തിരുവനന്തപുരം: കോട്ടയം ജില്ലയിൽ ഊബർ ഓടാനുള്ള അനുമതിയില്ലെന്ന് പറഞ്ഞ് സ്വകാര്യ ടാക്സി ഡ്രൈവർ ഊബർ ഡ്രൈവറെ ഭീഷണപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. താൻ വിളിച്ചാൽ ആൾ വരുമെന്നും വണ്ടി അടിച്ച് ഞാൻ പൊട്ടിക്കുമെന്നുമായിരുന്നു അയാളുടെ ഭീഷണി. കോട്ടയത്ത് ഏഴോളം വണ്ടികൾ ഉണ്ടെന്ന് വീഡിയോയിൽ ഇയാൾ പറയുന്നത് കേൾക്കാം. കഴിഞ്ഞ ദിവസം ഊബറിന്റെ ഓഫീസ് അടച്ചു പൂട്ടുന്ന ഒരു വീഡിയോ പുറത്ത് വന്നിരുന്നു. എന്നാൽ എത്ര കാലം കാലവും ഇങ്ങനെ തൊഴിൽ നിഷേധിച്ച് നമ്മൾക്ക് മുന്നോട്ട് പോകാൻ സാധിക്കും. ഇങ്ങനെ ഗുണ്ടായിസം കാണിക്കാൻ മുതിർന്നാൽ വിനോദ സഞ്ചാരികൾ കേരളത്തിലേക്ക് വരാതെയാകും.

അമേരിക്കയും ബ്രിട്ടണിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും ഉള്ളവർ പറയുന്നത് കേരളം ഊബറിന് പ്രവേശനം ഇല്ലാത്ത സ്ഥലമാണെന്നും കൊള്ളയാണ് ടാക്സി ഡ്രൈവർമാർ നടത്തുന്നതും എന്നുമാണ്. അങ്ങനെയുള്ള പല തരത്തിലുള്ള വാർത്തകൾ പുറത്ത് വരുന്നു. ഒരു സെൻട്രൽ ഓഫീസിന്റെ കീഴിലാണ് ഊബർ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ സുരക്ഷിതവുമാണ്. വാഹനത്തിന്റെ യാത്രയെപ്പറ്റി അറിയാൻ കഴിയും. ഈ കാരണങ്ങൾ കൊണ്ട് തന്നെ കൂടുതൽ പേരും ഊബർ തന്നെയാണ് ആശ്രയിക്കാൻ ശ്രമിക്കുന്നതും. അതിനിടയിൽ ഇത്തരം പ്രവർത്തികൾ ആവർത്തിച്ചാൽ ഇവിടെ സഞ്ചാരികൾ എത്താതെയാകും.

ഉദാഹരണം പറയുകയാണെങ്കിൽ സ്പെയ്നിലാണ് ഒരു സമയത്ത് വിനോദ സഞ്ചാരികളുടെ വലിയൊരു തള്ളിക്കയറ്റമുണ്ടായിരുന്നു. പ്രത്യേകിച്ചും ബ്രിട്ടനിൽ നിന്ന്. പല സ്ഥലങ്ങളിലും നാട്ടുകാർക്ക് പോലും സ്വരൈയമായി ജീവിക്കാൻ കഴിയാത്ത അവസ്ഥയായി. ഇതോടെ വിനോദ സഞ്ചാരികൾക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ഇതോടെ സ്പെയ്നിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും കുറഞ്ഞു. ഇതോടെ അവിടെ വലിയ പ്രതിസന്ധിയുണ്ടായി. ഇത്തരം സംഭവങ്ങൾ വിനോദ സഞ്ചാര മേഖലയ്ക്ക് തന്നെ പ്രതികൂലായി ബാധിക്കും. കേരളത്തിൽ ഇപ്പോൾ ടാക്സി ഡ്രൈവർമാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് ഗുണ്ടായിസമാണ്. തൊഴിൽ കണ്ടെത്തേണ്ടത് ഡ്രൈവർമാരുടെ ആവശ്യമാണ്.

