കീവ്: യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച തെറ്റിപ്പിരിഞ്ഞതോടെ അമേരിക്കയുമായുള്ള യൂറോപ്പിന്റെ ബന്ധം മെച്ചപ്പെടുത്താന്‍ മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ സംഭവത്തിനോട് പ്രതികരിക്കാതെയിരിക്കുമ്പോള്‍, യൂറോപ്പ് കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാവണമെന്നാണ് സ്റ്റാര്‍മര്‍ ഇന്നലെ പറഞ്ഞത്. ലോകം ഒരു പ്രതിസന്ധിഘട്ടത്തില്‍ എത്തി നില്‍ക്കുകയാണെന്ന് സൂചിപ്പിച്ച സ്റ്റാര്‍മര്‍, അമേരിക്കക്കു കൂടി സമ്മതമാകുന്ന തരത്തിലുള്ള ഒരു നീക്കം രൂപപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇന്നലെ ലണ്ടനില്‍ നടന്ന ഉച്ചകോടിക്ക് ശേഷമായിരുന്നു സര്‍ കീര്‍ സ്റ്റാര്‍മറുടെ പ്രസ്താവന പുറത്തു വന്നത്.

അമേരിക്കയ്ക്കും യൂറോപ്പിനും ഇടയിലുള്ള കണ്ണി എന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്റ്റാര്‍മര്‍ പറഞ്ഞത് ഇപ്പോഴും അമേരിക്ക വിശ്വസിക്കാവുന്ന ഒരു സഖ്യകക്ഷിതന്നെയാണെന്ന് കരുതുന്നു എന്നാണ്. സ്ഥിരതയാര്‍ന്ന സമാധാനം ആവശ്യമാണ് എന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡണ്ടുമായി യോജിക്കുന്നു എന്ന് പറഞ്ഞ സ്റ്റാര്‍മര്‍ ഇപ്പോള്‍ എല്ലവരും ഒരുമിച്ച് അത് യാഥാര്‍ത്ഥ്യമാക്കണം എന്നും പറഞ്ഞു. ഇതുസംബന്ധിച്ച ഏതൊരു നടപടിക്കും അമേരിക്കയുടെ ശക്തമായ പിന്തുണ ഉണ്ടാകണമെന്ന് പറഞ്ഞ സ്റ്റാര്‍മര്‍, ഓരോ രാജ്യവും തങ്ങള്‍ക്ക് കഴിയാവുന്ന രീതിയില്‍ ഇതിനായി പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച രാത്രിയില്‍ ഓവല്‍ ഹൗസില്‍ ഉണ്ടായ, അസ്വാരസ്യങ്ങളുടെ വെളിച്ചത്തില്‍ മണിക്കൂറുകളോളമായിരുന്നു യൂറോപ്യന്‍ നേതാക്കള്‍, അതിനൊരു പ്രതിവിധി കണ്ടെത്തുന്നതിനായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടത്. ലങ്കാസ്റ്റര്‍ ഹൗസിന്റെ പടവുകളില്‍ വെച്ചു തന്നെ സെലന്‍സ്‌കിയെ ആലിംഗനത്തോടെ സ്വീകരിച്ച സ്റ്റാര്‍മര്‍, തങ്ങള്‍ എല്ലാവരെഉം സെലന്‍സ്‌കിക്കൊപ്പമുണ്ടാകുമെന്നും പറഞ്ഞു. ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന നീക്കങ്ങള്‍ക്കായി തയ്യാറെടുക്കണമെന്ന് സ്റ്റാര്‍മര്‍ മറ്റ് യൂറോപ്യന്‍ രാഷ്ട്ര തലവന്മാരോടും ആവശ്യപ്പെട്ടു.

റഷ്യയുമായി സമാധാന കരാറിലെത്തുവാനുള്ള മുന്‍കൈ എടുക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും മുന്‍കൈ എടുക്കാന്‍ തയ്യാറായ യോഗത്തില്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോണി എന്നിവരും പങ്കെടുത്തിരുന്നു. ആവശ്യമെങ്കില്‍ സൈനിക സഹായം നല്‍കാനും ബ്രിട്ടനും ഫ്രാന്‍സും സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍, സമാധാനം നിലവില്‍ വരുന്നതിന് പ്രായോഗിക തടസ്സങ്ങള്‍ ഏറെയാണ്. ഒന്നാമത്, യുക്രെയിനുമായി ഒരു സമാധാന ചര്‍ച്ചക്ക് റഷ്യ ഇനിയും തയ്യാറായിട്ടില്ല. രണ്ടാമതായി, റഷ്യ പിടിച്ചടക്കിയ പ്രദേശങ്ങള്‍ റഷ്യയ്ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു സമാധാന ശ്രമത്തെ ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും എതിര്‍ക്കുകയുമാണ്.

ട്രംപും, സെലന്‍സ്‌കിയും തമ്മില്‍ ക്യാമറയ്ക്ക് മുന്നില്‍ നടത്തിയ വാക്‌പോരിന് മുന്‍പേ തന്നെ സംഘടിപ്പിച്ചതായിരുന്നു കഴിഞ്ഞ ദിവസം നടന്ന ഉന്നതതലയോഗം. ബ്രിട്ടനിലെത്തിയ സെലെന്‍സ്‌കി ചാള്‍സ് മൂന്നാമന്‍ രാജാവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു ഹെലികോപ്ടറില്‍ സാന്‍ഡ്രിംഗ്ഹാമില്‍ എത്തിയായിരുന്നു സെലെന്‍സ്‌കി രാജാവിനെ സന്ദര്‍ശിച്ചത്. എസ്റ്റേറ്റിനു ചുറ്റും കൂടിയ പ്രദേശവാസികള്‍, യുക്രെയിന്‍ പതാക ഉയര്‍ത്തിയാണ് സെല്‍ന്‍സ്‌കിയെ സ്വാഗതം ചെയ്തത്. ഏകദേശം ഒരു മണിക്കൂറോളം രാജാവുമൊത്ത് ചെലവഴിച്ചാണ് സെലെന്‍സ്‌കി മടങ്ങിയത്.

