ്ഞത് ശരിയാണ്, സിസിടിവിയില്‍ ആ പെണ്ണിന്റെ കൂടെ ഉള്ളവനെ കാണുമ്പോള്‍ തന്നെ അറിയാം ഇത് പണിയാണ്.സൂക്ഷിച്ചോ പണി പല രൂപത്തില്‍ തരും, എല്ലാം തെളിവോടുകൂടി പോലീസിന് കൈമാറുക.

വീടിന്റെ വാതിലുകള്‍ വളരെ കെയര്‍ഫുള്‍ ആയി വെക്കുക കഴിയുന്നതും ആര് വന്നാലും കതക് തുറക്കാതിരിക്കുക.ഉടനെ തന്നെ പോലീസിനെ വിവരമറിയിക്കുക എന്നിങ്ങനെ എല്ലാം ബാലയെ അനുകൂലിച്ച് കമന്റുകളുണ്ട്.അതേസമയം ഇതൊക്കെ നടന്റെ നാടകമാണെന്നും ഒരു വിഭാഗം പറയുന്നു.അമൃത കൊടുത്ത കേസില്‍ നിന്നും രക്ഷപ്പെടാന്‍ ബാല തന്നെ നടത്തിയ നാടകമാകുമെന്നുള്ള തരത്തില്‍ നടനെ വിമര്‍ശിച്ചും കമന്റുകളുണ്ട്. അമൃത ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ബാലക്ക് എതിരെ പരാതി കൊടുത്തിട്ടുണ്ട്. അതിന്റെ കളിയാണ്.അയാള്‍ക്കും ഭീഷണിയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍... അപ്പോള്‍ ഗണ്‍ പോലീസില്‍ കൊടുക്കണ്ടല്ലോ എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍.

ബാലയുടെയും അമൃതയുടേയും മകള്‍ അവന്തിക കൈക്കുഞ്ഞായിരുന്നപ്പോഴാണ് ഇരുവരും വേര്‍പിരിഞ്ഞത്.ശേഷം ഇടയ്ക്കിടെ ബാലയ്ക്ക് കുഞ്ഞിനെ കാണാന് അനുമതി കോടതി നല്‍കിയിരുന്നു. പിന്നീട് ബാല മകളെ കാണാന്‍ പോകാതെയായി.നടന്‍ കരള്‍ രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയിലായിരുന്നപ്പോള്‍ മകള്‍ കാണാന്‍ വന്നിരുന്നു. നിരന്തരമായി വീഡിയോകളിലൂടെയും മറ്റും ബാല തന്നേയും അമ്മയേയും ഉപദ്രവിക്കുകയാണെന്ന് മകള്‍ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞതിനുശേഷമാണ് ഇരുവരുവരുടെയും കുടുംബപ്രശ്നം വീണ്ടും വലിയ ചര്‍ച്ചയായി മാറിയത്.

മകളെ കാണാന്‍ അനുവദിക്കാത്തത് അമൃതയും കുടുംബവുമാണെന്ന് നിരന്തരമായി ബാല സോഷ്യല്‍മീഡിയ പോസ്റ്റുകളിലൂടെയും അഭിമുഖങ്ങളിലൂടെയും പറയാറുണ്ടായിരുന്നു.ബാല ഇത്തരത്തില്‍ നല്‍കുന്ന അഭിമുഖങ്ങള്‍ അമൃതയുടേയും മകളുടേയും സൈ്വര്യ ജീവിതത്തെ കാര്യമായി ബാധിച്ചതോടെയാണ് ബാലയ്ക്കെതിരെ ഗായിക പരാതി നല്‍കിയത്. പിന്നാലെ ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് നടനെ അറസ്റ്റ് ചെയ്തിരുന്നു.സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു അമൃതയുടെ പരാതി. കടവന്ത്ര പോലീസാണ് നടനെ അറസ്റ്റ് ചെയ്തത്.ശേഷം കര്‍ശന ഉപാധികളോടെ ബാലയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.