ടാക്സി ഓടിക്കാൻ കഴിയില്ലെങ്കിൽ മറ്റൊരു ജോലി തേടണം. അല്ലാതെ ഇവിടെ ഊബർ പോലുള്ള സംവിധാനങ്ങൾ നടക്കില്ലെന്ന് വാശി പിടിക്കുന്നത് കൊണ്ട് ഒരു കാര്യവുമില്ല. ഇത് നമ്മുടെ വിനോദ സഞ്ചാര മേഖലയെ തന്നെ ബാധിക്കും. കൂലി കുറവ് കൊടുക്കുന്നിടത്താണ് രാജ്യം വളരുന്നത്. വ്യവസായം വളരുന്നത്. ജനങ്ങൾ ആഗ്രഹിക്കുന്നതും കുറഞ്ഞ കൂലിയാണ്. ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരെക്കാൾ കൂടുതൽ ഊബർ ഡ്രൈവർമാർ ഇപ്പോൾ ഉണ്ട്. കുറഞ്ഞ കൂലിക്ക് അവർക്ക് ലാഭം കണ്ടെത്താൻ സാധിക്കുന്നുണ്ടെങ്കിൽ പിന്നെ ആർക്കാണ് എതിർപ്പ്. ഊബർ ഡ്രൈവർമാരും മുതലാളിമാരല്ല. ഊബർ ഡ്രൈവർമാർക്ക് ജീവിക്കാനുള്ള വരുമാനം സമ്പാദിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർക്കും കഴിയണം.

കച്ചവടം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കണം. മാറ്റത്തിന് ഒപ്പം സഞ്ചാരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് ടാക്സി ഡ്രൈവർമാരെ തന്നെയാണ്. അവരും ഓണലൈൻ സർവീസുകൾ ആരംഭിക്കാൻ ശ്രമിക്കണം. മെച്ചെപ്പട്ട സർവീസുകൾ അവർക്കും നൽകാൻ കഴിയണം. ജനങ്ങൾക്കും ആവശ്യം അതാണ്. അല്ലാതെ ഗുണ്ടായിസം കൊണ്ട് ആർക്കും ഉപകാരമില്ല.

ബൈജു സ്വാമി എന്നൊരാളുടെ കുറിപ്പ് ഇങ്ങനെയാണ്:

ഒന്ന് ഫോൺ ചെയ്‌താൽ ടാക്‌സി ഓടിക്കുന്നവർ വന്ന് നിന്റെ കാർ അടിച്ചു പൊളിക്കും , വേഗം സ്ഥലം വിട്, യൂബറിന്റെ കൊച്ചി ഓഫീസ് അടപ്പിച്ചത് അറിയില്ലേ? എനിക്ക് 6 കാറുകൾ ഉണ്ട്, കോട്ടയത്ത് നിന്റെ യൂബർ ഒന്നും ഓടിക്കാൻ പറ്റില്ല..ഇത് പറഞ്ഞു കൊണ്ട് ഒരു യൂബർ ടാക്‌സിയെ ഒരു പരമ്പരാഗത ടാക്‌സിക്കാരൻ ഭീഷണിപ്പെടുത്തുന്ന റീൽ കാണുകയായിരുന്നു. ആദ്യം ഇവന്മാർ പറഞ്ഞിരുന്നത് " ഒരു ഓഫീസ് പോലുമില്ലാത്ത, കാർ പോലും ഇല്ലാത്ത ഒരു ബഹുരാഷ്ട്ര കുത്തകയാണ് യൂബർ എന്നായിരുന്നു. യൂബർ GST രെജിസ്ട്രേഷൻ ഇല്ലാതെ ഒരു സർവീസ് നടത്താൻ മാത്രം വിഡ്ഡികൾ ആകില്ലെന്ന് ഉറപ്പുള്ള ഞാൻ ഗൂഗിൾ ചെയ്തപ്പോൾ അവർക്ക് കൊച്ചിയിൽ പാലാരിവട്ടത്തും കൂടാതെ തിരുവനന്തപുരത്തും ഓഫീസുണ്ട്.

അത് കൂടാതെ യൂബറിന് വാഹനം വാങ്ങിയ ഡ്രൈവറുമായി ടാഗ് ചെയ്‌തുള്ള ഫിനാൻസ് അറഞ്ച്മെന്റും ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അപ്പോൾ ഗുണ്ടാ ടാക്‌സിക്കാരുടെ രണ്ട് വാദവും പൊളിയുന്നു. എനിക്ക് ഇപ്പോളും മനസിലാകാത്ത കാര്യം ഇക്കൂട്ടർ എന്തിനാണ് യൂബറിന്റെ മുതുകത്ത് കയറുന്നതെന്നാണ്. ഏതൊരു വ്യവസായത്തിലും ഉള്ളത് പോലെ ടെക്‌നോളജി വഴി കുറഞ്ഞ നിരക്കിൽ മെച്ചപ്പെട്ട സേവനം കൊടുത്ത് കൊണ്ട് മാർക്കറ്റ് ഷെയർ നേടിയ ഒരു സർവീസ് മാത്രമാണ് അത്. അവരുടെ ബിസിനസ് മോഡലിനോട് യോജിക്കാത്ത ഡ്രൈവർമാർക്ക് യൂബർ അല്ലാതെ ഓടാനുള്ള അവകാശമുണ്ട്.

