തിരുവനന്തപുരം: കേരളാ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ ഫലം ഭരണാനുകൂല സംഘടനക്ക് വേണ്ടി അട്ടിമറിച്ചത് നിയമ പോരാട്ടമാകും. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ വോട്ടുകള്‍ എണ്ണാതെ മാറ്റിവെച്ച് ഭരണാനുകൂല വിഭാഗങ്ങളുടെ വോട്ടുകള്‍ മാത്രം എണ്ണിയെന്നാണ് ആരോപണം. ഗുണ്ടായിസവും വ്യാജ വോട്ടര്‍മാരെയും അടക്കം കളത്തില്‍ ഇറക്കിയുള്ള അട്ടിമറി ശ്രമമാണ് നടക്കുന്നതെന്നാണ് ആക്ഷേപം. എട്ട് സീറ്റുകളില്‍ മത്സരിച്ച യുഎന്‍എക്ക് എല്ലാ സീറ്റുകളും നഷ്ടമായി. യുഎന്‍എയുടെ പോള്‍ ചെയ്ത 80 % വോട്ടുകളും എണ്ണാതെയുള്ള ഫലപ്രഖ്യാപനമാണ് നടന്നതെന്നും റിസള്‍ട്ട് പ്രഖ്യാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ജാസ്മിന്‍ ഷാ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ വോട്ടെണ്ണല്‍ ബുദ്ധിപരമായി ശനിയാഴ്ച രാത്രിയിലേക്ക് മാറ്റിയതും ബഹു.കോടതികളുടെ ഇടപെടല്‍ റിസള്‍ട്ട് പ്രഖ്യാപനത്തില്‍ ഉണ്ടാകില്ല എന്നത് ഉറപ്പാക്കാനായിരുന്നുവെന്ന് യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ പറയുന്നു. ശനിയും, ഞായറും കോടതി അവധി ദിനങ്ങളാണ്. വോട്ടെണ്ണിയ നിരവധി കൗണ്ടറില്‍ ഒരൊറ്റ വോട്ട് പോലും എതിരാളികള്‍ക്ക് കിട്ടിയില്ലെന്നും ജാസ്മിന്‍ ഷാ വിശദീകരിച്ചു.

അട്ടിമറി വിശദീകരിച്ച് ജാസ്മിന്‍ ഷാ ഇട്ട പോസ്റ്റ് ഇങ്ങനെ

ഒരു ഇലക്ഷന്‍ അവലോകനം...

2019 ല്‍ നടന്ന ഇലക്ഷനില്‍ യുഎന്‍എ ആകെ നേടിയ വോട്ട് 25000 ത്തോളമാണ്. അന്ന് യുഎന്‍എക്കെതിരെ ഇന്ന് 3 ആയി മത്സരിച്ച എല്ലാവരും കൂടി ഒറ്റക്കെട്ടായി നിന്നപ്പോഴും നേടിയത് 18000 ത്തോളം വോട്ട്.

ഇനി 2025 ലേക്ക് നോക്കാം....

യുഎന്‍എക്ക് ആകെ ലഭിച്ചത് 18899 വോട്ട്, വിജയിച്ച കെ.ജി.എന്‍.എക്ക് 30792, കെ.ജി.എന്‍.യുവിന് 8000, ഐ.എന്‍.എ 2500, ടി.എന്‍.എ.ഐ 2846 .

ആകെ പോള്‍ ചെയ്ത വോട്ട് 121500, വ്യാജ വോട്ടാണ് എന്ന പറഞ്ഞ് മാറ്റിവെച്ചത് 42000 ത്തോളം വോട്ടുകള്‍.

യുഎന്‍എയുടെ കണക്ക് പ്രകാരം 70000-80000 വോട്ടുകള്‍ വരെ 75000 ഉറപ്പായും ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ വ്യാജമാണെന്ന് പറഞ്ഞ് മാറ്റി വെച്ച 42000 വോട്ട് (ഇതില്‍ എല്ലാ മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുണ്ട്) ഉള്‍പ്പെടുത്തിയാലും ഞങ്ങളുടെ വോട്ടുകള്‍ എവിടെപ്പോയി?

