- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങളുടെ വൈദ്യുതി ബില്ലിന്റെ 25 ശതമാനവും പാചക വാതക സിലിണ്ടര്‍ വിലയുടെ 25 ശതമാനവും ഇതാദ്യമായി രണ്ടുപഞ്ചായത്തുകള്‍ വഹിക്കും; അദ്ഭുതം സംഭവിച്ചത് ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം ഐക്കരനാട് പഞ്ചായത്തുകളില്‍; അടുത്ത ഘട്ടം 50 ശതമാനം ആക്കി ഉയര്‍ത്തും; കിഴക്കമ്പലം പഞ്ചായത്തില്‍ 25 കോടി രൂപയും ഐക്കരനാടില്‍ 12 കോടിയും നീക്കിയിരിപ്പും നേട്ടമെന്ന് സാബു ജേക്കബ്
കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ ജനങ്ങള്‍ക്ക് ട്വന്റി 20 യുടെ രക്ഷാ കവചം
കൊച്ചി: കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ വൈദ്യുതി ബില്ലും, പാചക വാതക വിലയും ജനങ്ങള്‍ക്ക് ഭാരമാകാതെ, കാക്കാന്‍ ട്വന്റി 20. രണ്ടു പഞ്ചായത്തുകളിലുമുള്ളവരുടെ വൈദ്യുതി ബില്ലിന്റെ 25 ശതമാനം ഇനി ഗ്രാമ പഞ്ചായത്ത് നല്‍കും. പാചക വാതക സിലിണ്ടര്‍ വിലയുടെ 25 ശതമാനവും ഇനി മുതല്‍ പഞ്ചായത്തുകള്‍ വഹിക്കും. പഞ്ചായത്തിന്റെ തനതു വരുമാനത്തിന്റെ മിച്ച ഫണ്ടില്‍ നിന്നാകും ഈ പണം വിനിയോഗിക്കുക.
വൈദ്യുതി ബില്ലിന്റെയും പാചകവാതക ബില്ലിന്റെയും 25 ശതമാനം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കു നേരിട്ട് നല്‍കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയ ശേഷവും 25 കോടി രൂപയാണ് കിഴക്കമ്പലം പഞ്ചായത്തിന്റെ നീക്കിയിരുപ്പ്. ഐക്കരനാട്ടില്‍ 12 കോടി രൂപയും. സംസ്ഥാനത്തു ആദ്യമായാണ് ഇത്രയും ഉയര്‍ന്ന തുക പഞ്ചായത്തുകളില്‍ നീക്കിയിരുപ്പായി വരുന്നത്.
പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ദാരിദ്ര്യ നിര്‍മാര്‍ജനം, ജനങ്ങളുടെ സാമ്പത്തിക സാമൂഹ്യ നിലവാരം ഉയര്‍ത്തുക എന്നത്, അതാതു പഞ്ചായത്തുകളുടെ കടമയും ഭരണഘടനാപരമായ ഉത്തരവാദിത്തവുമാണ്. പദ്ധതിയുടെ തുടക്കം എന്ന നിലയിലാണ് വൈദ്യുതി ബില്ലും പാചക വാതക വിലയും ആദ്യ ഘട്ടത്തില്‍ 25% ആയി നിജപ്പെടുത്തിയിരിക്കുന്നത്. ഇത് ഘട്ടം ഘട്ടമായി 50% ആയി ഉയര്‍ത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. വെള്ള റേഷന്‍ കാര്‍ഡ് ഒഴികെയുള്ള എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. രണ്ടു പഞ്ചായത്തുകളിലെയും 75 ശതമാനത്തോളം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം കിട്ടും.
ഇതിനുപുറമെ പഞ്ചായത്തുകളിലെ കാന്‍സര്‍ രോഗികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം ധന സഹായം നല്‍കും. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി എല്ലാ വീടുകളിലും മോസ്‌ക്വിറ്റോ ബാറ്റുകള്‍ നല്‍കും. 100% മാലിന്യ നിര്‍മാര്‍ജനം നടപ്പാക്കുന്നതിനായി എല്ലാ വീടുകളിലും ബയോ ബിന്‍ വിതരണം കൂടാതെ, ഓരോ കുടുംബങ്ങളുടെയും ആവശ്യത്തിനനുസരിച്ചു ഫലവൃക്ഷതൈകള്‍, പച്ചക്കറി തൈകള്‍, മുട്ട കോഴികള്‍ എന്നിവയും, സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി ടേബിള്‍, വൃദ്ധജനങ്ങള്‍ക്കു കട്ടില്‍ തുടങ്ങി 71 കോടി രൂപയുടെ പദ്ധതികളാണ് ഈ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ഇലക്ട്രിക്ക് പോസ്റ്റുകളിലും കത്തുന്ന എല്‍ ഇ ഡി സ്ട്രീറ്റ് ലൈറ്റ് എന്ന പദ്ധതി, കേരളത്തില്‍ ആദ്യമായി പൂര്‍ണമായും നടപ്പാക്കിയത് കിഴക്കമ്പലം, ഐക്കാരനാട് പഞ്ചായത്തുകളിലാണ്.
അഴിമതി പൂര്‍ണമായും തുടച്ചു നീക്കി, ജനോപകാരപ്രദമായ വികസന ക്ഷേമ പദ്ധതികള്‍, ദീര്‍ഘ വീക്ഷണത്തോടെ നടപ്പാക്കിയതുകൊണ്ടാണ് പഞ്ചായത്തുകള്‍ക്ക് ഇത്രയും തുക നീക്കിവയ്ക്കാനായത്. റോഡുകളും പാലങ്ങളും ഗുണനിലവാരത്തില്‍ നിര്‍മിച്ചതോടെ വാര്‍ഷിക അറ്റകുറ്റ പണികള്‍ ആവശ്യമില്ലാതായി. അനാവശ്യ ചിലവുകള്‍ ഒഴിവാക്കിയും വരുമാനം കാര്യക്ഷമമായി വര്‍ധിപ്പിച്ചുമാണ് പഞ്ചായത്തുകള്‍ക്കു ഇത്രയും തുക മിച്ചം ഉണ്ടാക്കാനായത് . ഇത്തരത്തില്‍ രണ്ടു പഞ്ചായത്തുകളിലും ശരാശരി ഓരോ വര്‍ഷവും രണ്ടര കോടി രൂപ നീക്കിയിരിപ്പു വരുത്താന്‍ സാധിക്കുന്നുണ്ട് . രാജ്യത്ത് ആദ്യമായാണ് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷവും ഇത്ര ഉയര്‍ന്ന തുക പഞ്ചായത്തുകള്‍ക്ക് മിച്ചം പിടിക്കാന്‍ കഴിഞ്ഞത്. ശമ്പളം കൊടുക്കാന്‍ പോലും കടം വാങ്ങി നിത്യ ചിലവ് നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ഈ പഞ്ചായത്തുകളെ മാതൃകയാക്കണം. അഴിമതിയും ധൂര്‍ത്തും ഇല്ലാതാക്കി വരുമാനം വര്‍ധിപ്പിച്ചു ട്വന്റി 20 മോഡല്‍ സദ്ഭരണം കാഴ്ചവച്ചാല്‍ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇത് സാധ്യമാക്കാവുന്നതാണെന്നു സാബു ജേക്കബ് പറഞ്ഞു.