പക്ഷെ ആ സേവനം വേണ്ടെന്ന് വെയ്ക്കാനുള്ള അവകാശം ഉപഭോക്താക്കൾക്കുമുണ്ട്. പഴയ സോഷ്യലിസ്റ്റ് യുഗമൊക്കെ പോയെന്നും ഇന്ത്യ ഒരു സെമി മുതലാളിത്ത വ്യവസ്ഥയിൽ എത്തിയെന്നും അറിയാത്ത യൂബർ വിരുദ്ധർ മുതലാളിത്തത്തിലെ ഗിഗ് എക്കണോമി എന്തെന്ന് മനസിലാക്കാൻ ശ്രമിക്കുക. എന്റെ അറിവിൽ യൂബർ, സൊമാറ്റോ, ബ്ലിങ്കിറ്റ്, സ്വിഗി എന്നീ ഗിഗുകളിൽ ഏറ്റവും കുറഞ്ഞത് രണ്ടോ മൂന്നോ ലക്ഷം മനുഷ്യർ ജോലി ചെയ്‌ത് അന്തസായി ജീവിക്കുന്നുണ്ട്. ഉബറിന്റെ കാര്യത്തിലേക്ക് തിരിച്ചു വന്നാൽ ആ സംവിധാനം ഇല്ലെങ്കിൽ പാതി രാത്രിയിൽ നഗരത്തിന്റെയോ ഗ്രാമത്തിന്റെയോ ഏതെങ്കിലും മൂലയിൽ ഭാര്യയെയും കുട്ടികളെയും കൊണ്ട് മഴയത്ത് പോസ്റ്റിൽ പിടിച്ചു നിൽക്കുന്ന ആളുടെ അവസ്ഥ ആലോചിച്ചു നോക്കൂ.

ഈ ഗുണ്ടാ ടാക്സിക്കാരൻ ചോദിക്കുന്ന ഭീകരമായ നിരക്ക് കൊടുക്കാമെന്ന് വെച്ചാൽ പോലും ഇവരെ എങ്ങനെ കണ്ടെത്തും. ഏതെങ്കിലും ജംക്ഷനിൽ ടാക്‌സി സ്റ്റാൻഡിൽ ചൈനാഭിമാനി വായിച്ച് വിപ്ലവ ചിന്തയും ദാസപ്പ ഭജനയുമായി നേരം കൊല്ലി ഇരിക്കുന്ന ഇവന്മാരെ റീച്ച് ചെയ്യാൻ ഒരു ഓപ്‌ഷൻ വേണ്ടേ? പിന്നെയല്ലേ റേറ്റ്, എവിടെ പോകണം എന്നതൊക്കെ സംബന്ധിച്ച ഗുസ്‌തിക്ക് കളമൊരുങ്ങൂ. യൂബർ ആണെങ്കിൽ ഒറ്റ ക്ലിക്കിൽ പല നിരക്കിൽ കസ്റ്റമർ റേറ്റിങ്, വിശ്വാസ്യത എല്ലാമുൾപ്പെടുന്ന കുറെ കാറുകളുടെയും ഓട്ടോ റിക്ഷകളുടെയും ലിസ്റ്റ് തരും. മുൻകൂട്ടി റേറ്റ് അറിയാവുന്നത് കൊണ്ടും നാം നിൽക്കുന്ന ലൊക്കേഷനിൽ നിന്നുള്ള പിക്കപ്പും നാം ആവശ്യപ്പെടുന്നയിടത്ത് ഡ്രോപ്പ്.

കൂടാതെ ചില്ലറ ഉണ്ടാക്കാൻ ഓടി നടക്കേണ്ട എന്നത് കൂടാതെ ഡ്രൈവർ, വാഹനം എന്നിവയുടെ വൃത്തിയും സൗകര്യവും സ്വഭാവവും അധികമായി പണം വാങ്ങിയാൽ റീഫണ്ട് ഉൾപ്പടെ എത്ര സൗകര്യമാണ് ഉപഭോക്താക്കൾക്ക് കൊടുക്കുന്നതെന്ന് ഗുണ്ടാ ടാക്സിക്കാർ പറയില്ല. എന്റെ വ്യക്തി പരമായ ഒട്ടോ നിരീക്ഷണത്തിൽ മനസിലായത് സ്ത്രീകളെ ആണ് ഓട്ടോക്കാർ ഏറ്റവും കൊള്ളയടി. 50 രൂപയുടെ ഓട്ടത്തിന് 100 രൂപ ഉറപ്പായും വാങ്ങുമെന്ന് മാത്രമല്ല ഡ്രോപ്പ് ചെയ്യുന്ന ലൊക്കേഷൻ മുൻകൂട്ടി പറഞ്ഞാലും അവിടെ വരെ കൊണ്ടുപോകുമെന്ന് ഉറപ്പില്ല. അലമ്പ് ഇഷ്ട്ടപ്പെടാത്ത, പാവങ്ങൾ ആയ സ്ത്രീകൾ ഇതെല്ലം സഹിക്കും.