ജൂലൈ 4 ന് രാവിലെ 10 മണിക്ക് ഇലക്ഷന്‍ തുടങ്ങും മുമ്പേ തലേ ദിവസം രാത്രി യുഎന്‍എ നേതാക്കള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം നടക്കുന്നു (FIR No.884/2025). രാവിലെ 10ന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ വോട്ടുകള്‍ സൂക്ഷിച്ച സ്റ്റോറൂമിന്റെ കീ കാണുന്നില്ല. 2 മണിക്കൂറിന് ശേഷം ലഭിക്കുന്നു. വോട്ടുകള്‍ കൗണ്ടിംഗ് സ്റ്റേഷനിലേക്ക് മാറ്റുന്നു, വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ടേബിളില്‍ വോട്ടുകള്‍ നിരത്തുമ്പോഴേക്കും കെ.ജി.എന്‍.എ നേതാവ് സുബ്രമണ്യന്‍ യുഎന്‍എ വോട്ടുകള്‍ കളളവോട്ട് ആരോപണം ഉന്നയിക്കുന്നു. വോട്ടുകള്‍ തുറക്കും മുന്‍പ് കള്ളവോട്ട് ഉണ്ട് എന്ന് സുബ്രമണ്യന് എങ്ങിനെ മനസ്സിലായി? തുടര്‍ന്ന് വലിയ അക്രമണം ഉണ്ടാകുന്നു. വോട്ടെണ്ണല്‍ അനന്തമായി നീളുന്നു. റിട്ടേണിംഗ് ഓഫീസര്‍ സംശയമുള്ള ബാലറ്റുകള്‍ മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കുന്നു. യുഎന്‍എക്ക് പോള്‍ ചെയ്ത വോട്ടുകള്‍ കാണുമ്പോഴേ വ്യാജമെന്ന് പറഞ്ഞ് മാറ്റിവെക്കുന്നു. പുറത്ത് പരക്കെ അക്രമണങ്ങളും. വെള്ളിയാഴ്ച രാത്രി 11.30 ഓടെ റിട്ടേണിംഗ് ഓഫീസര്‍ വോട്ടെണ്ണല്‍ താല്‍ക്കാലികമായി അവസാനിപ്പിച്ച് ഒരു സുരക്ഷയമില്ലാതെ ബാലറ്റുകള്‍ ഓഫീസില്‍ വെച്ച് പൂട്ടി ശനിയാഴ്ച രാവിലയേ ഇനി വോട്ടെണ്ണല്‍ ഉള്ളൂ എന്ന് പ്രഖ്യാപിക്കുന്നു. പുറത്ത് വന്‍ അടി നടക്കുന്നു. പോലീസ് സകലരെയും ഗേറ്റിന് പുറത്താക്കുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ജനറല്‍ ആശുപത്രി വഴി സുഗമമായി കടക്കാനുള്ള മറ്റൊരു വഴിയുണ്ട് എന്നത് ഞങ്ങളറിഞ്ഞത് പിന്നീട്.

ശനിയാഴ്ചയും നാടകം തുടരുന്നു, രാവിലെ 1 KGNA ക്ക് അനുകൂലമായ വോട്ടുകളില്‍ പ്രത്രേക മഷിയുളള ബാലറ്റ് കണ്ടപ്പോള്‍ സംശയം രേഖപ്പെടുത്തുകയും ബഹളം വെക്കുകയും ചെയ്ത UNA, KGNU പ്രവര്‍ത്തകരോട് ചില കെട്ടുകള്‍ അങ്ങിനെയാണ് പ്രിന്റ് ചെയ്തതെന്ന റിട്ടേണിംഗ് ഓഫീസറുടെ വിചിത്രമായ മറുപടി.( എന്തായാലും ആ പ്രത്രേക കളറുള്ള കെട്ടുകളിലെ ബാലറ്റുകളില്‍ KGNA ക്ക് മാത്രം വോട്ട് ലഭിച്ചു എന്നത് 8 മത്തെ ലോക മഹാല്‍ഭുതമായി രേഖപ്പെടുത്തണം).

വെള്ളിയാഴ്ചത്തെ വോട്ടെണ്ണല്‍ ബുദ്ധിപരമായി ശനിയാഴ്ച രാത്രിയിലേക്ക് മാറ്റിയതും ബഹു.കോടതികളുടെ ഇടപെടല്‍ റിസള്‍ട്ട് പ്രഖ്യാപനത്തില്‍ ഉണ്ടാകില്ല എന്നത് ഉറപ്പാക്കാനായിരുന്നു.(ശനിയും, ഞായറും കോടതി അവധി ദിനങ്ങള്‍ ). വോട്ടെണ്ണിയ നിരവധി കൗണ്ടറില്‍ ഒരൊറ്റ വോട്ട് പോലും എതിരാളികള്‍ക്ക് കിട്ടിയില്ല.

വാട്ട് എ ബ്രില്ലന്റ് ഇലക്ഷന്‍ സ്ട്രാറ്റജി സര്‍ജി...

അപ്പോള്‍ ബാക്കി നാളെ കോടതിയില്‍ കാണാം