പന്തളം: 20 വര്‍ഷത്തിലേറെ കാലം, മലയാളികള്‍ക്ക്, ചിരിയുടെ പൂമാലകള്‍ സമ്മാനിച്ച് പെട്ടെന്നൊരുനാള്‍ നിശ്ശബ്ദനായിരിക്കുകയാണ് ഉല്ലാസ് പന്തളം എന്ന അതുല്യ കലാകാരന്‍. ഇന്ന് അദ്ദേഹം ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു പോരാട്ടത്തിലാണ്. ടെലിവിഷന്‍ സ്‌ക്രീനുകളിലും സ്റ്റേജുകളിലും കൗണ്ടര്‍ തമാശകളാല്‍ ആവേശം തീര്‍ത്തിരുന്ന ആ ശബ്ദം ഇന്ന് പന്തളം നഗരസഭയ്ക്ക് സമീപമുള്ള തന്റെ ഹോട്ടലിലെ കൗണ്ടറില്‍ ഒതുങ്ങിയിരിക്കുകയാണ്. ഏകദേശം എട്ടുമാസം മുന്‍പ് അപ്രതീക്ഷിതമായി ഉണ്ടായ പക്ഷാഘാതം (Stroke) ഉല്ലാസിന്റെ ശരീരത്തിന്റെ ഇടതുഭാഗത്തെ തളര്‍ത്തി. സുവര്‍ണ്ണകാലത്ത് കൂടെയുണ്ടായിരുന്ന പലരും രോഗകാലത്ത് കൈവിട്ടപ്പോള്‍, പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുകയാണ് ഈ കലാകാരന്‍.

തുണയായ 'മുന്തിരിപ്പന്തല്‍'

കരിയറിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ഉല്ലാസ് 'മുന്തിരിപ്പന്തല്‍' എന്ന പേരില്‍ ഒരു ഭക്ഷണശാല ആരംഭിച്ചത്. പുതിയ തലമുറയുടെ കടന്നുവരവും അവസരങ്ങള്‍ കുറയുന്നതും മുന്‍കൂട്ടി കണ്ട് അദ്ദേഹം തുടങ്ങിയ ഈ സംരംഭമാണ് ഇന്ന് അദ്ദേഹത്തിന്റെ ഏക താങ്ങും തണലും.

പക്ഷാഘാതമെന്ന വില്ലന്‍ ശരീരത്തിന്റെ ഒരു ഭാഗത്തെ തളര്‍ത്തിയപ്പോള്‍, ഉല്ലാസ് പന്തളം എന്ന കലാകാരന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍ ആര്‍ക്കുമായില്ല. സ്റ്റിക്ക് കുത്തിപ്പിടിച്ച് വേദികളില്‍ നിന്ന് വേദികളിലേക്ക് ഓടിയിരുന്ന ഉല്ലാസ്, ഇന്ന് സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാന്‍ പന്തളത്തെ 'മുന്തിരിപ്പന്തല്‍' എന്ന തന്റെ ഹോട്ടലിലുണ്ട്.


'നല്ല സമയത്ത് കരുതിവെച്ചത് മോശം കാലത്ത് തുണയായി. സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്നതിനേക്കാള്‍ ടെന്‍ഷനാണ് ഹോട്ടല്‍ നടത്തുമ്പോള്‍. പക്ഷേ, ഇതാണ് ഇപ്പോള്‍ എന്റെ ജീവിതം'-ഉല്ലാസ് പന്തളം പറഞ്ഞു.

ഹോട്ടല്‍ മേഖലയിലെ സമ്മര്‍ദ്ദവും അനിശ്ചിതത്വങ്ങളുമാണ് തന്റെ അസുഖത്തിന് പ്രധാന കാരണമായതെന്ന് ഉല്ലാസ് വിശ്വസിക്കുന്നുണ്ടെങ്കിലും, ശാരീരിക പരിമിതികളെ മറികടന്ന് കൗണ്ടറിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അദ്ദേഹം കാണിക്കുന്ന ആര്‍ജ്ജവം ഏവര്‍ക്കും പ്രചോദനമാണ്.

പന്തളത്തിന്റെ പ്രിയപ്പെട്ട ഉല്ലാസ്; ഭക്ഷണത്തിലും രുചിമേളം

മിമിക്രി വേദികളിലൂടെ തുടങ്ങി 'കോമഡി സ്റ്റാര്‍സ്' എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി വീടുകളിലെ അംഗമായി മാറിയ ഉല്ലാസിനെ കാണാന്‍ ഇന്നും നിരവധി പേര്‍ മുന്തിരിപ്പന്തലില്‍ എത്താറുണ്ട്. ഉല്ലാസിന്റെ തമാശകള്‍ പോലെ തന്നെ അദ്ദേഹം വിളമ്പുന്ന ഭക്ഷണവും മികച്ചതാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. സാധാരണക്കാര്‍ മുതല്‍ ഉദ്യോഗസ്ഥര്‍ വരെ എത്തുന്ന ഈ ഹോട്ടല്‍ ഒരു കലാകാരന്റെ അധ്വാനത്തിന്റെ പ്രതീകമായി ഇന്ന് പന്തളത്ത് തലയുയര്‍ത്തി നില്‍ക്കുന്നു.

