- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ടക്കറിന് വട്ടാണ്, ഓവന്‍സ് ഭ്രാന്തി; അലക്സ് ജോണ്‍സ് പാപ്പരായത് നന്നായി; മാക്രോണിന്റെ ഭാര്യ സുന്ദരി തന്നെ! വലംകൈകളായിരുന്ന വലതുപക്ഷ മാധ്യമപ്പടയെ ട്രൂത്ത് സോഷ്യലില്‍ തൂക്കിയൊട്ടിച്ച് ഡൊണാള്‍ഡ് ട്രംപ്; 'ഇറാന് യുദ്ധത്തില്‍ ഉടക്കി ട്രംപിന്റെ വിശ്വസ്തര്‍ ശത്രുക്കളായ കഥ!
ടക്കറിന് വട്ടാണ്, ഓവന്‍സ് ഭ്രാന്തി; അലക്സ് ജോണ്‍സ് പാപ്പരായത് നന്നായി

വാഷിങ്ടണ്‍: ഇറാന്‍ വിഷയത്തില്‍ തന്റെ നിലപാടുകളെ എതിര്‍ത്ത ഏറ്റവും അടുത്ത സഖ്യകക്ഷികള്‍ക്കെതിരെ രൂക്ഷമായ പരിഹാസവും വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' എന്ന് പേരിട്ടിരിക്കുന്ന ഇറാന് എതിരായ സൈനിക നീക്കത്തെ എതിര്‍ത്ത വലതുപക്ഷ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെ പൊട്ടിത്തെറിച്ചത്. ടക്കര്‍ കാള്‍സണ്‍, കാന്‍ഡസ് ഓവന്‍സ്, മെഗിന്‍ കെല്ലി, അലക്സ് ജോണ്‍സ് എന്നീ പ്രമുഖ വലതുപക്ഷ മാധ്യമ പ്രവര്‍ത്തകരാണ് ട്രംപിന്റെ പുതിയ ശത്രുപ്പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ ട്രംപിനെതിരെ തിരിഞ്ഞതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ഇവര്‍ 'കുറഞ്ഞ ബുദ്ധിശക്തിയുള്ളവര്‍ ആണെന്നും വിഡ്ഢികളാണെന്നുമാണ് ട്രംപ് പരിഹസിച്ചത്. ഇക്കൂട്ടര്‍ വെറും ശല്യക്കാരാണെന്നും ട്രംപ് തന്റെ കുറിപ്പില്‍ തുറന്നടിച്ചു. ഇസ്രായേലിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ട്രംപ് യുദ്ധത്തിന് മുതിര്‍ന്നതെന്നും 'അമേരിക്ക ഫസ്റ്റ്' എന്ന തന്റെ മുന്‍പത്തെ വാഗ്ദാനം അദ്ദേഹം ലംഘിച്ചുവെന്നുമാണ് ഈ മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ഭീകരരാഷ്ട്രത്തിന് ആണവായുധം ഉണ്ടാക്കാന്‍ ഇവര്‍ കൂട്ടുനില്‍ക്കുകയാണെന്നും, അത് ലോകത്തിന് വലിയ ഭീഷണിയാണെന്നും ട്രംപ് തിരിച്ചടിച്ചു. തന്റെ തീരുമാനങ്ങള്‍ തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇവര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫ്രഞ്ച് പ്രഥമ വനിത ബ്രിജിത്ത് മാക്രോണിനെക്കുറിച്ചുള്ള പരാമര്‍ശമാണ് കുറിപ്പിലെ പ്രധാന ആകര്‍ഷണം. ബ്രിജിത്ത് മാക്രോണ്‍ ഒരു പുരുഷനാണെന്ന കാന്‍ഡസ് ഓവന്‍സിന്റെ ആരോപണത്തെ ട്രംപ് പാടെ തള്ളി.
