- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജറുസലേമില്‍ കഴിഞ്ഞ ദിവസം നടത്തിയ വെടിവെയ്പ്പിന്റെ പ്രതികാരം; യുഎസ് നല്‍കിയ രഹസ്യാന്വേഷണ വിവരത്തിന് പിന്നാലെ നെതന്യാഹുവിന്റെ ഗ്രീന്‍ സിഗ്‌നല്‍; ദോഹയില്‍ സ്ഫോടനം നടന്നത് പാര്‍പ്പിട സമുച്ചയത്തിന് സമീപം; വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ടത് ചര്‍ച്ചയ്ക്ക് എത്തിയ മുതിര്‍ന്ന ഹമാസ് നേതാക്കളെ; ഖത്തറിന് പിന്തുണയുമായി ഗള്‍ഫ് രാജ്യങ്ങള്‍
ഖത്തറിന് പിന്തുണയുമായി ഗള്‍ഫ് രാജ്യങ്ങള്‍
ദോഹ: ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം യുഎസിന്റെയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും അനുമതിയോടെയെന്ന് റിപ്പോര്‍ട്ട്. ദോഹയില്‍ മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രായേല്‍ അമേരിക്കയെ അറിയിച്ചിരുന്നുവെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. യുഎസ് നല്‍കിയ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ യുഎസ് എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചു. ദോഹയിലെ സാഹചര്യം സുരക്ഷിതമെന്നും പൗന്മാര്‍ ആശങ്കപെടേണ്ടെന്നും യുഎസ് എംബസി അറിയിച്ചു.
ജറുസലേമില്‍ കഴിഞ്ഞ ദിവസം നടത്തിയ വെടിവെയ്പ്പിന്റെ പ്രതികാരമായിട്ടാണ് ഹമാസ് നേതാക്കള്‍ക്കുനേരെ ആക്രമണത്തിന് ഇസ്രയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗ്രീന്‍ സിഗ്‌നല്‍ കാണിച്ചതെന്നും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി. ദോഹയിലുണ്ടായ ആക്രമണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കുന്നുവെന്ന് നേരത്തെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു.
'ആറുപേര്‍ കൊല്ലപ്പെട്ട ഇന്നലത്തെ ജറുസലേം ഭീകരാക്രമണത്തിന്റെയും വടക്കന്‍ ഗാസയില്‍ നാല് സൈനികരുടെ മരണത്തിനിടയാക്കിയ ഇസ്രായേലി ടാങ്കിന് നേരെയുണ്ടായ മാരകമായ ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍, വിദേശത്തുള്ള ഹമാസ് നേതാക്കള്‍ക്കെതിരെ ആക്രമണത്തിന് തയ്യാറെടുക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേലിന്റെ സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിഞ്ഞ രാത്രി നിര്‍ദ്ദേശം നല്‍കി' നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഇന്ന് ഉച്ചയോടെ ഒരു 'സൈനിക നടപടിക്കുള്ള അവസരം' തിരിച്ചറിഞ്ഞപ്പോള്‍ ആക്രമണം നടത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു.
ഒക്ടോബര്‍ 7-ലെ കൂട്ടക്കൊല നടത്തുകയും അത് സംഘടിപ്പിക്കുകയും ചെയ്തത് ഈ ഹമാസ് നേതൃത്വമായതുകൊണ്ട്, ഈ സൈനിക നടപടി പൂര്‍ണ്ണമായും ന്യായീകരിക്കപ്പെട്ടതാണെന്നും ഇസ്രയേല്‍ നേതാക്കള്‍ അറിയിച്ചു. അതേസമയം ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമില്ല. ഹമാസ് നേതാക്കള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ തന്നെയാണ് ആക്രമണം നടന്നതെന്ന് ഖത്തര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നേതാക്കള്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതായാണ് ഹമാസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.
ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം ഹമാസിന്റെ മുതിര്‍ന്ന നേതാവായ ഖലീല്‍ അല്‍-ഹയ്യ ആയിരുന്നുവെന്നാണ് വിവരം. നേതാക്കളായിരുന്ന ഇസ്മായില്‍ ഹനിയ്യ, യഹ്യ സിന്‍വാര്‍ എന്നിവര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അല്‍-ഹയ്യ ഹമാസ് നേതൃത്വത്തില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു. മുഖ്യ മധ്യസ്ഥനെന്ന നിലയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും ദോഹയില്‍ ഗാസയുടെ കാര്യങ്ങള്‍ക്കായുള്ള പ്രവര്‍ത്തിക്കുന്നതും ഖലീല്‍ അല്‍-ഹയ്യ ആയിരുന്നു. 1960-ല്‍ ഗാസയില്‍ ജനിച്ച അല്‍-ഹയ്യ, 1987-ല്‍ സംഘടന രൂപീകൃതമായ കാലം മുതല്‍ ഹമാസിന്റെ ഭാഗമാണ്. ഇസ്രായേല്‍ ആക്രമണങ്ങളില്‍ മകനുള്‍പ്പെടെ നിരവധി കുടുംബാംഗങ്ങളെ അദ്ദേഹത്തിന് നഷ്ടപ്പെട്ടിട്ടുണ്ട്.
രണ്ട് ദിവസം മുന്‍പു ട്രംപ് ഹമാസിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് തന്റെ അവസാന മുന്നറിയിപ്പാണെന്നും ട്രംപ് പറഞ്ഞിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ ദോഹയില്‍ യോഗം ചേര്‍ന്ന സംഘത്തെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണമെന്ന് ഹമാസിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഹമാസ് നേതാക്കള്‍ ദോഹയിലാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതെന്നും അവരെ ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷനെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കി. ഹമാസിന്റെ ഗസ മേധാവിയായിരുന്ന ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള ഉന്നത ഹമാസ് നേതാക്കളെയാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം.
അപകടത്തില്‍ മരണമോ നാശനഷ്ടങ്ങളോ ഉണ്ടായതായുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഉച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. നഗരത്തിലെ ലെഗ്റ്റിഫിയ പെട്രോള്‍ സ്റ്റേഷനില്‍ നിന്നും പുക ഉയരുന്നതായി ദൃക്‌സാക്ഷികള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. പെട്രോള്‍ സ്റ്റേഷന്റെ തൊട്ടടുത്ത് ചെറിയ പാര്‍പ്പിട സമുച്ചയമുണ്ട്. ഗാസ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇവിടെ 24 മണിക്കൂറും ഖത്തറിന്റെ എമിരി ഗാര്‍ഡ് സുരക്ഷ ഒരുക്കുന്നുണ്ട്.
ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം 'ശരിയായ തീരുമാനം' എന്നാണ് ഇസ്രായേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് എക്‌സില്‍ കുറിച്ചത്. ഭീകരര്‍ ലോകത്തെവിടെയായാലും ഇസ്രായേലിന്റെ കൈയ്യില്‍ നിന്ന് പ്രതിരോധിക്കാനാകില്ലെന്നാണ് ബെസലേല്‍ സ്‌മോട്രിച്ച് പറഞ്ഞത്.
ഇസ്രയേലിന്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് ഖത്തര്‍ പ്രതികരിച്ചു. ആക്രമണം ഖത്തറികളുടെയും ഖത്തറിലെ താമസക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ വെടിനിര്‍ത്തലിലടക്കം ചര്‍ച്ചകള്‍ക്ക് വേദിയായ ഇടമാണ് ദോഹ. ആക്രമണം ഖത്തറിലെ വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല. സര്‍വീസുകള്‍ സാധാരണ നിലയില്‍ നടക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി എത്തിയ നേതാക്കളെയാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്നാണ് ഹമാസിന്റെ ആരോപണം. ആദ്യമായാണ് ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്തുന്നത്. ഖത്തറിന് പിന്തുണയുമായി ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തി. ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തെ യുഎഇ അപലപിച്ചു. ഖത്തറിന് പൂര്‍ണ പിന്തുണയെന്ന് യുഎഇ ഉപപ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.