വത്തിക്കാന്‍ സിറ്റി: ലോകത്തെ ഏറ്റവും ശക്തരായ രണ്ടു അമേരിക്കക്കാര്‍ സമാധാനത്തിനു വേണ്ടി രംഗത്ത് വരുമ്പോള്‍ ലോകത്തിന് പ്രതീക്ഷയേറുകയാണ്. ലോകസമാധാനത്തിന്റെ പ്രവാചകനായി തന്നെ സ്വയം പ്രതിഷ്ഠിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നേറുമ്പോഴാണ് അമേരിക്കക്കാരനായ ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ സമാധാനത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പുതിയ പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുകയാണ്. യുദ്ധം ഒരിക്കലും അനിവാര്യമല്ലെന്നും ആയുധങ്ങള്‍ക്ക് നിശബ്ദത പാലിക്കാന്‍ കഴിയുമെന്നും മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി.

അവ ഒരിക്കലും പ്രശ്നങ്ങള്‍ പരിഹരിക്കില്ലെന്നും മറിച്ച് അവയെ കൂടുതല്‍ തീവ്രമാക്കുകയേ ഉള്ളൂ എന്നും ലെയോ പതിനാലാമന്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. സമാധാനം വിതയ്ക്കുന്നവര്‍ ചരിത്രത്തിലുടനീളം നിലനില്‍ക്കും എന്നും ഇരകളെ കൊല്ലുന്നവരല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവര്‍ നിങ്ങള്‍ക്ക് വെറുക്കാന്‍ വേണ്ടിയുള്ള ശത്രുക്കളല്ലെന്നും മറിച്ച് സംസാരിക്കേണ്ട മനുഷ്യരാണ് എന്നും മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു. ലെയോ പതിനാലാമന്‍ പോസ്റ്റില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പേരെടുത്ത് പറഞ്ഞിട്ടില്ല.

എന്നാല്‍ ലോകമെമ്പാടും യുദ്ധവും അരാജകത്വും എല്ലാം നടമാടുന്ന ഒരു കാലഘട്ടത്തില്‍ യേശുക്രിസ്തുവിന്റെ വചനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് പോപ്പിന്റെ വാക്കുകള്‍. പൗരസ്ത്യ സഭകളുടെ ജൂബിലി ആഘോഷ ചടങ്ങില്‍ സംസാരിക്കുമ്പോഴും മാര്‍പ്പാപ്പ ഇതേ ആശയം പങ്ക് വെച്ചിരുന്നു. പൗരസ്ത്യ സഭകളിലെ പുരോഹിതന്‍മാരും വിശ്വാസികളും ഇതിനെ കുറിച്ച് ബോധവാന്‍മാര്‍ ആയിരിക്കണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തിരുന്നു. അതേ സമയം ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ഡൊണാള്‍ഡ് ട്രംപും സമാധാനത്തിന്റെ സന്ദേശങ്ങളാണ് നല്‍കുന്നത്.

എല്ലാ കാര്യങ്ങളിലും അന്തിമവിധി പ്രഖ്യാപിക്കുന്നത് ദൈവത്തിന്റെ ജോലിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. തന്റെ ജോലി അമേരിക്കയെ പ്രതിരോധിക്കുകയും ഒപ്പം സുസ്ഥിരതയും സമൃദ്ധിയും സമാധാനവും ലഭിക്കാനുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ ഒരുക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അത് മാത്രമാണ് ശരിക്കും ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

സമാധാനത്തിനുള്ള ഒലീവ് ശാഖകള്‍ താന്‍ ഇറാന് നേര്‍ക്ക് നീട്ടുകയാണെന്നും ഭീകരര്‍ക്കുള്ള ധനസഹായം അവസാനിപ്പിക്കാനും മധ്യപൂര്‍വ്വേഷ്യയിലെ രാജ്യങ്ങളുമായി സമാധാനപരമായ ബന്ധം പുലര്‍ത്താനും ട്രംപ് ഇറാനോട് ആവശ്യപ്പെട്ടു. ലെബനനിലും സിറിയയിലും സമാധാനം സ്ഥാപിക്കാനുള്ള തന്റെ ആത്മാര്‍ത്ഥമായ ആഗ്രഹവും അദ്ദേഹം പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. ഇന്നലെ ട്രംപ് സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയുമായി കൂടിക്കാഴ്ച നടത്തി. സിറിയയുടെ മേല്‍ ചുമത്തിയിരുന്ന ഉപരോധങ്ങള്‍ അമേരിക്ക പിന്‍വലിച്ചിരുന്നു.

ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ട്രംപ് സിറിയയോട് ആവശ്യപ്പെടുകയും ചെയ്തു. യുദ്ധം തനിക്ക് ഇഷ്ടമില്ലെന്നും സമാധാനത്തിന്റെ ദൂതനാകാണ് ഇഷ്ടമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ച കാര്യവും അദ്ദേഹം എടുത്ത്് പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയുടെ നേതൃത്വത്തില്‍ ഒരു ദൗത്യസംഘം ഉടന്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയാണ്.