- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മാണ പ്ലാന്റുകളുടെ എണ്ണം കൂട്ടാനുള്ള ആപ്പിളിന്റെ നീക്കത്തിനിടെ ട്രംപിന്റെ പാര; ഏറ്റവും ഉയര്‍ന്ന ചുങ്കം ചുമത്തുന്ന ഇന്ത്യയില്‍ ഉത്പാദനം കൂട്ടരുതെന്നും അവര്‍ അവരുടെ കാര്യം നോക്കട്ടേ എന്നും ടിം കുക്കിനോട് യുഎസ് പ്രസിഡന്റ്; ആപ്പിള്‍ അമേരിക്കയിലെ ഉത്പാദനം കൂട്ടുമെന്ന് ട്രംപ് പറഞ്ഞതോടെ കമ്പനിയുടെ നിലപാടറിയാന്‍ ആകാംക്ഷ
ഇന്ത്യയില്‍ ഉത്പാദനം കൂട്ടരുതെന്ന് ടിം കുക്കിനോട് ട്രംപ്
ദോഹ: യുഎസിന് എതിരെ ബദല്‍ ചുങ്കം ചുമത്തുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഐ ഫോണുകളുടെ ഇന്ത്യയിലെ ഉത്പാദനം കൂട്ടരുതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിനോട് ആവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ' ആപ്പിള്‍ ഇന്ത്യയില്‍ ഉത്പാദനം വികസിപ്പിക്കുന്നതായി ഞാന്‍ കേട്ടു. നിങ്ങള്‍ ഇന്ത്യയില്‍ ഉത്പാദനം കൂട്ടരുത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ചുങ്കം ഈടാക്കുന്ന ഇന്ത്യയില്‍ വില്‍പ്പന വലിയ ബ്ദുദ്ധിമുട്ടാണ്. താരിഫുകള്‍ ചുമത്താത്ത കരാറിന് ഇന്ത്യ വാഗ്ദാനം മുന്നോട്ടുവച്ചിട്ടുണ്ട്. ഞാന്‍ ടിമ്മിനോട് പറഞ്ഞു, നിങ്ങള്‍ ചൈനയില്‍ വര്‍ഷങ്ങളായി നിര്‍മ്മിച്ച പ്ലാന്റുകള്‍ ഞങ്ങള്‍ സഹിച്ചു. എന്നാല്‍, ഇന്ത്യയില്‍ നിങ്ങള്‍ ഉത്പാദനം വികസിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഇന്ത്യക്ക് അവരുടെ സ്വന്തം കാര്യം നോക്കാനാകും', ട്രംപ് പറഞ്ഞു. ദോഹയിലെ ഒരു ബിസിനസ് പരിപാടിയില്‍ വച്ചാണ് ആപ്പിള്‍ സിഇഒയോട് യുഎസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.
താനുമായുള്ള സംഭാഷണത്തിന് ശേഷം ആപ്പിള്‍ അമേരിക്കയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇന്ത്യന്‍ ഉരുക്ക്, അലൂമിനിയം ഉല്‍പന്നങ്ങള്‍ക്ക് തീരുവ ചുമത്തിയ യു.എസിനെതിരെ ബദല്‍ ചുങ്കം ചുമത്തുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തുമെന്ന് ലോക വ്യാപാര സംഘടനക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഈ വര്‍ഷാദ്യം അധികാരത്തിലെത്തിയ ഉടന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയടക്കം രാജ്യങ്ങള്‍ക്കുമേല്‍ വന്‍ തീരുവ പ്രഖ്യാപിച്ചിരുന്നു.
യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന തീരുവ വെട്ടിക്കുറക്കുന്നതടക്കം ഉപാധികളോടെ ഇന്ത്യ-യു.എസ് ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി മന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധിസംഘം ഈ മാസം 17ന് യു.എസ് സന്ദര്‍ശിക്കുന്നുണ്ട്.
ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇന്ത്യയും അമേരിക്കയും ഔദ്യോഗികമായി വാണിജ്യ ചര്‍ച്ചകള്‍ തുടങ്ങിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആപ്പിള്‍ ഇന്ത്യയില്‍ സ്ഥിരമായി നിര്‍മ്മാണവും ഉത്പാദനവും കൂട്ടി വരികയാണ്. ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍ തുടങ്ങിയവര്‍ക്ക് കരാര്‍ നല്‍കി അനവധി ഐഫോണ്‍ മോഡലുകള്‍ കമ്പനി ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്.
ആപ്പിളിന് നിലവില്‍ ഇന്ത്യയില്‍ മൂന്ന് പ്ലാന്റുകളുണ്ട്. രണ്ട് എണ്ണം തമിഴ്നാട്ടിലും ഒന്ന് കര്‍ണാടകയിലും. ഇവയില്‍ ഒന്ന് ഫോക്സ്‌കോണും മറ്റൊന്ന് ടാറ്റ ഗ്രൂപ്പുമാണ് നടത്തുന്നത്. രണ്ട് ആപ്പിള്‍ പ്ലാന്റുകള്‍ കൂടി നിര്‍മ്മാണത്തിലാണ്. ചൈനയില്‍ നിന്ന് ഫാക്ടറികള്‍ ഇന്ത്യയിലേക്ക് പറിച്ചുനടാനുളള ആപ്പിളിന്റെ നീക്കത്തിനിടയാണ് ട്രംപിന്റെ പാര വന്നിരിക്കുന്നത്.