തിരുവനന്തപുരം: ട്വന്റി 20 യെ എന്‍ഡിഎയിലേക്ക് നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ബിജെപി പ്രവര്‍ത്തക സമ്മേളനത്തില്‍ ട്വന്റി 20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ സാന്നിധ്യത്തിലാണ് പുതിയ അദ്ധ്യായം കുറിച്ചത്. ട്വന്റി 20-യെ എന്‍ഡിഎ കുടുംബത്തിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി മോദി എക്‌സില്‍ കുറിച്ചു.

'സാബു എം. ജേക്കബുമായി തിരുവനന്തപുരത്ത് നല്ല കൂടിക്കാഴ്ച നടത്തി. ട്വന്റി 20-യെ എന്‍ഡിഎ കുടുംബത്തിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. സുതാര്യവും ജനകേന്ദ്രീകൃതവുമായ ഭരണത്തോടുള്ള ഞങ്ങളുടെ പങ്കിട്ട പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ പങ്കാളിത്തം,' കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.




നാലുമാസമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ അതിരഹസ്യമായ നീക്കങ്ങളാണ് ട്വന്റി 20-യെ എന്‍ഡിഎയിലെത്തിച്ചത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പോലും ബുധനാഴ്ച രാത്രി മാത്രമാണ് ഈ വിവരം അറിഞ്ഞത് എന്നത് ഇതിന്റെ രഹസ്യാത്മകത വര്‍ദ്ധിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമുണ്ടായത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 25 പാര്‍ട്ടികള്‍ ഒന്നിച്ച് തങ്ങളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചുവെന്നും, നശിപ്പിക്കാന്‍ നോക്കിയവരോടുള്ള വാശിയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സാബു എം. ജേക്കബ് പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വികസനം നടപ്പിലാക്കിയത് ബിജെപിയാണെന്നും, ട്വന്റി 20-യുടെ വികസന നയങ്ങള്‍ എന്‍ഡിഎയുമായി യോജിച്ചുപോകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

നാട്ടുകാര്‍ക്ക് ജോലി നല്‍കുന്ന വ്യവസായത്തെ കേരളം ഭരിക്കുന്നവര്‍ നാടുകടത്തുകയാണെന്നും, തെലങ്കാനയില്‍ താന്‍ 50,000 പേര്‍ക്ക് ജോലി നല്‍കുകയാണെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തി. 'വികസിത കേരളം' എന്ന ബിജെപിയുടെ മുദ്രാവാക്യവുമായി ചേര്‍ന്നുപോകുന്നതാണ് അവരുടെ നയം. സംരംഭകരെ ശത്രുക്കളായി കാണുന്ന രാഷ്ട്രീയ നേതൃത്വമാണ് കേരളത്തിലുള്ളത്. അതിന്റെ ഇരയാണ് സാബു ജേക്കബ്,' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.




എറണാകുളം ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതാണ് ഈ സഖ്യം. കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ ട്വന്റി 20ക്ക് തനിച്ചു ഭൂരിപക്ഷമുണ്ട്. തിരുവാണിയൂര്‍, പൂതൃക്ക പഞ്ചായത്തുകളിലും പാര്‍ട്ടിക്ക് പ്രസിഡന്റ് പദവിയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്തെ പല മണ്ഡലങ്ങളിലും ട്വന്റി 20 നേടിയ വോട്ടുകള്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഉറക്കം കെടുത്തിയിരുന്നു. ഇക്കുറി ഈ വോട്ടുകള്‍ എന്‍ഡിഎയിലേക്ക് എത്തുന്നത് മണ്ഡലങ്ങളിലെ ഫലത്തെ ബാധിക്കും.

ട്വന്റി 20 യില്‍ പ്രതിഷേധം

ട്വന്റി 20 എന്‍ഡിഎയില്‍ ചേര്‍ന്നതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം പുകയുന്നു. സാബു എം. ജേക്കബിന്റെ ഏകപക്ഷീയമായ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ജീല്‍ മാവേലില്‍, മഴുവന്നൂര്‍ പഞ്ചായത്ത് മുന്‍ കോഓര്‍ഡിനേറ്റര്‍ രഞ്ജു പുളിഞ്ചോടന്‍ എന്നിവരാണ് രാജിവെച്ചത്.

പാര്‍ട്ടിയുമായോ മുതിര്‍ന്ന നേതാക്കളുമായോ യാതൊരു ആലോചനയും നടത്താതെയാണ് സാബു എം. ജേക്കബ് മുന്നണി മാറ്റം പ്രഖ്യാപിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു. ടിവിയില്‍ വാര്‍ത്ത വന്നപ്പോഴാണ് തങ്ങള്‍ വിവരം അറിഞ്ഞതെന്നാണ് ഇവരുടെ പക്ഷം. ട്വന്റി 20 ഇപ്പോള്‍ ബിജെപിയിലേക്കുള്ള ഒരു റിക്രൂട്ടിംഗ് ഏജന്‍സിയായി മാറിയെന്നും, അരാഷ്ട്രീയവാദം പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണെന്നും റസീന പരീത് കുറ്റപ്പെടുത്തി.

പാവപ്പെട്ടവര്‍ക്ക് സബ്‌സിഡി നല്‍കാന്‍ വിതരണം ചെയ്ത കാര്‍ഡിനുള്ള ഫോമില്‍ ജാതിയും മതവും പൂരിപ്പിക്കാന്‍ കോളം ഉണ്ടായിരുന്നത് ബിജെപി പ്രവേശനത്തിനുള്ള മുന്‍കൂര്‍ തയ്യാറെടുപ്പായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. ഇതിനെ എതിര്‍ത്ത രഞ്ജു പുളിഞ്ചോടനെതിരെ നേരത്തെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. ഏതെങ്കിലും മുന്നണിയില്‍ ചേരേണ്ടി വന്നാല്‍ പാര്‍ട്ടി പിരിച്ചുവിടുമെന്നായിരുന്നു സാബു ജേക്കബിന്റെ പഴയ നിലപാട്. എന്നാല്‍ ഇപ്പോള്‍ ബിസിനസ് താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തകരെയും ജനങ്ങളെയും ബലികൊടുത്തു എന്നാണ് വിമര്‍ശനം.

സാബു ജേക്കബിന്റെ പ്രതികരണം

വിമര്‍ശനങ്ങള്‍ തള്ളിയ സാബു ജേക്കബ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ ലോകശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും ആ വികസനക്കുതിപ്പില്‍ കേരളവും പങ്കാളികളാകാനാണ് ട്വന്റി 20 എന്‍ഡിഎയില്‍ ചേര്‍ന്നതെന്നും പറഞ്ഞു. കേരളത്തിലെ നിക്ഷേപവിരുദ്ധ രാഷ്ട്രീയത്തിനെതിരായ പോരാട്ടമായി ഇതിനെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.