നാഗ്പൂർ: ബൈക്കിൽ ട്രക്കിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിന്റെ പിന്നിൽ കെട്ടിവെച്ച് യാത്ര ചെയ്ത ഭർത്താവ്. നാഗ്പൂർ-ജബൽപൂർ ദേശീയ പാതയിലാണ് ദാരുണ സംഭവമുണ്ടായത്. സഹായത്തിനായി നിരവധി വാഹനങ്ങളിൽ കൈ കാണിച്ച് സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതിനെ തുടർന്നാണ് കടണിത്. യാത്രക്കാരനെ പോലീസ് തടഞ്ഞുനിർത്തുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റുകയും ചെയ്തു. ട്രക്കിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ ചർച്ചയായിരിക്കുകയാണ്.

നാഗ്പൂരിലെ ലോനാരയിൽ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശികളായ അമിത് യാദവ് (35), ഭാര്യ ഗ്യാർസി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. രക്ഷാബന്ധൻ ദിനമായ ഓഗസ്റ്റ് 9-ന് ലോനാരയിൽ നിന്ന് മധ്യപ്രദേശിലെ കരൺപൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. മോർഫാട്ടയ്ക്ക് സമീപത്തുവെച്ച് ഇവർ സഞ്ചരിച്ച ബൈക്കിൽ അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഗ്യാർസിയുടെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങി. അപകടത്തിനുശേഷം നിർത്താതെ പോയ ട്രക്കിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടം നടന്ന ഉടൻ അമിത് യാദവ് അതുവഴി കടന്നുപോയ വാഹനങ്ങളോടും കാൽനടയാത്രക്കാരോടും സഹായത്തിനായി അഭ്യർത്ഥിച്ചെങ്കിലും ആരും വാഹനം നിർത്താനോ സഹായിക്കാനോ തയ്യാറായില്ല. ഏറെനേരം സഹായത്തിനായി കാത്തുനിന്നിട്ടും ഫലമില്ലാതായതോടെയാണ് ഇയാൾ ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്.

കുറച്ചുദൂരം പിന്നിട്ടപ്പോൾ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം അമിത്തിനെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഗ്യാർസിയുടെ മൃതദേഹം നാഗ്പൂരിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പോലീസ് പകർത്തിയതെന്ന് കരുതുന്ന, അമിത് യാദവ് ഭാര്യയുടെ മൃതദേഹവുമായി ബൈക്കിൽ പോകുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒളിവിൽപോയ ട്രക്ക് ഡ്രൈവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.