ലണ്ടനില്‍ നടന്ന ഉച്ചകോടി യുക്രെയിന്റെയും യൂറോപ്പിന്റെയും ഭാവിയെ സംബന്ധിക്കുന്നതാണെന്ന് യോഗത്തിനു ശേഷം സെലെന്‍സ്‌കി എക്സില്‍ കുറിച്ചു. യുക്രെയിന് കൂടുതല്‍ പിന്തുണ ലഭിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. അടുത്തു തന്നെ കൂടുതല്‍ യോഗങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, യൂറോപ്പില്‍ സമാധാനം പുലരണം എന്നു തന്നെയാണ് ബ്രിട്ടന്‍ ആഗ്രഹിക്കുന്നതെന്ന് കീര്‍ സ്റ്റാര്‍മറും വ്യക്തമാക്കി. റഷ്യയുമായി ഒരു യുദ്ധത്തിന് സാധ്യതയുണ്ടോ എന്ന, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.

റഷ്യന്‍ - യുക്രെയിന്‍ യുദ്ധം യൂറോപ്പിനെ മൊത്തത്തില്‍ ബാധിക്കുന്നു എന്ന് പറഞ്ഞ സ്റ്റാര്‍മര്‍, അതുവഴി ഊര്‍ജ്ജ ബില്‍ വര്‍ദ്ധിച്ചതിനാഒ ബ്രിട്ടനിലെ തൊഴിലാളി വര്‍ഗ്ഗവും ഏറെ ക്ലേശിക്കുകയാണെന്നും ചൂണ്ടിക്കാണിച്ചു. മാത്രമല്ല, ബ്രിട്ടന്‍ ഉള്‍പ്പടെ പലരാജ്യങ്ങളിലും സാമ്പത്തിക അസ്ഥിതര അനുഭവപ്പെടുകയും ചെയ്തു. ബ്രിട്ടന്റെ സുരക്ഷയും യൂറോപ്പിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നും സ്റ്റാര്‍മര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ യൂറോപ്പില്‍ സമാധാനം പുലരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയിന് പ്രതിരോധം തീര്‍ക്കുവാനും, സുരക്ഷ ഉറപ്പാക്കുവാനും കൂടുതല്‍ സഹായങ്ങള്‍ ആവശ്യമാണെന്ന് ലങ്കാസ്റ്റര്‍ ഹൗസിന് പുറത്ത് മാധ്യമങ്ങളുമായി സംസാരിക്കവെ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡണ്ട് ഉറുസ്വല വോണ്‍ ഡെര്‍ ലെയെന്‍ പറഞ്ഞു. യൂറോപ്പിനെ സായുധമാക്കാനുള്ള പുതിയ സമഗ്മായ പദ്ധതി വരുന്ന വ്യാഴാഴ്ച പുറത്ത് വിടുമെന്നും അവര്‍ പറഞ്ഞു. വളരെ പ്രധാനപ്പെട്ട ഒരു യോഗമായിരുന്നെന്നും, ഒരു ഏകോപനത്തിനായി പരസ്പരം കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ് എന്നുമായിരുന്നു ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോണി പ്രതികരിച്ചത്.

യുദ്ധം അവസാനിക്കുമ്പോള്‍ യുക്രെയിന് അതിശക്തമായ ഒരു സൈന്യം വേണമെന്നും അങ്ങനെ വന്നാല്‍, ഭാവിയിലെ അധിനിവേശങ്ങളില്‍ നിന്നും യുക്രെയിന് സ്വയം സംരക്ഷിക്കാനാവുമെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. യൂറോപ്യന്‍ സഖ്യകക്ഷികള്‍ പ്രതിരോധത്തിനായുള്ള ചെലവ് വര്‍ദ്ധിപ്പിക്കാനും സമ്മതിച്ചിട്ടുണ്ട്. അമേരിക്ക നല്‍കിയ സൈനിക ഉറപ്പുകളില്‍ നിന്നും പ്ന്വലിയുന്ന സാഹചര്യം ഉണ്ടായാല്‍ അതിനെ നേരിടുന്നതിനായിട്ടാണിത്.

ഓവല്‍ ഹൗസില്‍ സംഭവിച്ച അനിഷ്ടകരമായ സംഭവങ്ങള്‍ക്ക് യുക്രെയിന്‍ പ്രസിഡണ്ട് സെലെന്‍സ്‌കി പരസ്യമായി മാപ്പ് പറയണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. അതില്ലാത്ത പക്ഷം യുക്രെയിനുള്ള മുഴുവന്‍ സൈനിക സഹായവും പിന്‍വലിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, നാറ്റോ സഖ്യത്തെ തള്ളിപ്പറഞ്ഞ റഷ്യ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്, അമേരിക്കയുടെ പുതിയ നയം തങ്ങളുടേതുമായി ഒത്തു പോകുന്നതാണ് എന്നാണ്.

അതിനിടയില്‍ യു കെയില്‍ നടത്താനിരിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശനം റദ്ദാക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്. എന്നാല്‍, അതിന് തയ്യാറല്ല എന്ന് കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അത് രാജാവ് തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് സ്റ്റാര്‍മര്‍ നല്‍കിയത്.