ടോക്യോ: റഷ്യയിലെ കിഴക്കന്‍ മേഖലയിലെ കാംചത്ക ഉപദ്വീപിലുണ്ടായ അതിശക്തമായ ഭൂചനത്തെ തുടര്‍ന്ന് ജപ്പാനിലും റഷ്യയിലും സൂനാമിത്തിരകള്‍ ആഞ്ഞടിച്ചു. റഷ്യയിലെ തുറമുഖ നഗരമായ സെറവേറോ-കുറില്‍സ്‌ക് മേഖലയില്‍ സുനാമി തിരകള്‍ കരയിലേക്ക് കയറുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയിലുണ്ടായത്. മനുഷ്യചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആറാമത്തെ വലിയ ഭൂചലനമാണിത്.

ശാന്തസമുദ്രത്തില്‍ പെട്രോപാവ്ലോവ്സ്‌ക് - കാംചാറ്റ്‌സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം എന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഏകദേശം 2000 പേര്‍ താമസിക്കുന്ന ഒരു തുറമുഖ പട്ടണമായ സെവേറോ കുറില്‍സ്‌ക് നിലവില്‍ വെള്ളത്തിലാണ്. ഇവിടേക്ക് കടല്‍ ഇരച്ചുകയറിയതായി റഷ്യയുടെ എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു.

വടക്കന്‍ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലും സൂനാമി തിരകള്‍ എത്തിയിട്ടുണ്ട്. ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു. 2011ല്‍ ജപ്പാനില്‍ ആഞ്ഞടിച്ച സൂനാമിയില്‍ ആണവകേന്ദ്രം തകര്‍ന്നിരുന്നു. ജപ്പാനിലും അമേരിക്കയിലും സൂനാമി മുന്നറിയിപ്പ് നേരത്തേ പുറപ്പെടുവിച്ചിരുന്നു. അലാസ്‌കയിലും ഹവായിയിലും യു.എസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശത്ത് ഒഴിപ്പിക്കല്‍ നടപടികളും ആരംഭിച്ചു. ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ്, ന്യൂസിലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലും സൂനാമി മുന്നറിയിപ്പുണ്ട്.




ജപ്പാനില്‍ ഒമ്പത് അടിവരെ ഉയരത്തിലുള്ള ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുനാമി തിരമാലകള്‍ പാഞ്ഞെത്തിയത്. മെക്‌സിക്കോ, ഗലപഗോസ് ദ്വീപ്, മധ്യ അമേരിക്കന്‍ മേഖലയായ പനാമ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്നും അടിയന്തമരായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമം തുടങ്ങി. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തലസ്ഥാന നഗരമായ ടോക്കിയോയില്‍ 1.9 മില്യണ്‍ ആളുകളെ ഒഴിപ്പിക്കുമെന്ന് ജപ്പാന്‍. ജപ്പാനിലെ സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ഒമ്പത് ലക്ഷത്തോളം ആളുകള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് രാജ്യത്തെ ഫയര്‍ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ജാപ്പനീസ് തീരത്തുള്ള 133 മുനിസിപ്പാലിറ്റികളെ സുനാമി ബാധിക്കുമെന്നാണ് വിവരം. നിലവില്‍ എത്ര പേരാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയതെന്ന് വ്യക്തമല്ല.

ചൈനയുടെ കിഴക്കന്‍ തീരങ്ങളിലും ഒരു മീറ്റര്‍ വരെ ഉയരത്തില്‍ സുനാമി ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. ചൈനയുടെ തീരപ്രദേശങ്ങളില്‍ സുനാമി നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. ജനങ്ങളോട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. റഷ്യയുടെ കിഴക്കന്‍ തീരത്ത് ബുധനാഴ്ച സുനാമി ഉണ്ടായെന്ന് സ്ഥിരീകരിച്ച് റഷ്യന്‍ സര്‍ക്കാര്‍. ഏകദേശം 2000 പേര്‍ താമസിക്കുന്ന ഒരു തുറമുഖ പട്ടണമായ സെവേറോ കുറില്‍സ്‌ക് നിലവില്‍ വെള്ളത്തിലാണ്. ഇവിടേക്ക് കടല്‍ ഇരച്ചുകയറിയതായി റഷ്യയുടെ എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു.