കംപ്ലൈന്റ് ചെയ്യാനൊന്നുമാകില്ല, ഒരു പ്രയോജനവുമില്ല എന്നത് മനസിലാക്കാൻ ഇപ്പോൾ ലോകമെങ്ങുമുള്ള യൂബറിനെ ഭീഷണിപ്പെടുത്തുന്ന കാര്യം നോക്കിയാൽ പോരേ? മറ്റൊരു ഡയലോഗ് ഉണ്ട്. "ഞങ്ങൾക്കും ജീവിക്കണ്ടേ? ഞങ്ങളുടെ നഷ്ടവും കഷ്ടപ്പാടും കാണുന്നില്ലേ?" ലളിതമായി പറഞ്ഞാൽ ഇതൊക്കെ എങ്ങനെയാണ് എന്തെങ്കിലും തൊഴിൽ ചെയ്‌തു ജീവിക്കുന്ന പൊതുജനത്തിന്റെ, നാട്ടുകാരുടെ ചുമതലയാകുന്നത്? വല്ലവരുടെയും തൊഴിൽ സംരക്ഷണം പോലെയുള്ള വൻ കാര്യങ്ങൾ ജീവിക്കാനുള്ള നെട്ടോട്ടത്തിൽ പൊതുജനങ്ങളുടെ പ്രയോറിറ്റി അല്ല എന്ന് ടാക്‌സി ഗുണ്ടകലും അവരുടെ ഊണിയൻ മൂട്ടകളും മനസിലാക്കുക.

കടത്തു കാരന്റെ പണി സംരക്ഷിക്കാൻ പാലം വേണ്ട എന്ന നിലപാട് ഇനി ചിലവാകില്ല ഊണിയൻ മൂട്ടകളേ.. ഖേരളത്തിൽ മാത്രം ഇപ്പോൾ കാണുന്ന ഒരു പരിപാടിയുണ്ട്. പരമ്പരാഗത കമ്മ്യുണിസ്റ് വീക്ഷണത്തിൽ മെച്ചപ്പെട്ട സേവനമോ ഉത്പന്നമോ വിറ്റ് പണമുണ്ടാക്കുന്നത് എല്ലാം മാഫിയകൾ ആണ്, ചൂഷകരാണ്. യഥാർത്ഥ ചൂഷകരാണ് ഇതൊക്കെ ചെയ്യുന്നതെന്ന് സാധാരണ ജനങ്ങൾക്ക് പിടികിട്ടിയതാണ് യൂബർ, സൊമാറ്റോ എന്നിവയുടെ സ്വീകാര്യതയുടെ അടിസ്ഥാനം.

ഇതിലൊരു ചോദ്യം വളരെ പ്രസക്തമാണ് കടത്തു കാരന്റെ പണി സംരക്ഷിക്കാൻ പാലം വേണ്ട എന്ന നിലപാട് എടുക്കാൻ കഴിയില്ല. ഇത് പരമ്പരാഗത ടാക്സിക്കാർ മനസ്സിലാക്കേണ്ടത് അതാവശ്യമാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മുംബൈയിൽ നിന്നും കേരളത്തിലെത്തിയ ഒരു വനിതാ വിനോദ സഞ്ചാരിക്ക് ടൂറിസ്റ്റ് ഡ്രൈവർമാരിൽ നിന്നും മോശമായ അനുഭവം ഉണ്ടായിരുന്നു. ഊബറിനെ ഡ്രൈവർമാർ തടഞ്ഞതോടെ യുവതിയുടെ യാത്ര വൈകിയ അവസ്ഥയുണ്ടായി. ഈ സംഭവത്തിന് പിന്നാലെ ടൂറിസ്റ്റ് ഡ്രൈവർമാർക്ക് നേരെ വലിയ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. മറുനാടൻ ആ വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസ് അടക്കം ഇടപ്പെട്ടു. എന്നാൽ ആ സംഭവം കഴിഞ്ഞ് ദിവസങ്ങൾ കഴിയും മുൻപെയാണ് ഒരു ടൂറിസ്റ്റ് ഡ്രൈവറുടെ ഗുണ്ടായിസം പുറത്ത് വന്നിരിക്കുന്നത്.