കൊച്ചി: 'ടര്‍ക്കിഷ് തര്‍ക്കം' എന്ന സിനിമ തിയേറ്ററുകളില്‍നിന്ന് പിന്‍വലിച്ചതില്‍ നിര്‍മാതാവിനോട് വിശദീകരണം തേടി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. പിന്‍വലിക്കാനുണ്ടായ സാഹചര്യത്തിന്റെ വിശദാംശങ്ങളറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയ്ക്ക് മേല്‍ മതനിന്ദാ ആരോപണം ഉയര്‍ന്ന പശ്ചാത്തലം അടക്കം വിവാദമായതോടെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും രംഗത്തുവന്നത്.

മതനിന്ദ നടത്തിയെന്ന ആരോപണമുയര്‍ത്തി ചില കേന്ദ്രങ്ങള്‍ എതിര്‍പ്പുയര്‍ത്തിയതുകൊണ്ട് ചിത്രം പിന്‍വലിക്കുന്നുവെന്നാണ് നിര്‍മാതാവ് നാദിര്‍ ഖാലിദ്, സംവിധായകന്‍ നവാസ് സുലൈമാന്‍ എന്നിവര്‍ കഴിഞ്ഞദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍, ഇത്തരമൊരു പരാതി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ലഭിച്ചിട്ടില്ല.

മാധ്യമങ്ങളില്‍ നിന്നാണ് ചിത്രം പിന്‍വലിച്ച വിവരമറിഞ്ഞതെന്ന് അസോസിയേഷന്‍ സെക്രട്ടറി ബി. രാകേഷ് പറഞ്ഞു. തുടര്‍ന്നാണ് വിശദാംശങ്ങള്‍ തേടി നോട്ടീസ് അയച്ചത്. ഇതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും രാകേഷ് അറിയിച്ചു. മതനിന്ദയെന്ന ആരോപണം കളവാണെന്നും ആരും ഇതേച്ചൊല്ലി എതിര്‍പ്പുയര്‍ത്തിയില്ലെന്നും കാട്ടി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

അതേസമയം ടര്‍ക്കിഷ് തര്‍ക്കവുമായി ബന്ധപ്പെട്ട് യാതൊരുവിധ ഭീഷണിയും നേരിട്ടിട്ടില്ലെന്ന് സിനിമയില്‍ പ്രധാന വേഷം ചെയ്ത നടന്മാരായ സണ്ണി വെയ്‌നും ലുക്മാന്‍ അവറാനും വ്യക്തമാക്കി. സിനിമ പിന്‍വലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് നിര്‍മാതാവിനോട് തിരക്കിയപ്പോള്‍ കൃത്യമായ ഒരുത്തരം ലഭിച്ചില്ലെന്നും സിനിമ പിന്‍വലിച്ച വിവരം അറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണെന്നും സണ്ണി വെയ്ന്‍ സാമൂഹിക മാധ്യമത്തിലൂടെ പറഞ്ഞു.

സിനിമ തിയേറ്ററില്‍നിന്ന് പിന്‍വലിച്ചത് നിര്‍മാതാവിന്റെയും സംവിധായകന്റെയും കൂട്ടായ തീരുമാനമാണെന്ന് ലുക്മാന്‍ അവറാന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി തനിക്കോ തന്റെ അറിവിലുള്ള ആര്‍ക്കെങ്കിലുമോ വന്നിട്ടില്ല. സിനിമ പിന്‍വലിക്കാനുള്ള കാരണം ചോദിച്ചപ്പോള്‍ ഉത്തരവാദപ്പെട്ടവരില്‍നിന്ന് വ്യക്തമായ ഉത്തരം കിട്ടിയില്ല. ഇപ്പോള്‍ സിനിമയെച്ചൊല്ലി നടക്കുന്ന ചര്‍ച്ചകളില്‍ യാതൊരു പങ്കുമില്ല. വിവാദത്തിന് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും ലുക്മാന്‍ ആവശ്യപ്പെട്ടു.

നവംബര്‍ 22നാണ് ചിത്രം തിയറ്ററുകളിലെത്തിയിരുന്നത്. സണ്ണി വെയ്നും ലുക്മാനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മുസ്ലിം സമുദായത്തിന്റെ ഖബറടക്കത്തെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയത്. ഒരു പള്ളിയും അവിടെ നടക്കുന്ന ഖബറടക്കവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന ചില തര്‍ക്കങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. പത്രസമ്മേളനം നടത്തി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് സിനിമ താല്‍ക്കാലികമായി തിയറ്ററില്‍ നിന്ന് പിന്‍വലിക്കുന്ന വിവരം അറിയിച്ചത്.