വാഷിങ്ടണ്‍: ഒറ്റ ഫോണ്‍ കോളില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മനം കവര്‍ന്ന് സമാധാന നൊബേല്‍ ജേതാവ് വെനിസ്വേലയിലെ വനിതാ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ. നൊബേല്‍ കമ്മിറ്റി സമാധാനത്തിന് മീതേ രാഷ്ട്രീയമാണ് പരിഗണിച്ചതെന്ന വൈറ്റ് ഹൗസിന്റെ വിമര്‍ശന പശ്ചാത്തലത്തിലാണ് മച്ചാഡോ ട്രംപിനെ വ്യക്തിപരമായി വിളിച്ചത്.

നൊബേലിനെ കുറിച്ച് വെള്ളിയാഴ്ച വൈകിട്ട് ചോദിച്ചപ്പോള്‍, ട്രംപ്, കമ്മിറ്റിയുടെ തീരുമാനത്തെ നേരിട്ട് വിമര്‍ശിച്ചില്ല. താന്‍ നിരവധി യുദ്ധങ്ങള്‍ തീര്‍പ്പാക്കിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. താന്‍ ചോദിച്ചിരുന്നെങ്കില്‍, മച്ചാഡോ തനിക്ക് പുരസ്‌കാരം സമ്മാനിച്ചേനെയെന്നും അദ്ദേഹം തമാശ പറഞ്ഞു.

' നൊബേല്‍ സമ്മാനം കിട്ടിയ വ്യക്തി ഇന്ന് എന്നെ വിളിച്ചിരുന്നു. താങ്കള്‍ ഈ പുരസ്‌കാരം യഥാര്‍ഥത്തില്‍ അര്‍ഹിച്ചിരുന്നു. ഞാന്‍ താങ്കളുടെ ബഹുമാനാര്‍ഥമാണ് ഈ പുരസ്‌കാരം സ്വീകരിക്കുന്നത് എന്ന് മച്ചാഡോ പററഞ്ഞതായി' ട്രംപ് ഓവല്‍ ഓഫീസില്‍ റിപ്പോര്‍ട്ടര്‍മാരോട് പങ്കുവച്ചു.

'അവര്‍ അങ്ങനെ ചെയ്തത് നല്ല കാര്യമാണ്. എന്നാല്‍, പിന്നെ ആ പുരസ്‌കാരം എനിക്ക് തന്നേക്കു എന്ന് ഞാന്‍ പറഞ്ഞില്ല. ഒരുക്ഷേ എനിക്കുതോന്നുന്നു അവരത് എനിക്ക് തന്നേനെ. അവര്‍ വളരെ നന്നായി പെരുമാറി' സന്തോഷം മറച്ചുവയ്ക്കാതെ ട്രംപ് പറഞ്ഞു.


ട്രംപിന് സമാധാന നൊബേല്‍ സമ്മാനം നല്‍കാത്തതിന് പുരസ്‌കാര സമിതിയെ വിമര്‍ശിച്ച് വൈറ്റ് ഹൗസ് പ്രസ്താവന ഇറക്കിയിരുന്നു. പുരസ്‌കാര സമിതി സമാധാനത്തെക്കാള്‍ രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കി എന്നാണ് വൈറ്റ് ഹൗസിന്റെ വിമര്‍ശനം. യുദ്ധങ്ങള്‍ ഇല്ലാതാക്കുന്നതും സമാധാനക്കരാറുകള്‍ ഉണ്ടാക്കുന്നതും മനുഷ്യജീവന്‍ രക്ഷിക്കുന്നതും ട്രംപ് തുടരുമെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചങ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. മനുഷ്യത്വമുള്ള വ്യക്തിയാണ് ട്രംപ്. നിശ്ചയദാര്‍ഢ്യത്തോടെ പര്‍വതങ്ങളെ നീക്കാന്‍ കഴിയുന്ന മറ്റൊരാള്‍ ഉണ്ടാകില്ലെന്നും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചങ് അഭിപ്രായപ്പെട്ടു. തനിക്കു നൊബേല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടെന്നും, 7 യുദ്ധങ്ങളാണ് അവസാനിപ്പിച്ചതെന്നും ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.

ഇസ്രയേലും ഹമാസും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ഗാസയില്‍ സമാധാന കരാര്‍ സാധ്യമാക്കിയതോടെ സമാധാന നൊബേല്‍ ട്രംപിന് നല്‍കുന്നതിന് വേണ്ടിയുള്ള അനുയായികളുടെ മുറവിളി ശക്തമായിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ 2025 ജനുവരി വരെയുള്ള കാലയളവാണ് പ്രധാനമായും വിലയിരുത്തുകയെന്നതിനാല്‍ ട്രംപിന് ഇക്കുറി നൊബേല്‍ കിട്ടാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലുകളും നേരത്തെ തന്നെ വന്നിരുന്നു. എങ്കിലും അത്ഭുതങ്ങള്‍ക്ക് വകയുണ്ടെന്നായിരുന്നു ട്രംപ് അനുകൂലികളുടെ പക്ഷം.

'ല്ലാവരും പറയുന്നു എനിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കണമെന്ന്'' കഴിഞ്ഞ മാസം അവസാനം യുഎന്‍ പ്രതിനിധികളോടായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു. 2018 മുതല്‍ യുഎസിനകത്തും വിദേശത്തുമുള്ള രാഷ്ട്രീയക്കാര്‍ ട്രംപിനെ ഒട്ടേറെ തവണ നോമിനേറ്റ് ചെയ്തിട്ടുണ്ട്.

വെനിസ്വലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് ഇത്തവണ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. വെനിസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. വെനിസ്വേലയിലെ പ്രതിപക്ഷ നേതാവ് കൂടിയാണ് മരിയ കൊറീന മചാഡോ. നിക്കോളാസ് മഡുറോ വിജയിച്ച തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നും ഫലം അംഗീകരിക്കില്ലെന്നും പറഞ്ഞ് പ്രതിപക്ഷ കക്ഷികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. അക്കാലത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണി പോരാളിയായി നിന്നത് മരിയ കൊറീന മചാഡോയാണ്. അഭിപ്രായ സര്‍വേകളില്‍ മരിയ കൊറീനയും ഗോണ്‍സാല്‍വസും നയിച്ച സഖ്യത്തിന് വന്‍ വിജയം ലഭിച്ചെങ്കിലും മഡുറോ വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. ജനപ്രിയ നേതാവായിരുന്ന മരിയ കൊറീന മചാഡോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സുപ്രീം കോടതി 15 വര്‍ഷത്തേക്ക് വിലക്കിയ സാഹചര്യവുമുണ്ടായി.