- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു എസ് സര്‍ക്കാര്‍ രേഖകളില്‍ ഇനി സ്ത്രീയും പുരുഷനും മാത്രം; ട്രാന്സ്ജെന്ഡറുകള് പുറത്ത്; രണ്ടു വിഭാഗങ്ങളെ മാത്രമേ അമേരിക്കന്‍ ഫെഡറല്‍ ഗവണ്മെന്റ് അംഗീകരിക്കൂ; സുപ്രധാന ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്; ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറുമെന്നും പ്രഖ്യാപനം
യു എസ് സര്‍ക്കാര്‍ രേഖകളില്‍ ഇനി സ്ത്രീയും പുരുഷനും മാത്രം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സുപ്രധാന ഉത്തരവുകള്‍ പുറപ്പെടുവിച്ചിരിക്കയാണ് ഡൊണാള്‍ഡ് ട്രംപ്. പരിഷ്‌കൃത സമൂഹമെന്ന് പൊതുവേ അറിയപ്പെടുന്ന അമേരിക്കയെ പിന്നോട്ടു നയിക്കുന്ന തീരുമാനത്തിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. യുഎസ് രേഖകളില്‍ നിന്നും ട്രാന്‍സ്‌ജെന്ററുകളെ പുറംതള്ളുന്നതാണ് തീരുമാനം. സര്‍ക്കാര്‍ രേഖകളില്‍ ലിംഗം രേഖപ്പെടുത്തുന്ന കോളങ്ങളില്‍ ഇനി സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ മാത്രമേ ഉണ്ടാവൂ എന്നതാണ് ട്രംപിന്റെ ഉത്തരവ്.
ഈ രണ്ടുവിഭാഗങ്ങളെ മാത്രമേ അമേരിക്കന്‍ ഫെഡറല്‍ ഗവണ്മെന്റ് അംഗീകരിക്കൂ എന്ന് പ്രഖ്യാപിക്കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ അംഗീകരിക്കില്ലെന്നുകൂടി വ്യക്തമാക്കുന്ന ഉത്തരവ് ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്. രേഖകളില്‍ സ്ത്രീയും പുരുഷനും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നത് അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നാണ് ട്രംപ് ഉത്തരവ് ഒപ്പിട്ട ശേഷം പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങളെക്കുറിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അമേരിക്കയില്‍ സജീവമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍, നിരവധി റിപ്പബ്ലിക്ക് പാര്‍ട്ടി പ്രതിനിധികള്‍ ട്രാന്‍സ്ജെന്‍ഡര്‍ നിയമങ്ങള്‍ റദ്ദാക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. കായികയിനങ്ങളില്‍ പങ്കെടുക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കെതിരെ ട്രംപ് തന്നെ ഒരു പ്രചാരണത്തില്‍ തുറന്നടിച്ചിരുന്നു.
വൈവിധ്യം, തുല്യത, ഉള്‍ക്കൊള്ളിക്കല്‍ എന്നിവയിലധിഷ്ഠിതമായ കൂടുതല്‍ നടപടികള്‍ ഇനിയുമുണ്ടാവുമെന്ന് ട്രംപുമായി അടുത്തവൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. എക്‌സിക്യൂട്ടീവ് ഉത്തരവുകളുടെ ഭാഗമായി ലിംഗ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിന് ഫെഡറല്‍ ഫണ്ടുകള്‍ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്.
യു.എസ് പ്രസിഡന്റായി ചുമതലയേറ്റ ആദ്യ ടേമില്‍, ഡൊണാള്‍ഡ് ട്രംപ് സൈന്യത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സൈനികര്‍ക്ക് നിരോധനം പ്രഖ്യാപിക്കുകയും ട്രാന്‍സ്ജെന്‍ഡര്‍ ഉദ്യോഗസ്ഥരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. 2021 ല്‍ അധികാരമേറ്റ ശേഷം ജോ ബൈഡന്‍ ഈ നയം മാറ്റുകയായിരുന്നു.
അതേസമയം മെക്സിക്കോ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ക്രിമിനല്‍ സംഘങ്ങളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് ട്രംപ്. യുഎസില്‍ ജനിച്ച ആര്‍ക്കും പൗരത്വം നല്‍കുന്ന ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചു. കാപിറ്റോള്‍ ഹില്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഏകദേശം 1500 പേര്‍ക്ക് ട്രംപ് മാപ്പ് നല്‍കി. 2021-ലെ ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കാന്‍ അദ്ദേഹം നീതിന്യായ വകുപ്പിന് നിര്‍ദേശം നല്‍കി. തടവിലാക്കപ്പെട്ടവരില്‍ ചിലര്‍ തിങ്കളാഴ്ച രാത്രി മോചിതരാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ഞായറാഴ്ച യുഎസില്‍ അടച്ചുപൂട്ടാനിരുന്ന വീഡിയോ ആപ്പായ ടിക്‌ടോക്കിന്റെ നിരോധനം ട്രംപ് വൈകിപ്പിച്ചിട്ടുണ്ട്. 75 ദിവസത്തേക്ക് കേസില്‍ നടപടിയെടുക്കരുതെന്ന് അദ്ദേഹം അറ്റോര്‍ണി ജനറലിനോട് ഉത്തരവിട്ടു.
ഊര്‍ജ്ജ അടിയന്തരാവസ്ഥാ പ്രഖ്യാപനമാണാണ് മറ്റൊന്ന്. എണ്ണ ഖനനം ചെയ്യാനായി ആര്‍ട്ടിക് തുറക്കുമെന്നും ആഭ്യന്തര ഊര്‍ജ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആഗോള ഉടമ്പടിയില്‍നിന്ന് പിന്‍മാറിയും നിയന്ത്രണം കുറയ്ക്കുകയും ചെയ്തുകൊണ്ട് ഊര്‍ജ്ജ ഉല്‍പ്പാദനം പരമാവധിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയില്‍നിന്ന് പിന്മാറുന്നതാണ് മറ്റൊരു സുപ്രധാന ഉത്തരവ്. കോവിഡിനെയും മറ്റു ആരോഗ്യ പ്രതിസന്ധികളെയും ആഗോള ആരോഗ്യ ഏജന്‍സി തെറ്റായി കൈകാര്യം ചെയ്തുവെന്ന് പറഞ്ഞുകൊണ്ട് ഈ നീക്കമെന്ന് ഉത്തരവില്‍ പറയുന്നു. പുതിയ വിദേശ വികസന സഹായങ്ങളും താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചു. അവലോകനം ചെയ്ത് തീര്‍പ്പാക്കും വരെ പുതിയ വിദേശ വികസന സഹായങ്ങളും വിതരണങ്ങളും 90 ദിവസത്തേക്കാണ് നിര്‍ത്തിവച്ചത്.