ബ്രിജിത്ത് മാക്രോണ്‍ ആദരണീയയായ ഒരു സ്ത്രീയാണെന്നും അവരെ അധിക്ഷേപിക്കുന്ന ഓവന്‍സ് 'ഭ്രാന്തി'യാണെന്നും ട്രംപ് പറഞ്ഞു. ഫ്രഞ്ച് പ്രഥമ വനിത ഓവന്‍സിനേക്കാള്‍ സുന്ദരിയാണെന്നും ട്രംപ് പരിഹസിച്ചു. ബ്രിജിത്ത് മാക്രോണ്‍ ജനിച്ചത് പുരുഷനായിട്ടാണെന്ന ഓവന്‍സിന്റെ വ്യാജ പ്രചാരണത്തിനെതിരെ ഫ്രാന്‍സില്‍ നിയമനടപടികള്‍ നടക്കുന്നുണ്ട്. ഈ കേസില്‍ ഫ്രഞ്ച് പ്രഥമ വനിത വലിയ തുക നഷ്ടപരിഹാരം നേടുമെന്നാണ് കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഈ വിവാദത്തില്‍ ഫ്രാന്‍സിന് അനുകൂലമായ നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്.
അലക്സ് ജോണ്‍സിനെതിരെയും കടുത്ത ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. 2012-ലെ സാന്‍ഡി ഹുക്ക് സ്‌കൂള്‍ വെടിവെപ്പ് ഒരു നാടകമാണെന്ന് പ്രചരിപ്പിച്ച ജോണ്‍സിന്റെ നടപടി ക്രൂരമാണെന്ന് ട്രംപ് പറഞ്ഞു. ആ സംഭവത്തിലെ ഇരകളുടെ കുടുംബങ്ങളെ അപമാനിച്ച ജോണ്‍സിന് അര്‍ഹമായ ശിക്ഷയാണ് ലഭിച്ചതെന്നും, കോടതി വിധിച്ച 1.5 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി അയാള്‍ പാപ്പരായതില്‍ അത്ഭുതമില്ലെന്നും ട്രംപ് പരിഹസിച്ചു.
മുന്‍ ഫോക്സ് ന്യൂസ് അവതാരകന്‍ ടക്കര്‍ കാള്‍സണെയും ട്രംപ് വെറുതെ വിട്ടില്ല. ടക്കര്‍ കോളേജ് വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന അവകാശവാദവും ട്രംപ് ഉന്നയിച്ചു. ഫോക്സ് ന്യൂസില്‍ നിന്ന് പുറത്തായതോടെ ടക്കര്‍ തകര്‍ന്നുപോയെന്നും അയാള്‍ക്ക് ഒരു മനോരോഗ വിദഗ്ദ്ധന്റെ സേവനം ആവശ്യമാണെന്നും ട്രംപ് പരിഹസിച്ചു. ഒരുകാലത്ത് ട്രംപിന്റെ വിശ്വസ്തനായിരുന്ന ടക്കറുമായുള്ള ബന്ധം പൂര്‍ണ്ണമായും തകര്‍ന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഈ നാല് മാധ്യമ പ്രവര്‍ത്തകരും 'തോറ്റവര്‍' ആണെന്നും അവര്‍ മാഗ പ്രസ്ഥാനത്തിന്റെ പ്രതിനിധികളല്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. 2024-ലെ തിരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി ശക്തമായി പ്രചാരണം നടത്തിയവരാണ് ടക്കര്‍ കാള്‍സണും മെഗിന്‍ കെല്ലിയും. രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ളവരാണ് ഈ മാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍ ഇറാന്‍ യുദ്ധത്തെച്ചൊല്ലിയുള്ള തര്‍ക്കം ഇവരെ ട്രംപില്‍ നിന്ന് അകറ്റിയിരിക്കുകയാണ്. ഇത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ രാഷ്ട്രീയ ഭാവിയില്‍ ഈ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥാനമില്ലെന്ന ഉറച്ച നിലപാടിലാണ് ട്രംപ്. അടുത്ത ദിവസങ്ങളില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഈ വാക്പോര് കൂടുതല്‍ കനക്കുമെന്നാണ് സൂചന.


