കോഴിക്കോട്: വിവാദ പരാമര്‍ശങ്ങളില്‍ മലക്കം മറിഞ്ഞു കീഴടങ്ങലുമായി ഉമര്‍ഫൈസി മുക്കം. പാണക്കാട് കുടുംബത്തെ അപമാനിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഉമര്‍ ഫൈസി രംഗത്തുവന്നത്. ദീന്‍ എന്നാല്‍ സമസ്തയാണെന്നും അതിനാണ് ഒന്നാം സ്ഥാനമെന്നും ഉമര്‍ ഫൈസി മുക്കം. ബാക്കിയെല്ലാം രണ്ടാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. ആദര്‍ശം അമാനത്താണ് എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചകന്റെ പിന്തുടര്‍ച്ചക്കാരായ തങ്ങള്‍ കുടുംബത്തെ ബഹുമാനിക്കണം എന്ന് പഠിപ്പിക്കുന്നത് സമസ്തയാണ്. സമസ്തക്ക് തങ്ങള്‍ കുടുംബത്തെ ആക്ഷേപിക്കാന്‍ കഴിയില്ല. എടവണ്ണപ്പാറയിലെ പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞത് ഒരു മതവിധിയാണ്. ചാനലുകാരും മറ്റ് ചിലരും വളച്ചൊടിക്കുകയായിരുന്നു -ഉമര്‍ ഫൈസി പറഞ്ഞു.

ഖാദി ഫൗണ്ടേഷന്‍ സംസ്ഥാന അടിസ്ഥാനത്തില്‍ ഉണ്ടാക്കേണ്ട എന്നാണ് ഞാന്‍ പറഞ്ഞത്. അത് തന്നെയാണ് സാദിഖലി തങ്ങളും പറഞ്ഞത്. സാദിഖലി തങ്ങള്‍ ഖാദിയായ സ്ഥലത്ത് ഫൗണ്ടേഷന്‍ രൂപവത്കരിക്കാം. അത് സംസ്ഥാന അടിസ്ഥാനത്തില്‍ രൂപീകരിക്കുന്നതിന് പിന്നില്‍ ചില താല്പര്യക്കാരാണെന്നും സാദിഖലി തങ്ങള്‍ പോലും അറിയാതെയാണ് ഈ പ്രവര്‍ത്തനം -അദ്ദേഹം പറഞ്ഞു.

അതേസമയം പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സമസ്ത സെക്രട്ടറി മുക്കം ഉമര്‍ ഫൈസിക്കെതിരെ നടപടിയുമായി സമസ്ത നേരത്തെ രംഗത്തുവന്നിരുന്നു. അധിക്ഷേപ പരാമര്‍ശത്തില്‍ ഒരാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ ഉമര്‍ ഫൈസിയോട് സമസ്ത ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്‍രെ കൂടി പശ്ചാത്തലത്തിലാണ് ഫൈസിയുടെ മലക്കംമറിച്ചില്‍.

ഉമര്‍ ഫൈസിക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ലീഗ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് സമസ്തയുടെ നടപടി. ഉമര്‍ ഫൈസിയുടെ പ്രസ്താവനക്ക് തങ്ങളുമായി ബന്ധമില്ലെന്ന സമസ്ത മുശാവറയുടെ പേരിലുള്ള ഒഴുക്കന്‍ മറുപടിയില്‍ വിഷയം തീരില്ലെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഇതുസംബന്ധിച്ച് മുശാവറ ചേരാനോ നടപടി സ്വീകരിക്കാനോ സമസ്ത നേതൃത്വം തയാറായില്ലെന്ന് മാത്രമല്ല, സമസ്തയുടെ ശക്തി എല്ലാവരും അറിയുമെന്ന മുന്നറിയിപ്പ് സ്വരമാണ് പ്രസിഡന്റ് ജിഫ്‌രി തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇത് ലീഗ് നേതൃത്വത്തെ പ്രകോപിപ്പിക്കുന്നതായിരുന്നു. പിന്നീട് ലീഗ് നേതാക്കളായ പി.എം.എ. സലാമും കെ.എം. ഷാജിയും യൂത്ത് ലീഗ് ജന. സെക്രട്ടറി പി.കെ. ഫിറോസും സമസ്ത നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തി.

പാണക്കാട് സാദിഖലി തങ്ങള്‍ക്ക് ഖാദിയാവാന്‍ യോഗ്യതയില്ലെന്നായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ അധിക്ഷേപ പരാമര്‍ശം. ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാതെയാണ് അദ്ദേഹം ഖാദിയായത്. ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും നിയമങ്ങള്‍ കണ്ടുപിടിക്കാന്‍ പറ്റിയവരാവണം ഖാദിമാര്‍. ഖിതാബ് ഓതുകയും വേണം. ഇതൊക്കെ ഉണ്ട് എന്ന് അവരും അവകാശപ്പെടുന്നില്ല. വിവരമില്ലാത്ത എന്നെ ഖാദിയാക്കിക്കോളി എന്നാണ് പറയുന്നത്. അങ്ങനെ ഖാദിയാക്കിക്കൊടുക്കാന്‍ കുറെയാളുകള്‍. നമ്മുടെ കൂട്ടത്തിലുള്ള കുറെ ആളുകളും അതിന് കൂട്ടു നില്‍ക്കുന്നു. കുറെയാളുകള്‍ ചേര്‍ന്ന് ഖാദിയെ തീരുമാനിക്കുകയാണ്.

ഇതിനൊക്കെ ഒരു നിയമമില്ലേ അതിരുവിടുകയാണ്. സമസ്ത സി.ഐ.സി വിഷയത്തില്‍ ഒരു കാര്യം പറഞ്ഞു. അത് കേള്‍ക്കാന്‍ തയാറായില്ല. സമസ്ത പറഞ്ഞാല്‍ കേള്‍ക്കണ്ടേ. പണ്ടൊക്കെ അങ്ങനെയായിരുന്നോ മഹല്ലുകളില്‍ സമസ്തയെ വെല്ലുവിളിക്കുകയാണ്. സമസ്തയെ വെല്ലുവിളിച്ച് വേറെ പാര്‍ട്ടിയുണ്ടാക്കുകയാണ്. ഖാദി ഫൗണ്ടേഷന്‍ എന്തിനാണ് ഇതിന്റെ അര്‍ഥമെന്താണ്

അത്തരം പ്രശ്‌നങ്ങള്‍ക്ക് അടുത്ത ദിവസം പരിഹാരമുണ്ടാക്കണം. അല്ലെങ്കില്‍ ചിലതൊക്കെ തുറന്നുപറയും. നമ്മുടെ കൈയില്‍ ആയുധങ്ങള്‍ ഉണ്ട്. അത് ഉപയോഗിക്കും എന്ന ഭയം നിങ്ങള്‍ക്ക് നല്ലതാണ്. കരുതിയിരുന്നോണം. ഇതെല്ലാം ഉള്ളതാണ്. ഉള്ളതുമായി സഹകരിച്ച് പോകുന്നത് രാഷ്ട്രീയപാര്‍ട്ടിക്കാര്‍ക്കും നല്ലതാണ് -എടവണ്ണപ്പാറയില്‍ നടന്ന ഗ്രാന്‍ഡ് മൗലിദ് കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴായിരുന്നു ഉമര്‍ഫൈസി മുക്കത്തിന്റെ വിവാദ പ്രസംഗം.