ഒടുവില്‍ ലോകമറിഞ്ഞത് ലക്ഷ്മിയിലൂടെ

തന്റെ അസുഖവിവരം ആരോടും പറയാതെ ഉല്ലാസ് ഉള്ളിലൊതുക്കിയിരുന്നു. ഒടുവില്‍ അവതാരക ലക്ഷ്മി നക്ഷത്രയാണ് ഈ വിവരം ലോകത്തെ അറിയിക്കുന്നത്. സ്റ്റിക്ക് ഉപയോഗിച്ച് പരസഹായത്തോടെ വേദിയിലെത്തിയ ഉല്ലാസിനെ കണ്ട് മലയാളികള്‍ അമ്പരന്നു. അവിടുന്നങ്ങോട്ട് മിമിക്രി അസോസിയേഷനും, രമേഷ് പിഷാരടി, ബിനു അടിമാലി തുടങ്ങിയ സഹപ്രവര്‍ത്തകരും ഉല്ലാസിനെ നെഞ്ചോട് ചേര്‍ത്തു. പ്രത്യേകിച്ച് രമേഷ് പിഷാരടിയുടെ പിന്തുണ വലിയ കരുത്തായെന്ന് ഉല്ലാസ് നന്ദിയോടെ സ്മരിക്കുന്നു. പ്രേമപനി എന്ന ഷോര്‍ട്ട് ഫിലിമിലൂടെ അഭിനയത്തിലേക്ക് തിരിച്ച് വരാന്‍ തയ്യാറെടുക്കുകയാണ് ഉല്ലാസ്.

'എന്റെ സഹപ്രവര്‍ത്തകരായിട്ടുള്ള സുഹൃത്തുക്കള്‍, മലയാളി പ്രേക്ഷകര്‍, പ്രവാസികളായ എന്റെ ചങ്ക് സുഹൃത്തുക്കള്‍ അവര്‍ എല്ലാവരും എന്റെ കൂടെ നിന്നു. എന്നെ ചേര്‍ത്ത് പിടിച്ചു. എന്റെ വയ്യായ്മയില്‍ ഇവരെല്ലാം എനിക്കൊപ്പം നിന്നു എന്നതില്‍ സന്തോഷമാണ്. അതുപോലെ തന്നെ മിമിക്രി അസോസിയേഷന്‍ ഭയങ്കര സപ്പോര്‍ട്ടായിരുന്നു. എന്റെ രോഗാവസ്ഥ ലക്ഷ്മി നക്ഷത്രയാണ് ആദ്യം അറിയുന്നത്. പിന്നീട് അവളിലൂടെയാണ് ആളുകളും മനസിലാക്കിയത്.

അതുവരെ ആര്‍ക്കും അറിയില്ലായിരുന്നു. ആരോഗ്യസ്ഥിതിയെ കുറിച്ച് പറയുകയാണെങ്കില്‍ സ്ലോ റിക്കവറിയാണെന്ന് പറയേണ്ടി വരും. എന്നാലും എനിക്ക് പ്രതീക്ഷയുണ്ട്. ഒരു വര്‍ഷം കൂടി കാത്തിരിക്കണം. അടുത്ത സീസണ്‍ ആകുമ്പേഴേക്കും സ്റ്റേജില്‍ കയറാന്‍ പറ്റും. അതിനുള്ള ശ്രമത്തിലാണ്. ബിനു അടിമാലി, നെല്‍സണ്‍, നോബി തുടങ്ങിയവര്‍ വിളിക്കാറുണ്ട്. അസീസൊക്കെ വീട്ടില്‍ വന്നിരുന്നു. ഏറ്റവും കൂടുതല്‍ ഹെല്‍പ്പ് ചെയ്ത് കൂടെ നിന്നൊരാള്‍ രമേഷ് പിഷാരടിയായിരുന്നു. എന്നെ ചേര്‍ത്ത് പിടിച്ചതിന് പിഷാരടിയോട് നന്ദിയുണ്ട്. ഇപ്പോഴും ഭയങ്കര സപ്പോര്‍ട്ടാണ്. എല്ലാവരും ഞങ്ങളുടെ ഷോര്‍ട്ട് ഫിലിം കണ്ട് വിജയിപ്പിക്കണം', ഉല്ലാസ് പറഞ്ഞു.

ശിക്കാരി ശംഭു, കുട്ടനാടന്‍ മാര്‍പ്പാപ്പ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ സിനിമകളിലും ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്.

കലാകാരന്മാരുടെ ജീവിതം: ഒരോര്‍മ്മപ്പെടുത്തല്‍

ഉല്ലാസ് പന്തളത്തിന്റെ നിലവിലെ അവസ്ഥ കേരളത്തിലെ ഓരോ കലാകാരനും ഒരു വലിയ പാഠമാണ്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും നാളെയെക്കുറിച്ച് ഒരു മുന്‍കരുതല്‍ വേണമെന്ന ഉല്ലാസിന്റെ വാക്കുകള്‍ അന്വര്‍ത്ഥമാകുന്നു. കൂടെയുണ്ടാകുമെന്ന് കരുതിയവര്‍ രോഗക്കിടക്കയില്‍ ഉപേക്ഷിച്ചു പോകുമ്പോഴും, സ്വന്തം അധ്വാനത്തില്‍ കെട്ടിപ്പടുത്ത സംരംഭം അദ്ദേഹത്തിന് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കരുത്തേകുന്നു.