'സുനാമി തുറമുഖ പട്ടണമായ സെവേറോ-കുറില്‍സ്‌കിന്റെ ചില ഭാഗങ്ങളില്‍ വെള്ളം കയറി ... ജനങ്ങളെ ഒഴിപ്പിച്ചു,' മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. റഷ്യന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ പട്ടണത്തിലെ കെട്ടിടങ്ങള്‍ കടല്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതായി കാണിച്ചു. യുഎസിലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ഓസ്ട്രേലിയയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീരത്ത് 0.3 മുതല്‍ ഒരു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നിരുന്നാലും, ഓസ്ട്രേലിയയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടില്ല.




അലാസ്‌കയിലെ അലൂഷ്യന്‍ ദ്വീപുകള്‍ക്ക് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസിന്റേയും ഹവായിയുടെയും മുഴുവന്‍ പടിഞ്ഞാറന്‍ തീരവും ഇപ്പോള്‍ സുനാമി നിരീക്ഷണത്തിലാണ്. ആദ്യത്തെ സുനാമി തിരമാലകള്‍ വടക്കന്‍ കുറില്‍ ദ്വീപുകളിലെ സെവേറോ-കുറില്‍സ്‌ക് തീരത്ത് എത്തിയിരിക്കുന്നു. കാനഡ മുതല്‍ അലാസ്‌ക വരെയുള്ള യുഎസിന്റെ മുഴുവന്‍ പടിഞ്ഞാറന്‍ തീരത്തും ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലിഫോര്‍ണിയയുടെ മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്ന് ആരംഭിച്ച് ഒറിഗോണ്‍, വാഷിംഗ്ടണ്‍ വഴി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ വരെയും തുടര്‍ന്ന് സൗത്ത് അലാസ്‌കയിലേക്കും അലാസ്‌ക പെനിന്‍സുലയിലേക്കും സുനാമി മുന്നറിയിപ്പ് ബാധകമാണ്.

വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഹവായ് ദ്വീപില്‍ സുനാമി മുന്നറിയിപ്പ്. ഗുവാമിലും വടക്കന്‍ മരിയാന ദ്വീപുകളിലും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി നിരീക്ഷണം ഏര്‍പ്പെടുത്തി. റോട്ട, ടിനിയന്‍, സായിപാന്‍ എന്നിവിടങ്ങളില്‍ സുനാമി തിരമാലകള്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.37 ആയിരിക്കുമെന്ന് കേന്ദ്രം പ്രസ്താവനയില്‍ പറഞ്ഞു. ഇവിടെ നിന്നും ആളുകളെ കുടിയൊഴിപ്പിക്കല്‍ തുടങ്ങി.




റഷ്യയില്‍ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള കാംചത്ക മേഖലയുടെ ചില ഭാഗങ്ങളില്‍ 3 മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തില്‍ സുനാമി തിരമാലകള്‍ ഉണ്ടായതായി റഷ്യ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്രോപാവ്ലോവ്‌സ്‌ക് - കാംചറ്റ്‌സ്‌കിയില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെയാണ് ചലനം ഉണ്ടായത്. 8.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. റഷ്യയുടെ കിഴക്കന്‍ തീരങ്ങള്‍ക്ക് പുറമെ യുഎസിലും ജപ്പാനിലും ഹവായിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് ഇതെന്ന് കംചട്ക ഗവര്‍ണര്‍ വ്‌ലാദിമര്‍ സോളോഡോവ് പറഞ്ഞു.

ജൂലൈ 20ന് റഷ്യയില്‍ ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനമാണ് ഉണ്ടായത്. തുടര്‍ ചലനങ്ങളെ തുടര്‍ന്ന് സൂനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 6.7 മുതല്‍ 7.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. 1900 മുതല്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഏഴു ഭൂചലനങ്ങള്‍ പ്രദേശത്തുണ്ടായിട്ടുണ്ട്. 1952ല്‍ ഒമ്പത് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. അന്ന് ആളപായമുണ്ടായില്ല.